- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഷ്കറിനും ജെയ്ഷിനും താവളമൊരുക്കില്ലെന്ന അഫ്ഗാന് പ്രഖ്യാപനം നിര്‍ണ്ണായകമായി; പാകിസ്ഥാനേയും ബംഗ്ലാദേശിനേയും കര്‍ശനമായി നേരിടുമ്പോള്‍ താലിബാന്‍ കൂട്ടുകാരാകുന്നു; കാബൂളിലെ പ്രകൃതി വിഭവങ്ങള്‍ നോട്ടമിടുന്ന ചൈനയ്ക്കും വെല്ലുവിളി; അഫ്ഗാന് എല്ലാം നല്‍കാന്‍ ഇന്ത്യ; മോദി സര്‍ക്കാരിന്റെ നല്ല കൂട്ടുകാരനായി താലിബാന്‍ മാറുമ്പോള്‍
ന്യൂഡല്‍ഹി: ഇന്ത്യയും താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ധാരണയാകുമ്പോള്‍ വെട്ടിലാകുന്നത് പാകിസ്ഥാന്. ദുബായില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖിയും തമ്മില്‍ ഇന്നലെ കൂടിക്കണ്ടു. താലിബാന്‍ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന നീക്കങ്ങളില്‍ അഫ്ഗാന്‍ പിന്തുണയുണ്ടാകില്ല. അഫ്ഗാനിസ്ഥാനില്‍ വികസന പദ്ധതികള്‍ ആരംഭിക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചു. കായിക (ക്രിക്കറ്റ്) രംഗത്തെ സഹകരണവും ശക്തിപ്പെടുത്തും. അഫ്ഗാന്‍ ക്രിക്കറ്റിന് വലിയ സംഭാവനകള്‍ ഇന്ത്യ നല്‍കുന്നുണ്ട്.
അഫ്ഗാന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിലും ഇന്ത്യ പിന്തുണ അറിയിച്ചു. എണ്ണൂറോളം അഫ്ഗാന്‍ അഭയാര്‍ഥികളെ പാക്കിസ്ഥാന്‍ തടവിലാക്കിയെന്ന വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് നിര്‍ണായകമായ വാഗ്ദാനം. പാകിസ്ഥാനും അഫ്ഗാനുമായുള്ള ബന്ധത്തെ ഇത് കൂടുതല്‍ വഷളാക്കി. അഫ്ഗാനെ കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാന്‍ ചൈന ശ്രമിക്കുമെന്നും സൂചനകളുണ്ടായിരുന്നു. ഇതും തകര്‍ക്കുകയാണ് ഇന്ത്യന്‍ ലക്ഷ്യം. ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അഫ്ഗാനില്‍ നല്ല സ്വാധീനമുണ്ട്. ഡോവലിന്റെ കൂടി നിര്‍ദ്ദേശം അനുസരിച്ചാണ് ചര്‍ച്ചകള്‍. ഇതിലൂടെ തെക്കേ ഏഷ്യയില്‍ ഇന്ത്യയുടെ കരുത്ത് കൂടും. ചൈനയും ഇന്ത്യയുമായി അടുക്കുകയാണ്. ശ്രീലങ്കയും നല്ല ബന്ധത്തില്‍. ബംഗ്ലാദേശ് ഇടഞ്ഞു നില്‍ക്കുകയുമാണ്. പട്ടാള ഭരണത്തിനെതിരെ ഇന്ത്യ എടുത്ത നിലപാടാണ് ഇതിന് കാരണം. ഈ സാഹചര്യത്തില്‍ അഫ്ഗാനുമായുള്ള ഇന്ത്യയുടെ കൂടികാഴ്ചയ്ക്ക് മാനം ഏറെയാണ്. പാകിസ്ഥാനും ബംഗ്ലാദേശിനുമെതിരെ ഇന്ത്യ കടുത്ത നടപടികള്‍ തുടരുകയും ചെയ്യും. വലിയ സഹായങ്ങളാണ് അഫ്ഗാന് ഇന്ത്യ നല്‍കാന്‍ പോകുന്നത്.
