- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും; സൈനിക മേധാവികള്‍ക്ക് ശക്തമായ നിര്‍ദേശം നല്കി; മുന്നറിയിപ്പുമായി നെതന്യാഹു; ഗോലാനില്‍ അടക്കം തന്ത്രപ്രധാനമായ മേഖലകളില്‍ സൈനിക പരിശോധന; ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രത്തിന് നേരെ വ്യോമാക്രമണവും
ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഇരട്ടിപ്രഹരം നേരിടേണ്ടി വരും
ടെല്‍ അവീവ്: ഹിസ്ബുള്ള ഭീകരര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ സെനിക മേധാവികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ തീവ്രവാദസംഘടനകള്‍ക്ക് നേരേ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരട്ടി ശക്തിയായിട്ടായിരിക്കും ആഞ്ഞടിക്കുക എന്നും നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രഖ്യാപനം പുറത്ത് വന്നതോടെ ഹൈഫ മേഖലയില്‍ ഇസ്രയേല്‍ സൈന്യം നിയന്ത്രണങ്ങള്‍ നീക്കി. നേരത്തേ ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ ഒന്നും നീക്കം ചെയ്തിട്ടില്ല. മേഖലയിലെ സ്‌ക്കൂളുകളും അടച്ചിട്ടിരിക്കുകയാണ്.
ഗോലാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ മേഖലകളില്‍ സൈന്യം പരിശോധന തുടരുകയാണ്. പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ മാത്രമേ ഇവിടെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയുള്ളൂ. അതിനിടെ ഇന്നലെ ലബനനിലെ വിവിധ സ്ഥലങ്ങളില്‍ ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം നടത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്് ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് സൈന്യം ആക്രമണം നടത്തിയത്.
കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തുന്നത്. ഇസ്രയേല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലൈവി കഴിഞ്ഞ ദിവസം കൃത്യമായി തന്നെ ഇസ്രയേലിന്റെ നയം വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമിക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെങ്കില്‍ തിരിച്ചടി തീ കൊണ്ടായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. വടക്കന്‍ അതിര്‍ത്തിയില്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വീട് വിട്ടു പോയവരെ സുരക്ഷിതമായി തിരികെ എത്തിക്കാനാണ് ഇസ്രയേല്‍ മുന്‍ഗണന നല്‍കുന്നതെന്നും ഹലൈവി വെളിപ്പെടുത്തിയിരുന്നു.
ഹിസബുള്ളയുടെ നേതൃനിരയെ തന്നെ മുഴുവനായി ഇല്ലാതാക്കുകയും അവരുടെ ആയുധശേഷി പൂര്‍ണമായി നശിപ്പിക്കുകയും ചെയ്തതിന് ശേഷമുളള ശക്തമായ ചുവടുവെയ്പ്പാണ് ഇപ്പോള്‍ ഇസ്രയേല്‍ സൈന്യം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തല്‍ കരാറിലെ നിര്‍ദ്ദേശങ്ങള്‍ ആദ്യ ദിനം മുതല്‍ തന്നെ ഇസ്രയേല്‍ നടപ്പിലാക്കിയതായും ഹലൈവി അവകാശപ്പെട്ടു. ഇന്നലെ വൈകുന്നേരം തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉപദേഷ്ടാക്കളുമായി ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ സഹായിക്കാന്‍ ഇപ്പോള്‍ ഇറാനോ ഹിസ്ബുള്ളയോ ഇല്ല എന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
തെക്കന്‍ ലബനാനിലാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ആക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് കേന്ദ്രം എന്നാരോപിച്ചാണ് യുദ്ധവിമാനം ഉപയോഗിച്ച് ആക്രമണം നടത്തിയത്. 14 മാസം നീണ്ട അതിക്രമങ്ങള്‍ക്ക് താല്‍ക്കാലിക അറുതികുറിച്ച് പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ച നാലോടെയാണ് ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. 60 ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍. ഇതോടെ, തെക്കന്‍ ലബനാനില്‍ കുടുംബങ്ങള്‍ സ്വന്തം വീടുകളിലേക്ക് മടക്കം ആരംഭിച്ചു. ഇസ്രായേല്‍ സൈനിക പിന്മാറ്റവും തുടങ്ങി.
ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിര്‍ത്തല്‍. ലബനാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിര്‍ത്തിയില്‍ 5000 ലബനാന്‍ സൈനികരെ വിന്യസിക്കണം.
ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേല്‍, ഫ്രാന്‍സ്, യു.എസ് എന്നിവ സംയുക്തമായി ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. 'ശത്രുത ശാശ്വതമായി അവസാനിപ്പിക്കുന്നതിനൊപ്പം ഇസ്രായേലിനെ ഹിസ്ബുല്ലയുടെയും മറ്റ് തീവ്രവാദ സംഘടനകളുടെയും ഭീഷണിയില്‍നിന്ന് മോചിപ്പിക്കാനുമാണ് വെടിനിര്‍ത്തലെ'ന്ന് യു.എസും ഫ്രാന്‍സും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, ബുധനാഴ്ച പുലര്‍ച്ച പ്രാബല്യത്തില്‍ വരുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കുടിയൊഴിപ്പിക്കല്‍ ഉത്തരവിറക്കിയും ഒരു മണിക്കൂര്‍ മുമ്പും വ്യോമാക്രമണം തുടര്‍ന്നും ലബനാനില്‍ ഭീതി വിതച്ചായിരുന്നു ഇസ്രായേല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍. അതിര്‍ത്തിയിലെ ഹിസ്ബുല്ല പോരാളികള്‍ പിന്മാറുന്നതിനൊപ്പം സംഘടനയുടെ എല്ലാ സൈനിക സംവിധാനങ്ങളും തകര്‍ത്ത് പകരം ലബനാന്‍ സൈന്യത്തിലാക്കാനും വ്യവസ്ഥയുണ്ട്. ഇതിന് യു.എസും ഫ്രാന്‍സും മേല്‍നോട്ടം വഹിക്കും.