- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് നീതിയുടെ വിജയം; നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ച് ജോ ബൈഡന്‍; പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക; മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്‍കി ഇറാനും
ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും
ന്യുയോര്‍ക്ക്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്റുല്ല കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ഹിസ്ബുള്ള അംഗീകരിക്കുമ്പോള്‍ പ്രതികരണവുമായി അമേരിക്കയും. ഇത് നീതിയുടെ വിജയമാണെന്നാണ് പ്രതികരണം. നസ്റുല്ലയുടെ കൊലപാതകത്തില്‍ ആശ്വാസം അറിയിച്ചു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്ത് വന്നു. പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നും അമേരിക്ക അറിയിച്ചു. മാനവരാശി കണ്ട ഏറ്റവും വലിയ ഹീനകൃത്യത്തിന് അമേരിക്കയും മറുപടി പറയേണ്ടി വരുമെന്ന് മുന്നറിപ്പ് നല്‍കി ഇറാനും യുദ്ധ സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിച്ചു. പശ്ചിമേഷ്യ എല്ലാ അര്‍ത്ഥത്തിലും പൊട്ടിത്തെറിയുടെ വക്കിലാണ്.
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ബയ്റുത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചു. ലെബനനിലെയും ഇസ്രയേലിലെയും ജനതയ്ക്ക് ഒരു സമ്പൂര്‍ണ്ണ യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും ഈ അക്രമ ചക്രം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം എക്‌സിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ കാര്യങ്ങള്‍ നീങ്ങുന്നത് സംഘര്‍ഷ സാഹചര്യത്തിലേക്കാണ്. അമേരിക്കയുടെ പ്രതികരണവും നല്‍കുന്നത് ആ സൂചനകളിലാണ്. ഇറാന്‍ അഞ്ചു ദിവസത്തെ ദുഖാചരണത്തിലാണ്. അതിന് ശേഷം തിരിച്ചടിക്കുമെന്നാണ് പ്രഖ്യാപനം. ഹിസ്ബുല്ലയും കരുത്തുകാട്ടാന്‍ എന്തും ചെയ്യാന്‍ ഒരുങ്ങുകയാണ്.
തങ്ങളുടെ സെക്രട്ടറി ജനറല്‍ നസ്റുല്ല തന്റെ സഹരക്തസാക്ഷികളോടൊപ്പം ചേര്‍ന്നുവെന്നും ഹിസ്ബുള്ള പലസ്തീനെ പിന്തുണച്ചുകൊണ്ട് ശത്രുവിനെതിരേ വിശുദ്ധയുദ്ധം തുടരുമെന്നും ഹിസ്ബുള്ള പ്രസ്താവനയിലറിയിച്ചിട്ടുണ്ട്. ലോകത്തെ ഭീതിപ്പെടുത്താന്‍ നസ്റുല്ല ഇനിയില്ലെന്ന ആമുഖത്തോടെ ഇസ്രയേല്‍ സൈന്യമാണ് നസ്റുല്ലയുടെ മരണവാര്‍ത്ത ആദ്യം അറിയിച്ചത്. തെക്കന്‍ ബയ്‌റുത്തിലെ ദഹിയയിലുള്ള ഹിസ്ബുള്ള ആസ്ഥാനത്തിനുനേരേ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് നസ്റുല്ല കൊല്ലപ്പെട്ടത്.
ഹിസ്ബുള്ളയുടെ തെക്കന്‍മേഖലാ കമാന്‍ഡറായ അലി കരകെയും മറ്റു കമാന്‍ഡര്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും സൈന്യം അറിയിച്ചു. ഇറാന്റെ അര്‍ധസൈനികവിഭാഗമായ റെവലൂഷണറി ഗാര്‍ഡിന്റെ പ്രമുഖനായ ജനറല്‍ അബ്ബാസ് നില്‍ഫോരുഷനും കൊല്ലപ്പെട്ടു. നസ്റുല്ലയുടെ കൊലപാതകത്തെത്തുടര്‍ന്ന് ലെബനന്‍ ഇസ്രായേല്‍ പ്രദേശത്തിന് നേരെ ആക്രമണം ആരംഭിച്ചു. ലെബനനില്‍ നിന്ന് ഇസ്രായേല്‍ പ്രദേശത്തേക്ക് ആക്രമണം ആരംഭിച്ചതായും ജറുസലേമിലെ പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയതായും ഇസ്രായേല്‍ പ്രതിരോധ സേന(ഐഡിഎഫ്) എക്‌സിലൂടെ അറിയിച്ചു.
ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ അമേരിക്ക നേരത്തെ നടത്തിയ ശ്രമങ്ങള്‍ വിഫലമായിരുന്നു. വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന അമേരിക്കയുടെ നിര്‍ദ്ദേശം ഇസ്രായേല്‍ തള്ളുകയായിരുന്നു. ഹിസ്ബുല്ലയ്ക്ക് നേരെ നടക്കുന്ന സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയതിന് ശേഷം ആക്രമണം കൂടുതല്‍ ശക്തമാവുകയും ചെയ്തു. 21 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന നിര്‍ദ്ദേശം അമേരിക്ക മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് ബെഞ്ചമിന്‍ നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയും ഫ്രാന്‍സും സംയുക്തമായാണ് ഇസ്രായേലിന് മുന്നില്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം വെച്ചത്. എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുല്ലയ്ക്ക് എതിരെ ആഞ്ഞടിക്കണമെന്ന് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. ഈ പോരാട്ടത്തിനൊടുവിലാണ് ഹിസ്ബുല്ല തലവനെ വകവരുത്തിയത്. അടുത്തിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 500-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അമേരിക്കയും യൂറോപ്യന്‍ യൂണിയനും നിരവധി അറബ് രാജ്യങ്ങളും സംയുക്തമായാണ് ലെബനന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ 21 ദിവസത്തെ വെടിനിര്‍ത്തല്‍ എന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുകയാണ്. അടുത്തിടെ ഹിസ്ബുല്ലയുടെ ആശയവിനിമയോപാധികളായ പേജറുകളും വോക്കി-ടോക്കികളും പൊട്ടിത്തെറിച്ച് 40ഓളം പേര്‍ കൊല്ലപ്പെടുകയും 3000-ത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നില്‍ ഇസ്രായേലാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇസ്രായേലിനെതിരെ ഹിസ്ബുല്ല റോക്കറ്റാക്രമണം നടത്തി. ഇതിന് മറുപടിയെന്നോണം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനിലും മറ്റുമായി നിരവധിയാളുകള്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നു.