- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ല; അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണം; ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറായാല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്
വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍
ജറുസലേം: ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഈജിപ്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്കിടെ
ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ് പ്രതികരിച്ചു. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.
ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന്‍ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്.
ഇസ്രായേല്‍ സൈന്യം ഗസയില്‍ നിന്ന് പിന്‍മാറാതെ ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ ആരെയും വിട്ടുകൊടുക്കില്ലെന്നും മുതിര്‍ന്ന ഹമാസ് നേതാവ് ഉസാമ ഹംദാന്‍ പറഞ്ഞു. '' ഹമാസ് പ്രതിനിധി സംഘം റഷ്യയില്‍ പോയത് ഗസയിലെ വെടിനിര്‍ത്തല്‍ കാര്യം ചര്‍ച്ച ചെയ്യാനാണ്. റഷ്യയോടും ചൈനയോടും അള്‍ജീരിയയോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഉസാമ ഹംദാന്‍ പറഞ്ഞിരുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാന്‍ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. കെയ്റോയില്‍വെച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥരുമായി ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തങ്ങളുടെ വിഭാഗം ചര്‍ച്ച നടത്തിയതായി ഹമാസ് വ്യക്തമാക്കി. ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സമവായ ചര്‍ച്ചക്ക് ഹമാസും ഇസ്രയേലും തയ്യാറായത്. ഈജ്പിതിന്റെ ഭാഗത്തുനിന്നുള്ള ഈ ശ്രമം സ്വാഗതാര്‍ഹമാണെന്ന് ഇസ്രയേലും പ്രതികരിച്ചു.
കെയ്റോയിലെ ചര്‍ച്ചകള്‍ക്കുശേഷം ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നും മൊസാദിന്റെ പ്രതിനിധികളെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കണ്‍ വ്യാഴാഴ്ച്ച ദോഹയില്‍വെച്ച് ഖത്തര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
മധ്യഗാസയിലെ നുസുറത്ത് അഭയാര്‍ഥിക്യാംപിലെ സ്‌കൂളിനുനേരെ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് അടക്കം 17 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്കു പരുക്കേറ്റു. അഭയകേന്ദ്രമായി മാറ്റിയ സ്‌കൂളില്‍ ഹമാസ് താവളമുണ്ടായിരുന്നെന്നാണ് ഇസ്രയേല്‍ ആരോപണം.
വടക്കന്‍ ഗാസയിലെ ജബാലിയ മേഖലയിലെ ആക്രമണം 20 ദിവസം പിന്നിടുമ്പോള്‍ ഇതുവരെ 770 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേറ്റു. ജബാലിയയില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചെന്നും ഹമാസ് ബന്ധമുള്ള 200 പേരെ അറസ്റ്റ് ചെയ്‌തെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയില്‍ ഇതുവരെ 42,847 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 1,00,544 പേര്‍ക്കു പരുക്കേറ്റു.
കഴിഞ്ഞ ദിവസം ഇറാനുമായി ബന്ധമുള്ള സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. നഗരത്തിലെ കഫര്‍ സോസ മേഖലയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കുനേരെയായിരുന്നു ആക്രമണം. സിറിയയുടെ പടിഞ്ഞാറന്‍ നഗരമായ ഹോംസിനടുത്തുള്ള സൈനിക താവളത്തിലും ബോംബിട്ടു. ഒരു സൈനികന്‍ കൊല്ലപ്പെട്ടു. 7 പേര്‍ക്കു പരുക്കേറ്റു.
തെക്കന്‍ ലബനനില്‍ ഹിസ്ബുല്ലയുടെ തുരങ്കങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ പറഞ്ഞു. കഴിഞ്ഞ രാത്രിയിലെ ബോംബാക്രമണങ്ങളില്‍ ബെയ്‌റൂട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 5 പേര്‍ക്കു പരുക്കേറ്റു. വടക്കന്‍ ഇസ്രയേലിലെ സൈനികകേന്ദ്രങ്ങളിലേക്ക് ഹിസ്ബുല്ലയും മിസൈലുകള്‍ തൊടുത്തു. ലബനനിലെ തുറമുഖനഗരമായ ടയറില്‍നിന്നു പതിനായിരക്കണക്കിനാളുകളാണ് ആക്രമണം ഭയന്ന് പലായനം ചെയ്തത്.