ജറുസലേം: ഹമാസിനെ നിരായുധീകരിക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ഹമാസിനെ പൂര്‍ണ്ണമായി നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ ഇസ്രായേല്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും, ഇതിന് രണ്ട് വഴികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്ന് എളുപ്പവഴി, മറ്റൊന്ന് കഠിനവഴി. ഏത് വഴി സ്വീകരിക്കണമെന്നത് ഹമാസിന്റെ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കും.

ഇസ്രായേല്‍ സൈന്യം ഇതിനോടകം തന്നെ ഗസ്സയില്‍ ഹമാസിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഹമാസിന്റെ പ്രതിരോധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതില്‍ സൈന്യം വിജയം കണ്ടു കഴിഞ്ഞു. ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

'ഹമാസിനെ നിരായുധീകരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സമയം കളയാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,' നെതന്യാഹു പറഞ്ഞു. 'ഇതിനൊരു എളുപ്പവഴിയുണ്ട്, മറ്റൊരു കഠിനവഴിയുമുണ്ട്. എങ്കിലും, ഞങ്ങളുടെ ലക്ഷ്യം ഒന്നുതന്നെയാണ് - ഇസ്രായേലിനെ സുരക്ഷിതമാക്കുക'. ഗാസയെ സൈനികമുക്തമാക്കുമെന്നും പ്രതിവാര മന്ത്രിസഭായോഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധാനന്തര പുനര്‍നിര്‍മ്മാണത്തിനും സാമ്പത്തിക വീണ്ടെടുപ്പിനുമായി ഗസ്സയില്‍ ഒരു സമാധാന ബോര്‍ഡ് സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിക്കുന്ന ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിന് മുന്നോടിയായാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന. 'ട്രംപിന്റെ 20 ഇന പദ്ധതിയിലായാലും മറ്റു വഴികളിലായാലും, ഈ പ്രദേശം സൈനികമുക്തമാക്കും, ഹമാസിനെ നിരായുധരാക്കും. ഇതാണ് ഞാന്‍ പറഞ്ഞത്, ഇതാണ് പ്രസിഡന്റ് ട്രംപും പറഞ്ഞത്,' നെതന്യാഹു വ്യക്തമാക്കി.

വെടിനിര്‍ത്തലിനായുള്ള ട്രംപിന്റെ 20 ഘട്ട പദ്ധതി ഗസ്സയെ സൈനികമുക്തമാക്കാനും ഹമാസിനെ നിരായുധരാക്കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ ഹമാസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറ് എവിടെയും ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനോടുള്ള ഇസ്രായേലിന്റെ എതിര്‍പ്പില്‍ മാറ്റമില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയതിനോട് ശക്തമായി പ്രതികരിച്ചില്ലെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച് ഉള്‍പ്പെടെയുള്ള സഖ്യകക്ഷി അംഗങ്ങളില്‍ നിന്ന് നെതന്യാഹുവിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇതിന് മറുപടിയായാണ് പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലുള്ള എതിര്‍പ്പിനെക്കുറിച്ച് അദ്ദേഹം മന്ത്രിസഭായോഗത്തില്‍ വീണ്ടും വ്യക്തമാക്കിയത്. മറ്റ് മന്ത്രിമാരും സമാനമായ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചു. നിലവില്‍, യുഎസ് പിന്തുണയുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍, ഹമാസ് തടവിലാക്കിയ 20 ജീവനുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങള്‍ കൈമാറുകയും ചെയ്തു. ഇതിന് പകരമായി, ഇസ്രായേല്‍ ഏകദേശം 2,000 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.