ജെറുസലേം: ഇസ്രയേലിന് നേര്‍ക്ക് മിസൈലാക്രമണം നടത്തിയ ഇറാന് നേരേ ശക്തമായി തിരിച്ചടിക്കാന്‍ നെതന്യാഹു ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു എങ്കിലും അത് എപ്പോഴാണ് സംഭവിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നാണ് ഇസ്രയേല്‍ ഇത്തരമൊരു ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നു എന്ന വിവരം ചോര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. ഇസ്രയേല്‍ വ്യോമസേനയുടേയും നാവികസേനയുടേയും സുപ്രധാന നീക്കങ്ങളുമായി ബന്ധപ്പെട്ടുള്ള അമേരിക്കയുടെ കൈവശമുള്ള രേഖകളാണ് ചോര്‍ന്നത്.

ഈ മാസം പതിനഞ്ചും പതിനാറും തീയതികളില്‍ നടന്ന സൈനിക നീക്കങ്ങളുടെ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നതായി പറയപ്പെടുന്നത്. ഒക്ടോബര്‍ 16 ന് ഇറാന് നേര്‍ക്ക് അതിശക്തമായ തോതില്‍ ആക്രമണം നടത്താന്‍ തന്നെയാണ് ഇറാന്‍ ലക്ഷ്യമിട്ടിരുന്നത് എങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇസ്രയേല്‍ വ്യോമസേന തങ്ങളുടെ പോര്‍ വിമാനങ്ങളില്‍ ദീര്‍ഘദൂര മിസൈലുകള്‍ ഘടിപ്പിക്കുകയും ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധിച്ച് അന്തിമ അനുമതി നല്‍കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരുന്നത്.

ഇസ്രയേലിന് വേണ്ടി സ്വന്തം സ്ഥാപനമായ റഫേല്‍ വികസിപ്പിച്ചെടുത്ത മിസൈലുകളും ആക്രമണത്തില്‍ ഉള്‍പ്പെടുത്താനായിരുന്നു നീക്കം. എന്നാല്‍ ആക്രമണം നടന്നിരുന്നു എങ്കില്‍ ഇസ്രയേല്‍ ആണവായുധം പ്രയോഗിക്കില്ലായിരുന്നു എന്നാണ് സൂചന. ഇസ്രയേലിന്റെ കൈവശമുള്ള ജെറിക്കോ രണ്ട് വിഭാഗത്തില്‍ പെട്ട ആണവ മിസൈലുകള്‍ അവര്‍ പ്രതിരോധത്തിനായി മാത്രമാണ് ഉപയോഗിക്കാറുള്ളത്. അതേ സമയം ഒരു യുദ്ധമുണ്ടായാല്‍ ഇസ്രയേല്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ ആക്രമിക്കും എന്ന് തന്നെയാണ് ഇറാന്‍ ഭയപ്പെടുന്നത്.

അവര്‍ ഇക്കാര്യം ഐക്യരാഷ്ട്രസംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇസ്രയേല്‍ അമേരിക്കയോട് നിരവധി വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. ഹിസ്ബുള്ള വീണ്ടും ആയുധസംഭരണം ഉള്‍പ്പെടെ തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ അതിര്‍ത്തിയില്‍ നടത്തുന്ന നീക്കങ്ങള്‍ തടയാന്‍ ഇസ്രയേല്‍ സൈന്യത്തെ അനുവദിക്കണം എന്നതാണ് പ്രധാന ആവശ്യം. ലബനന്റെ വ്യോമാതിര്‍ത്തിയില്‍ തങ്ങളുടെ വിമാനങ്ങള്‍ക്ക് യഥേഷ്ടം പറക്കാനുള്ള അനുമതിയാണ് ഇസ്രയേല്‍ മുന്നോട്ട് വെച്ചിരിക്കുന്ന മറ്റൊരു ആവശ്യം.

എന്നാല്‍ ലബനനും അന്താരാഷ്ട്ര സമൂഹവും ഈ ആവശ്യം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് അമേരിക്കയുടെ നിലപാട്. അമേരിക്കന്‍ സര്‍്ക്കാരിന്റെ പ്രത്യേക പ്രതിനിധി അമോസ് ഹോക്് സ്റ്റെയിന്‍ ഈ ദിവസങ്ങളില്‍ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ട് സന്ദര്‍ശിക്കുന്നുണ്ട്. ഇറാന്റെ ആണവ സംവിധാനങ്ങളും എണ്ണക്കിണറുകളും ആക്രമിക്കരുതെന്ന് ബൈഡന്‍ സര്‍ക്കാര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.