- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയേറ്റക്കാരെ കൊണ്ട് പൊറുതിമുട്ടി യു കെയിലെ ഒരു നഗരം; കഴിഞ്ഞ വര്‍ഷം മാത്രം കവന്‍ട്രിയില്‍ എത്തിയത് 22,000 വിദേശികള്‍; മിക്ക സ്ഥലങ്ങളുടെയും അവസ്ഥ ഇങ്ങനെ തന്നെ; അതൃപ്തിയോടെ തദ്ദേശീയര്‍
ലണ്ടന്‍: കവന്‍ട്രിയിലെ ഒരു ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിന് മുന്നില്‍ വീല്‍ചെയറില്‍ കാത്തിരിക്കുകയാണ് കോളിന്‍ എന്ന 39 കാരനായ കരള്‍ രോഗി. ആറു മണിക്കൂര്‍ കാത്തിരുന്നിട്ട് തിരികെ പോയ അയാള്‍ പിറ്റേന്ന് വന്നപ്പോള്‍ അധികൃതര്‍ പറയുന്നത് 13 മണിക്കൂര്‍ കൂടി കാത്തിരിക്കേണ്ടി വരും എന്നാണ്. ആശുപത്രിയിലെ വന്‍ തിരക്ക് തന്നെയാണ് കാരണം. എന്‍ എച്ച് എസ് ജീവനക്കാര്‍ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചാലും അവസാനിക്കാത്ത ക്യൂവാണ് ഉള്ളത്. എന്‍ എച്ച് എസ്സിന് കൂടുതല്‍ ഫണ്ട് അനുവദിക്കുകയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ചെയ്താല്‍ മാത്രമെ ഈ പ്രശ്നത്തിന് ഒരു അറുതി വരികയുള്ളു എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
എന്നാല്‍, ഇത്തരമൊരു അവസ്ഥ സംജാതമാകാന്‍ പ്രധാന കാരണം ബ്രിട്ടനിലെ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ് തന്നെയാണ്. 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ജനസംഖ്യയിലുണ്ടായത് 1 ശതമാനത്തിന്റെ വളര്‍ച്ചയാണ്, കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക്. കഴിഞ്ഞയാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കാണിത്. ജനസംഖ്യയിലെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
മുന്‍പ് സൂചിപ്പിച്ച കാലയളവില്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ദ്ധനയുണ്ടായ നഗരങ്ങളില്‍ ഒന്നാണ് കവന്‍ട്രി. വന്‍ നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബിര്‍മ്മിംഗ്ഹാം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഇവിടെയാണ്. വിദേശത്തു നിന്നു മാത്രം 22,366 ആളുകളണ് ഇക്കാലയളവില്‍ ഇവിടെ എത്തിച്ചേര്‍ന്നത്. എന്നാല്‍ നഗരം വിട്ടുപോയവരുടെ എണ്ണം 7,828 മാത്രവും. അതായത്, നോര്‍ത്ത് യോര്‍ക്ക്ഷയറിലെ റിപ്പണ്‍ നഗരത്തിന്റെ വലിപ്പം മാത്രമുള്ള കവന്‍ട്രിയില്‍ ഒരു വര്‍ഷത്തില്‍ ഉണ്ടായ ജനസംഖ്യാ വര്‍ദ്ധനവ് 14,538 ആണെന്ന് ചുരുക്കം.
ഈ കണക്കുകളിലേക്ക് കൂടുതല്‍ ആഴത്തില്‍ പോയാല്‍ കാണാവുന്നത് കവന്‍ട്രിയിലെ ജനങ്ങളില്‍ നാലില്‍ ഒരാള്‍ വീതം ബ്രിട്ടന് പുറത്ത് ജീവിച്ചവരാണ് എന്നാണ്. ഏഴില്‍ ഒരാള്‍ വീതം ഇവിടെ എത്തിയത് 2011 ന് ശേഷവും. ഏകദേശം 3.5 ലക്ഷം ജനങ്ങള്‍ ജീവിക്കുന്ന കവന്‍ട്രിയിലെ വര്‍ദ്ധിച്ച നിരക്കിലുള്ള കുടിയേറ്റം ദൈനംദിന ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും ബാധിക്കുന്നു എന്ന് തദ്ദേശവാസികള്‍ പറയുന്നു. പുരോഗമനവാദികള്‍ എന്ന് അറിയപ്പെടുന്നവര്‍ കുടിയേറ്റം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ചയാക്കാന്‍ വിസമ്മതിക്കുകയാണ്. മറിച്ച് ആരെങ്കിലും അത് ചര്‍ച്ചയാക്കിയാല്‍ അവരെ വംശീയവിദ്വേഷികളായി മുദ്രകുത്തും.
ഒരു ഡോക്ടര്‍ക്ക് 3000 രോഗികള്‍ എന്ന കണക്കിലാണ് അതീവ സമ്മര്‍ദ്ദത്തില്‍ ജി പി കള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടന്റെ ദേശീയ അനുപാതം ഒരു ഡോക്ടര്‍ക്ക് 2300 ആണ് എന്നതോര്‍ക്കുക. അടിയന്തിര വിഭാഗങ്ങളില്‍ പലപ്പോഴും 15 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടതായി വരുന്നു. 40 ല്‍ അധികം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന സ്‌കൂളുകള്‍ ഇവിടെയുണ്ട്. അധികം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ പല സ്‌കൂളുകളിലും താത്ക്കാലിക ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്.
ലോക്കല്‍ അഥോറിറ്റിയുടെ സോഷ്യല്‍ ഹൗസിംഗ് റെജിസ്റ്ററില്‍ 9000 ല്‍ അധികം കുടുംബങ്ങളാണ് ഉള്ളത്. ഭവന പ്രതിസന്ധി പരിഹരിക്കുവാന്‍ ഹരിത ബെല്‍റ്റില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ഭൂമി ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. കവന്‍ട്രിയുടെ സാംസ്‌കാരിക ബഹുസ്വരത മനസ്സിലാക്കണമെങ്കില്‍, ഒരു വാര്‍ഡിലെ കാല്‍ഭാഗത്തോളം സ്ഥലങ്ങളില്‍ ഇംഗ്ലീഷ് മാതൃഭാഷയായി ഉള്ളവര്‍ ഇല്ല എന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി. അതായത് സാമൂഹ്യ സഹവര്‍ത്തിത്തം എന്ന ആശയത്തെ അനുകൂലിക്കുന്ന സാഹചര്യമല്ല ഇവിടെ എന്നര്‍ത്ഥം. അറുപതുകളിലും എഴുപതുകളിലുമൊക്കെ, ലോകത്തിലെ തന്നെ രണ്ടാമത്തെ കാര്‍ നിര്‍മ്മാണ വ്യവസായം കവന്‍ട്രിയിലായിരുന്നു. അതിനാല്‍ തന്നെ മോട്ടോര്‍ സിറ്റി എന്നറിയപ്പെട്ടിരുന്ന ഈ നഗരം ഇപ്പോള്‍ ഒരു മിനി കോസ്മോപൊളിറ്റന്‍ നഗരമായി മാറിയിരിക്കുകയാണ്.