ടെഹ്‌റാന്‍: ഇസ്രയേലിനെ തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഹിസ്ബുല്ല തലവന്‍ നസ്‌റല്ലയുടെ കൊലയ്ക്ക് പ്രതികാരം ചോദിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. തെക്കന്‍ ലബനനിലെ ബെയ്‌റൂട്ടില്‍ നടത്തിയ ബോംബാക്രമണത്തില്‍ ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ലയെ ഇസ്രയേല്‍ വധിച്ചതിനു പിന്നാലെ, സുരക്ഷ പരിഗണിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

ഇസ്രയേല്‍ വിരുദ്ധ പക്ഷത്തുള്ള ഗാസയിലെ ഹമാസ്, ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ എന്നീ 3 സായുധസംഘടനകള്‍ക്കും ഇറാന്റെ പിന്തുണയുണ്ട്. ഇറാനും ഹിസ്ബുല്ലയ്ക്കും കനത്ത തിരിച്ചടിയേകിയാണ് നസ്‌റല്ലയെ ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെ ഇറാന്‍ വെല്ലുവിളിക്കുന്നത്. 'പ്രതികാരം ചെയ്യാതെ പോകില്ല' എന്ന് ഇറാന്റെ പരമോന്നത നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനെ ഹിസ്ബുല്ലയും ചെറുത്തു നില്‍ക്കുമെന്നാണ് ഇറാന്റെ അവകാശ വാദം. അതിനിടെ ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. നേതാവ് മരിച്ചിട്ടും ഹിസ്ബുല്ലയും ചെറുത്തു നില്‍പ്പിലാണ്. ഇസ്രയേലിനോട് പകരം ചോദിക്കുമെന്നാണ് അവരുടേയും അവകാശവാദം

നസ്‌റല്ല ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒരു വഴിയും ചിന്താധാരയുമായിരുന്നു, പാത തുടരും. രക്തസാക്ഷിയുടെ രക്തം പ്രതികാരം ചെയ്യാതെ പോകില്ല-ഇതാണ് ഖമേനിയുടെ പ്രഖ്യാപനം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്തനിന്റെ സൂചനയാണ് ഇതെല്ലാം. ഹിസ്ബുല്ല നേതൃനിരയില്‍ ഇസ്രയേല്‍ വധിക്കുന്ന ഏറ്റവും ഉയര്‍ന്ന നേതാവാണ് ഹസന്‍ നസ്‌റല്ല. ഹിസ്ബുല്ല മേധാവിയുടെ മകള്‍ സൈനബ് നസ്‌റല്ലയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. 3 ദശകത്തിലേറെയായി ഇസ്രയേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന ഹിസ്ബുല്ലയ്ക്കും പിന്തുണയ്ക്കുന്ന ഇറാനും കനത്ത ആഘാതമാണ് നസ്‌റല്ലയുടെ കൊലപാതകം.

ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇറാന്‍ തിടുക്കത്തില്‍ ഖൊമേനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ലബനാനുമായും മറ്റ് പ്രാദേശിക സായുധ ഗ്രൂപ്പുകളുമായും ഇറാന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. നസ്റുല്ലയുടെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന് ഖൊമേനി പറഞ്ഞു. ഹസന്‍ നസ്റുല്ല ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒരു പാതയും ചിന്താധാരയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, നസ്റുല്ലയുടെ കൊലപാതകത്തില്‍ ഇസ്രയേലിനെ വിമര്‍ശിച്ച് റഷ്യയും രംഗത്തെത്തി. ഇറാനുമായി റഷ്യക്ക് പ്രതിരോധ സഹകരണമുണ്ട്. ലബനനോടുള്ള ശത്രുത ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. നസ്റുല്ലയുടെ കൊലപാതകം ലബനാനിനപ്പുറം മധ്യപൗരസ്ത്യ മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ 7നു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്നാണു ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ഗാസയ്ക്കു പിന്തുണയുമായി ഹിസ്ബുല്ല രംഗത്തെത്തിയതോടെ സംഘര്‍ഷം ലബനനിലേക്കും വ്യാപിക്കുകയായിരുന്നു. 32 വര്‍ഷമായി ഹിസ്ബുല്ലയുടെ മേധാവിയായിരുന്നു ഹസന്‍ നസ്‌റല്ല. 18 വര്‍ഷം നീണ്ട അധിനിവേശം അവസാനിപ്പിച്ച് 2000 ല്‍ ഇസ്രയേല്‍ സൈന്യത്തെ ലബനനില്‍നിന്നു തുരത്തിയ ഹിസ്ബുല്ലയുടെ ചെറുത്തുനില്‍പ് നസ്‌റല്ലയുടെ നേതൃത്വത്തിലായിരുന്നു.

2006 ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെ നസ്‌റല്ല മേഖലയിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി ഉയര്‍ന്നു. സുരക്ഷാകാരണങ്ങളാല്‍ പൊതുസ്ഥലങ്ങളില്‍ എത്താറില്ല. ഈ മാസം 19ന് ആണ് അവസാന ടിവി പ്രസംഗം നടത്തിയത്. അത്തരമൊരു നേതാവിനെയാണ് ഇറാന്‍ വകവരുത്തിയത്.