ജെറുസലേം: ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ അഗ്നിമഴ പെയ്യിച്ച് ഇസ്രായേല്‍. ഇസ്രയേലില്‍ ഹമാസ് ഭീകരര്‍ കടന്ന് കയറി ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ ഒന്നാം വാര്‍ഷികം കൂടിയാണ് ഇന്ന് എന്നത് കൊണ്ട് തന്നെയായിരിക്കും ഹമാസിനേയും ഹിസ്ബുള്ളയേയും പിന്തുണയ്ക്കുന്ന ലബനന് നേര്‍ക്ക് ഇസ്രയേല്‍ ശക്തമായ തോതില്‍ ആക്രമണം നടത്തിയത്. കിലോമീറ്റര്‍ അകലെ നിന്ന് പോലും ബെയ്റൂട്ടില്‍ വലിയ അഗ്‌നിഗോളങ്ങള്‍ പാഞ്ഞെത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണാമായിരുന്നു.

വലിയ തോതില്‍ സ്ഫോടന ശബ്ദവും കേള്‍ക്കാമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കഴിഞ്ഞ മാസം ലബനന് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിന് ശേഷം നടക്കുന്ന ഏറ്റവും രൂക്ഷമായ വ്യോമാക്രമണമാണ് ഇന്നലെ ഉണ്ടായത്. അതീവ പ്രഹരശേഷിയുള്ള 30 ഓളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. എന്നാല്‍ ഇന്നലെ ലബനനില്‍ നിന്ന് 130 ഓളം റോക്കറ്റുകളാണ് തങ്ങളുടെ അതിര്‍ത്തിയിലേക്ക് വന്നത് എ്ന്നാണ് ഇസ്രയേല്‍ തിരിച്ചടിക്കുന്നത്. ഇസ്രയേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫക്ക് നേരേയും ഹിസ്ബുള്ള റോക്കറ്റാക്രമണം നടത്തി. രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖ നഗരം കൂടിയാണ് ഹൈഫ. നിരവധി പേര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ അതിര്‍ത്തി കടന്നെത്തിയ റോക്കറ്റുകളില്‍ അഞ്ചെണ്ണം ലബനനില്‍ നിന്ന് തന്നെയാണ് കടന്ന് വന്നതെന്ന് വ്യക്തമായ തെളിവുണ്ടെന്നാണ് ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. പരിക്കേറ്റ പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ ഒരു സൈനിക ക്യാമ്പ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് ഹിസ്ബുള്ള തീവ്രവാദികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ തലവന്‍ ഹസന്‍ നസറുള്ളയെ വധിച്ചതിന് പ്രതികാരമായിട്ടാണ് തങ്ങള്‍ ഹൈഫക്ക് നേരേ ആക്രമണം നടത്തിയത് എന്നാണ് ഹിസ്ബുളള ഭീകരര്‍ അറിയിച്ചത്. അതേ സമയം ഹിസ്ബുള്ള താവളങ്ങളെ ലക്ഷ്യമിട്ട് തന്നെയാണ് ആക്രമണം നടത്തിയത് എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നലെ ഇസ്രയേല്‍ ലബനനില്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് കു്ട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു എന്ന് ലബനന്‍ ആരോപിച്ചു. ഇസ്രയേല്‍ സൈന്യം കഴിഞ്ഞ രാത്രി മുഴുവന്‍ ബെയ്റൂട്ടില്‍ നടത്തിയ ആക്രമണത്തില്‍ ജനങ്ങള്‍ ആകെ പരിഭ്രാന്തരാണ്. തെക്കന്‍ ബെയ്റൂട്ടിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈന്യം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മേഖലയിലെ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ താവളങ്ങളും ആയുധപ്പുരകളും നിരീക്ഷണ കേന്ദ്രങ്ങളും എല്ലാം തകര്‍ത്തിരുന്നു. വടക്കന്‍ അതിര്‍ത്തിയിലെ മൂന്ന് പ്രദേശങ്ങളേയും സൈനിക മേഖലകളായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. അതേ സമയം ഇസ്രയേല്‍ സൈന്യം വടക്കന്‍ ഗാസയിലും ആക്രമണം ശക്തമാക്കി.

കനത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഇന്നലെ നടത്തിയ ബോംബാക്രമണത്തില്‍ 26 പേര്‍സ കൊല്ലപ്പെടുകയും 93 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.