- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നമ്മള്‍ ഒന്നിച്ചു മുന്നേറുന്നു'; നരേന്ദ്ര മോദിക്കൊപ്പം കാറില്‍ യാത്ര ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു; ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ മോദി അഭിസംബോധന ചെയ്ത ശേഷം കാര്‍യാത്ര; സന്ദര്‍ശനം വലിയ പ്രധാന്യത്തില്‍ നല്‍കി ഇസ്രായേല്‍ പത്രങ്ങള്‍; ടെല്‍ അവീവിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പരിപാടികള്‍ വീക്ഷിച്ചും മനംകവര്‍ന്ന് മോദി
'നമ്മള്‍ ഒന്നിച്ചു മുന്നേറുന്നു'; നരേന്ദ്ര മോദിക്കൊപ്പം കാറില്‍ യാത്ര ചെയ്ത് ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇസ്രായേലില്‍ ലഭിച്ചത് വന്‍ സ്വീകരണമാണ്. ചരിത്രപരമായ സന്ദര്‍ശനമാണ് മോദിയുടേത് എന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ടെല്‍ അവീവില്‍ മോദി വിമാനം ഇറങ്ങിയത് മുതല്‍ വന്‍ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്. മോദിക്കൊപ്പം കാറില്‍ യാത്ര ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകത്തിന് മുമ്പന്‍ വന്‍ സന്ദേശമാണ് നല്‍കിയതും.
ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റിനെ മോദി അഭിസംബോധന ചെയ്ത ശേഷമാണ് ഇരുനേതാക്കളും ഒരുമിച്ച് യാത്ര ചെയ്തത്. സാങ്കേതിക വിദ്യയിലെയും നൂതന സംരംഭങ്ങളിലെയും പുരോഗതികള്‍ വിലയിരുത്തുന്നതിനുള്ള പ്രദര്‍ശനത്തിലേക്കായിരുന്നു ഇരുവരുടെയും യാത്ര. മോദിക്കൊപ്പം കാറിലിരിക്കുന്ന ചിത്രം പങ്കുവെച്ച നെതന്യാഹു, 'നമ്മള്‍ ഒരുമിച്ചു മുന്നേറുന്നു' എന്ന് ഹിന്ദിയില്‍ കുറിച്ചു.
'നമ്മള്‍ ഒരുമിച്ച് മുന്നേറുന്നു - സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും ഇന്ത്യ-ഇസ്രായേല്‍ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നു'- നെതന്യാഹു കുറിച്ചു. നെസെറ്റിനെ അഭിസംബോധന ചെയ്ത മോദി, ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ബന്ധത്തെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. താല്‍മുദിലും പുരാതന ഗ്രന്ഥങ്ങളിലും ഇന്ത്യയുമായുള്ള വ്യാപാരത്തെക്കുറിച്ച് പരാമര്‍ശമുള്ള കാര്യവും മോദി ഓര്‍മിപ്പിച്ചു. നെസെറ്റിലെ അംഗങ്ങളുമായി മോദി ആശയവിനിമയം നടത്തി. ഇസ്രായേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ആണ് മോദി.
പരമോന്നത ബഹുമതിയായ 'സ്പീക്കര്‍ ഓഫ് ദി നെസെറ്റ് മെഡല്‍' നല്‍കി നെസെറ്റ് മോദിയെ ആദരിച്ചു. ഇന്ത്യ - ഇസ്രായേല്‍ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ മോദി നല്‍കിയ വ്യക്തിപരമായ നേതൃത്വത്തിനാണ് ആദരം. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തെ മോദി ശക്തമായി അപലപിച്ചതിനെ നെതന്യാഹു പ്രശംസിച്ചു. ആ പ്രയാസകരമായ ഘട്ടത്തില്‍ ഇന്ത്യ ഇസ്രായേലിനൊപ്പം ഉറച്ചുനിന്നതില്‍ നന്ദി അറിയിക്കുന്നതായും നെതന്യാഹു പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലില്‍ എത്തിയത്. ഒന്‍പത് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് മോദി ഇസ്രായേലില്‍ എത്തുന്നത്. ഏറ്റവും ഒടുവില്‍ 2017 ജൂലൈയിലായിരുന്നു മോദി ഇസ്രായേലില്‍ എത്തിയത്. ബുധനാഴ്ച ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിയ മോദിയെ നെതന്യാഹുവും ഭാര്യ സാറാ നെതന്യാഹുവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ആചാരപരമായ വരവേല്‍പ്പും നല്‍കി.
