ബെയ്‌റൂട്ട്: ലബനനില്‍ കരയുദ്ധം ഇസ്രയേല്‍ ആരംഭിച്ചതും സ്വതസിദ്ധമായ ചടുലതയോടെ തന്നെ. ലബനനില്‍ അധിനിവേശം നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനം എടുത്തത് രാത്രി ഏഴരയ്ക്കാണ്. ഒന്നരമ മണിക്കൂറിനകം അതായത് ഒമ്പത് മണിക്ക് തന്നെ ഇസ്രയേല്‍ സൈന്യം അതിര്‍ത്തി കടന്നു. കൃത്യം 8.39 ന് തന്നെ സൈനിക നേതൃത്വം അവസാന വട്ടം ഒരുക്കങ്ങളെല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തി.

തെക്കന്‍ ലബനനിലെ പല മേഖലകളിലും ഇസ്രയേല്‍ സൈന്യം ടാങ്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇസ്രയേലില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് മണിക്കൂറോളം ഷെല്ലാക്രമണം ഉണ്ടായതായി ലബനന്‍ അനുകൂല മാധ്യമങ്ങള്‍ ആരോപിച്ചു. ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ലബനനില്‍ വന്‍ തോതിലുള്ള ആക്രമണമാണ് നടത്തിയത് എന്നാണ് ഹിസ്ബുള്ള സമൂഹ മാധ്യമമായ ടെലഗ്രാമിലൂടെ കുറ്റപ്പെടുത്തിയത്. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തിന്റെ സൂചന ലഭിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ തങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ലബനന്‍ സൈന്യത്തെ പിന്‍വലിച്ചിരുന്നു.

ലബനീസ് സൈനികര്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്തേക്ക് പിന്‍മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏത് തരത്തിലുള്ള ആക്രമണമാണ് ലബനനില്‍ നടത്തേണ്ടത് എന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗം കൃത്യമായ തീരുമാനം എടുത്തിരുന്നു എന്നാണ് സൂചന. വടക്കന്‍ അതിര്‍ത്തിയില്‍ തങ്ങള്‍ക്ക് നേരേ നിരന്തരമായി ആക്രമണം നടത്തുന്ന ഹിസ്ബുള്ളയുടെ സൈനിക വിഭാഗമായ റഡ്്വാന്‍ ഫോഴ്സിന്റെ അടിത്തറ തകര്‍ക്കുക എന്നതിനാണ് ഇസ്രയേല്‍ സൈന്യം പ്രാധാന്യം കൊടുത്തത്.

ഹസന്‍ നസറുള്ള കൊല്ലപ്പെട്ടതിന് ശേഷവും ഹിസ്ബുള്ള തീവ്രവാദികള്‍ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നു എങ്കിലും ഒരാള്‍ പോലും കൊല്ലപ്പെട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ലബനനിലേക്ക് കരയുദ്ധം നടത്താന്‍ തയ്യാറെടുക്കാന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഹിസ്ബുള്ളയെ സംബന്ധിച്ച് ഇപ്പോള്‍ അവര്‍ക്ക് ഒരു നേതൃത്വം പോലും ഇല്ലാത്ത അവസ്ഥയിലാണ്. ഇസ്രയേല്‍ ലബനന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പോലും ഹിസ്ബുള്ള നേതൃത്തില്‍ ഇപ്പോള്‍ ആരുമില്ല എന്നത് ശ്രദ്ധേയമാണ്.

ഹസന്‍ നസറുള്ളക്ക് പകരം പിന്‍ഗാമിയെ കണ്ടെത്താന്‍ പോലും കഴിയാത്ത രീതിയില്‍ ദുര്‍ബലമാണ് ഹിസ്ബുള്ളയും ഇറാനും. ബെയ്‌റൂട്ടിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇപ്പോള്‍ ശക്തമായ ആക്രമണമാണ് നടക്കുന്നത്. ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എങ്കിലും, ഇസ്രയേല്‍ സൈനികരും ഹിസ്ബുല്ല തീവ്രവാദികളും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രയേല്‍ സൈന്യത്തിന്റയും അവരുടെ ചാരസംഘടനയായ മൊസാദിന്റെയും ശക്തി നന്നായി അറിയാവുന്ന ലബനന്‍ സൈനികര്‍ പിന്‍വലിയുക ആയിരുന്നു എന്നാണ് സൂചന.

ഹിസ്ബുളള തീവ്രവാദികള്‍ ആകട്ടെ അവരുടെ പ്രധാന നേതാക്കന്‍മാര്‍ എല്ലാം കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇനിയൊരു ഏറ്റുമുട്ടല്‍ കൂടി നടത്താനുള്ള സ്ഥിതിയിലും അല്ല. ലെബനനില്‍ കരയുദ്ധത്തിനു തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രസ്താവന പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയത്. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേല്‍ കരുതല്‍ സേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതല്‍ സൈനികരെയും കവചിതവാഹനങ്ങളും ലെബനന്‍ അതിര്‍ത്തിയിലെത്തിക്കുകയും ചെയ്തിരുന്നു.

രണ്ടാഴ്ചത്തെ ആക്രമണങ്ങളില്‍ രാജ്യത്ത് ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡര്‍മാരെയെല്ലാം ഇസ്രയേല്‍ വധിച്ചു.10 ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഒരാഴ്ചകൊണ്ട് ലെബനനില്‍നിന്ന് സിറിയയിലേക്ക് ഒരു ലക്ഷം പേര്‍ പലായനം ചെയ്തു എന്നാണ് ഐക്യരാഷ്ട്രസഭ അറിയിച്ചിരിക്കുന്നത്.