ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം അവസാനിപ്പിക്കാന്‍ നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ ഇത്തരം പ്രകോപനപരമായ നീക്കങ്ങള്‍ സമാധാന ശ്രമങ്ങളെ തകര്‍ക്കുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. നയതന്ത്രശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സമാധാന ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ഒഴിവാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇരു രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു.

'റഷ്യന്‍ പ്രസിഡന്റിന്റെ വസതി ലക്ഷ്യമിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ ഏറെ ആശങ്കയുണ്ട്,' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. 'നിലവിലുള്ള നയതന്ത്രപരമായ നീക്കങ്ങളാണ് ശത്രുത അവസാനിപ്പിച്ച് സമാധാനം നേടാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. ഈ ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ ദുര്‍ബലപ്പെടുത്താന്‍ സാധ്യതയുള്ള നടപടികള്‍ ഒഴിവാക്കാനും എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.'

സമാധാനത്തിനായുള്ള ഏക വഴി ചര്‍ച്ചകളും നയതന്ത്രവുമാണെന്ന് യുദ്ധം തുടങ്ങിയ 2022 ഫെബ്രുവരി മുതല്‍ ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ്. ഈ നിലപാടാണ് എക്‌സിലെ പോസ്റ്റില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

റഷ്യയുടെ ആരോപണവും യുക്രെയിന്റെ നിഷേധവും

ഡിസംബര്‍ 28, 29 തീയതികളില്‍ നോവ്ഗൊറോഡ് മേഖലയിലെ പുടിന്റെ ഔദ്യോഗിക വസതിയിലേക്ക് യുക്രെയ്ന്‍ 91 ദീര്‍ഘദൂര ഡ്രോണുകള്‍ അയച്ചതായി റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവാണ് വെളിപ്പെടുത്തിയത്. ഈ നടപടി 'ആ രാജ്യത്തിന്റെ ഭീകരവാദം' ആണെന്നും ഇത് അപകടകരമാണെന്നും ഇതിന് തക്ക മറുപടി ഉണ്ടാകുമെന്നും സമാധാന ചര്‍ച്ചകളിലെ നിലപാട് റഷ്യ പുനഃപരിശോധിക്കുമെന്നും ലവ്‌റോവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍, റഷ്യയുടെ ഈ ആരോപണങ്ങള്‍ യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി തള്ളി. റഷ്യ പച്ചക്കള്ളം പറയുകയാണെന്നും യുക്രെനെതിരായ പുതിയ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സമാധാന ചര്‍ച്ചകളെ തുരങ്കം വെക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.

അമര്‍ഷം രേഖപ്പെടുത്തി ഡൊണാള്‍ഡ് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈ സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തി. 'ഇതൊരു സങ്കീര്‍ണ്ണമായ സമയമാണ്, ഇത്തരം ആക്രമണങ്ങള്‍ നടത്തേണ്ട സമയമല്ലിത്,' എന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം, സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഒരു സമാധാന ഉടമ്പടിയിലേക്ക് ലോകം അടുക്കുകയാണെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പ്രതിസന്ധിയായി തുടരുന്ന വിഷയങ്ങള്‍

സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ചില പ്രധാന വിഷയങ്ങളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു:

യുദ്ധാനന്തരം 15 വര്‍ഷത്തേക്ക് യുക്രെയ്‌ന് അമേരിക്ക സുരക്ഷാ ഉറപ്പ് നല്‍കുമെന്ന് സൂചനയുണ്ട്. കിഴക്കന്‍ ഡോണെറ്റ്സ്‌ക് മേഖലയുടെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന നിലപാടില്‍ റഷ്യ ഉറച്ചുനില്‍ക്കുന്നു. സപ്പോര്‍ഷ്യ ആണവനിലയത്തിന്റെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കവും പരിഹരിക്കപ്പെടാതെ തുടരുന്നു.