വരവേല്‍പ്പ് ചടങ്ങിനുശേഷം ഇരുപ്രധാനമന്ത്രിമാരും ഹ്രസ്വമായ കൂടിക്കാഴ്ച നടത്തി. ഹോട്ടലിലെത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളും ജൂത - ഇന്ത്യന്‍ പ്രവാസി പ്രതിനിധികളും ഉജ്വലവും ആവേശകരവുമായ സ്വീകരണം നല്‍കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സുദൃഢമായ സൗഹൃദത്തെ പ്രതിനിധാനം ചെയ്യുന്ന സാംസ്‌കാരിക പരിപാടികള്‍ ഇന്ത്യന്‍ - ഇസ്രയേലി കലാകാരന്മാര്‍ അവതരിപ്പിച്ചു.
മോദിയെ തന്റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനാണ്' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ലോകമെമ്പാടും പ്രശസ്തമായ 'മോദി ഹഗ്' തനിക്ക് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പാര്‍ലമെന്റില്‍ പറഞ്ഞു. മോദി ഇസ്രയേലിന്റെ വലിയൊരു സുഹൃത്തും ഇന്ത്യ-ഇസ്രയേല്‍ സഖ്യത്തിന്റെ വലിയൊരു പോരാളിയുമാണെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളുള്ള വലിയ ശക്തിയാണ് ഇന്ത്യ. ഇസ്രയേല്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും പ്രവൃത്തിയിലും വീര്യത്തിലും അത്രതന്നെ വലുതാണെന്നും ഈ രണ്ട് ശക്തികളുടെയും സഖ്യം ഇരുരാജ്യങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് പ്രധാനമന്ത്രി മോദിയുമായി മെഡിറ്ററേനിയന്‍ തീരത്ത് ചെലവഴിച്ച സമയം അദ്ദേഹം അനുസ്മരിച്ചു. അന്നുതൊട്ടിന്നുവരെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയായും സഹകരണം മൂന്നിരട്ടിയായും വര്‍ദ്ധിപ്പിച്ചുകൊണ്ട് തങ്ങള്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു എന്ന് അദ്ദേഹം അവകാശപ്പെട്ടു. മോദി എന്നും സത്യത്തിനുവേണ്ടിയും ഇസ്രയേലിനൊപ്പവും നിന്നിട്ടുണ്ടെന്ന് അദ്ദേഹം നന്ദിപൂര്‍വ്വം സ്മരിച്ചു. ലോകമെമ്പാടും യഹൂദ വിരുദ്ധത വര്‍ദ്ധിക്കുമ്പോഴും, ജൂതസമൂഹം ഒരിക്കലും പീഡിപ്പിക്കപ്പെടാത്ത, അവരെ എപ്പോഴും സ്വാഗതം ചെയ്ത ഒരു നാഗരികതയാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ഇന്ത്യയോട് നെതന്യാഹു നന്ദി അറിയിച്ചു. ഇന്ത്യയും ഇസ്രയേലും ഇപ്പോള്‍ തങ്ങളുടെ കരുത്തിന്റെ കൊടുമുടിയിലാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇസ്രയേലിലെ പ്രതിപക്ഷ എംപിമാര്‍ സഭ ബഹിഷ്‌കരിച്ചിരുന്നു. സുപ്രീം കോടതി പ്രസിഡന്റിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. എന്നാല്‍ ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ അവര്‍ പിന്നീട് തിരിച്ചെത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെല്‍ അവീവിലെ ബെന്‍ ഗുറിയാന്‍ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മര്യാദകള്‍ മാറ്റിവെച്ച് ബെഞ്ചമിന്‍ നെതന്യാഹു നേരിട്ടെത്തി. ടെല്‍ അവീവിലെ ഹോട്ടലില്‍ വെച്ച് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസി സമൂഹവുമായി സംവദിക്കുകയും വിവിധ സാംസ്‌കാരിക പരിപാടികള്‍ വീക്ഷിക്കുകയും ചെയ്തു.