50,000 ടണ്‍ ഗോതമ്പ്, 300 ടണ്‍ മരുന്നുകള്‍, ഭൂകമ്പവുമായി ബന്ധപ്പെട്ട് 27 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍, 40,000 ലീറ്റര്‍ കീടനാശിനി, 10 കോടി ഡോസ് പോളിയോ വാക്‌സീന്‍, 15 ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍, 11,000 ഹൈജീന്‍ കിറ്റുകള്‍, 500 യൂണിറ്റ് തണുപ്പു വസ്ത്രങ്ങള്‍, 1.2 ടണ്‍ സ്റ്റേഷനറി കിറ്റ് എന്നിവ ഇന്ത്യ ഇതിനകം അഫ്ഗാനിസ്ഥാന് നല്‍കിയിട്ടുണ്ട്. വാണിജ്യ, വ്യാപാര ഇടപാടുകള്‍ക്കായി ഇറാനിലെ ഛാബഹാര്‍ തുറമുഖം കൂടുതലായി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. നയതന്ത്രബന്ധം ഔപചാരികമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിലാണ് ഡല്‍ഹിയും കാബൂളുമെന്ന് സണ്‍ഡേ ഗാര്‍ഡിയന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു,
2021 ഓഗസ്റ്റില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളില്‍ ഇന്ത്യ അകലം പാലിച്ചിരുന്നു. എന്നാല്‍ കാബൂളും ഡല്‍ഹിയും അനൗപചാരികമായി ബന്ധം നിലനിര്‍ത്തുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. കുറച്ച് മാസങ്ങളായി ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ ഒരു സാങ്കേതിക സംഘം കാബൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍, ജെയ്ഷ് തുടങ്ങിയ ഭീകരസംഘങ്ങളെ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കാനോ ഒളിക്കാനോ അനുവദിക്കില്ലെന്ന് കാബൂള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബന്ധം കൂടുതല്‍ ഊഷ്മളമാക്കി. ദുബായിലെ രാജ്യങ്ങളുടെയും കൂടിക്കാഴ്ച്ചയില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും ചര്‍ച്ചയില്‍ ധാരണയായി. എണ്ണൂറോളം അഫ്ഗാന്‍ അഭയാര്‍ത്ഥികളെ പാകിസ്താന്‍ തടവിലാക്കിയെന്ന വാര്‍ത്തകള്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു കൂടിക്കാഴ്ച.
അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനും, അഫ്ഗാനെ അകമഴിഞ്ഞ് സഹായിക്കുന്നതിനും അഫ്ഗാന്‍ വിദേശകാര്യ മന്ത്രി ഇന്ത്യയെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം, അഫ്ഗാന്‍ മേഖലയിലെ സുരക്ഷാസ്ഥിതിയില്‍ ഇന്ത്യ ആശങ്കയും അറിയിച്ചു. ഇറാനില്‍ ഇന്ത്യ വികസിപ്പിക്കുന്ന തുറമുഖത്തിന്റെ കാര്യത്തിലും നിര്‍ണായക ചര്‍ച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ, വ്യാപാര ഇടപാടുകള്‍ക്കായി ഇറാനിലെ തുറമുഖം കൂടുതലായി ഉപയോഗപ്പെടുത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. അഫ്ഗാനിസ്ഥാനെ വരുതിയിലാക്കാന്‍ ചൈനയുടെ ഇടപെടലുകളും നടക്കുന്നുണ്ട്. അഫ്ഗാനിലെ പ്രകൃതിവിഭവങ്ങളെ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. ഇത് കൂടി മനസ്സില്‍ വച്ചാണ് ഇന്ത്യന്‍ നീക്കം.
മാസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി പഠിക്കുന്ന വിദ്യാര്‍ഥിയെ മുംബൈയിലെ അഫ്ഗാനിസ്താന്റെ ആക്ടിങ് കോണ്‍സുലായി നിയമിച്ചിരുന്നു താലിബാന്‍. ഇന്ത്യാ- താലിബാന്‍ ബന്ധത്തില്‍ നയതന്ത്രപരമായി ചര്‍ച്ചകളെ ഇത് വേഗത്തിലാക്കി. ഡല്‍ഹി സൗത്ത് ഏഷ്യ യൂണിവേഴ്സിറ്റിയില്‍ അന്താരാഷ്ട്ര നിയമത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഇക്രാമുദ്ദീന്‍ കമിലാണ് കോണ്‍സുല്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇക്രാമുദ്ദീന്‍ ഇന്ത്യയില്‍ പഠനത്തിന്റെ ഭാഗമായുണ്ട്. ഇയാള്‍ക്ക് അഫ്ഗാനിസ്താന്റെ മുംബൈ കോണ്‍സുലേറ്റിന്റെ ചുമതലയാണ് നല്‍കിയത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ഇക്രാമുദ്ദീന്‍ ഇന്ത്യയിലെത്തി പഠിക്കുന്നത്.