ന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തുവാനും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഉള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഇന്നലെ ഇന്ത്യന്‍ ബിസിനസ്സ് തലവന്മാര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, തന്റെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന്. നേരത്തെ ജി 20 ഉച്ചകോടിയില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതല്‍ വിപുലപ്പെടുത്താന്‍ ഇരുവരും അന്ന് സമ്മതിച്ചിരുന്നു. സാമ്പത്തികം, ദേശസുരക്ഷ, പ്രതിരോധം, സാങ്കേതിക വിദ്യ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കാനായിരുന്നു അന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

അതിനു പിന്നാലെയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി ഐ ഐ) യുടെ പിന്തുണയോടെ ഇന്ത്യന്‍ വ്യവസായ പ്രതിനിധികള്‍ ബ്രിട്ടന്‍ സന്ദര്‍ശിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തിപ്പെടുന്ന ഉഭയകക്ഷി ബന്ധത്തെ കുറിച്ച് സംഘം ബ്രിട്ടീഷ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്, വിദേശ സെക്രട്ടറി ഡേവിഡ് ലാമി, സെക്രട്ടാറി ഓഫ് സ്റ്റേറ്റ് ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ്, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഡഗ്ലസ് അലക്സാണ്ടര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി.

അതിനുപുറമേ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര കരാറുമായി ബന്ധപ്പെട്ട അവസരങ്ങളെ കുറിച്ചും സംഘം ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. നിലവില്‍ 42 ബില്യന്‍ പൗണ്ടിന്റെ വ്യാപാര ഇടപാടുകളാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ളത്. 6 ലക്ഷത്തിലധികം തൊഴില്‍ സാധ്യതകളാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വ്യാപാരബന്ധം കൂടുതല്‍ വിപുലപ്പെറ്റുത്തുന്നതാണ് ഇപ്പോള്‍ പരിഗണനയിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍.

ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഇന്ത്യ എന്നും, ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ തേടുകയാണെന്നും വിരുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ഇന്ത്യയിലെ ചില മുന്‍നിര വ്യവസായികളെ ഡൗണിംഗ് സ്ട്രീറ്റിലെക്ക് സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, യു കെയുടെ സാമ്പത്തിക വളര്‍ച്ചയും, നവാശയങ്ങളും കേന്ദ്രീകരിച്ചുകൊണ്ടുള്ള പദ്ധതികള്‍ ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ താത്പര്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ജി 20 ലെ, ആഗോളാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും അധികം ബന്ധങ്ങള്‍ ഉള്ള സമ്പദ്ഘടന എന്ന നിലയില്‍, ഇന്ത്യന്‍ വ്യവസായ മേഖലക്ക് സമാനതകളില്ലാത്ത അവസരങ്ങള്‍ നല്‍കാന്‍ ബ്രിട്ടന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണുള്ളത്. ഇത് കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ തന്റെ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ സ്റ്റാര്‍മര്‍ അതില്‍ ഇന്ത്യന്‍ വ്യവസായികള്‍ താത്പര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അറിയിച്ചു.

ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ നിലകൊള്ളുന്ന ഈ സാഹചര്യത്തില്‍, ഏറ്റവും സുപ്രധാനമായ സമയത്താണ് ഈ സങ്ക്ദര്‍ശനം എന്ന് സംഘത്തലവനായ, മുന്‍ സി ഐ ഐ പ്രസിഡണ്ടും ഭാരതി എന്റര്‍പ്രൈസസ് സ്ഥാപകനും ചെയര്‍മാനുമായ സുനില്‍ ഭാരതി മിട്ടല്‍ പറഞ്ഞു. 2027 ഓടെ ഇന്ത്യ ഒരു 5 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാലത്തിനിടയില്‍ ബ്രിട്ടനുമായുള്ള ഇന്ത്യയുടെ ബന്ധം സുദൃഢമായെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.