ജെറുസലേം: ഹൂത്തികളെ ഇസ്രയേല്‍ വെറുതെ വിടില്ല. യെമനിലെ ഹൂത്തി വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ വീണ്ടും ആഞ്ഞടിച്ച് ഇസ്രയേല്‍ വ്യോമസേന നല്‍കുന്നത് തിരിച്ചടി തുടരുമെന്ന സന്ദേശമാണ്. രണ്ട് തുറമുഖങ്ങളും പവര്‍ പ്ലാന്റും തകര്‍ന്നു. ഇരുപതോളം യുദ്ധവിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ ദിവസം ഹൂത്തി വിമതര്‍ ഇറാന്റെ സഹായത്തോടെ തങ്ങളുടെ രാജ്യത്തേക്ക്് നിരന്തരമായി നടത്തുന്ന മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ഇസ്രയേലിന്റ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് യെമനില്‍ ശക്തമായ സൈനിക നടപടിയുമായി ഇസ്രയേല്‍ രംഗത്ത് എത്തിയത്.

ഇസിരയേല്‍ ആക്രമണം നടത്തുന്നതിന് തൊട്ടു മുമ്പ് അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ വടക്കന്‍ സനായിലെ ഹാര്‍ഫ് സുഫിയാന്‍ ജില്ലയിലെ ഹൂത്തികളുടെ താവളങ്ങള്‍ ആക്രമിച്ചിരുന്നു. അതേ സമയം അമേരിക്കയുമായി ചേര്‍ന്നുള്ള സംയുക്താക്രമണം അല്ല തങ്ങള്‍ നടത്തിയതെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യവുമായി ഏകോപിച്ച് മാത്രമാണ് ആക്രമണങ്ങള്‍ നടത്തുന്നത് എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. യെമനില്‍ അമ്പതോളം ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. യെമനിലെ പ്രധാന തുറമുഖങ്ങളായ ഹുദൈദയിലും റാസ് ഇസയിലും തലസ്ഥാനമായ സനാക്ക് സമീപമുള്ള ഹെസ്യാസ് പവര്‍ പ്ലാന്റിലുമാണ് ആക്രമണം നടന്നത്. ഹൂത്തി വിമതര്‍ സൈനിക നടപടികള്‍ക്കായി ഏറ്റവും ആശ്രയിച്ചിരുന്നത് ഈ പവര്‍പ്ലാന്റില്‍ നിന്നുള്ള വൈദ്യുതിയായിരുന്നു.

ഹെസ്യാസ് കൂടി തകര്‍ന്നത് ഹൂത്തികള്‍ക്ക് വലിയ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. ഇനിയും ആക്രമണം തുടര്‍ന്നാല്‍ ഹൂത്തികളുടെ പ്രധാന കേന്ദ്രങ്ങളെ മാത്രമല്ല അവരുടെ നേതാക്കളേയും വക വരുത്തുമെന്ന് ഇസ്രയേല്‍ ഇന്നലത്തെ ആക്രമണത്തിന് പിന്നാലെ താക്കീത് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും ഹൂത്തികള്‍ ഇസ്രയേലിലേക്ക് മൂന്ന് ഡ്രോണുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ അവ തകര്‍ത്തിരുന്നു. ഇസ്രയേലിനെ നിരന്തരമായി ആക്രമിക്കുന്നതിന് ഹൂത്തി വിമതര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്നലെ നടത്തിയ ആക്രമണത്തിന് തൊട്ടു പിന്നാലെ പ്രഖ്യാപിച്ചു. ഇക്കാര്യം നേരത്തേയും പല വട്ടം തങ്ങള്‍ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇറാന്റെ ചട്ടുകമായിട്ടാണ ഹൂത്തി വിമതര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇസ്രയേലിന് മാത്രമല്ല മേഖലയ്ക്ക് ആകെ ഭീഷണിയായി ഹൂത്തികള്‍ മാറിയതായും നെതന്യാഹു കുറ്റപ്പെടുത്തി. ആഗോള നാവികമേഖലക്ക് തന്നെ ചെങ്കടലില്‍ കപ്പലുകള്‍ ആക്രമിക്കുന്ന ഹൂത്തികളുടെ പ്രവൃത്തി വന്‍ ദോഷം വരുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രയേലിന് ഭീഷണിയായി മാറുന്ന ഏത് ശക്തികളേയും തകര്‍ത്തു തള്ളാന്‍ എപ്പോഴും തങ്ങള്‍ തയ്യാറാണെന്നും നെതന്യാഹു അവകാശപ്പെട്ടു. അതേ സമയം ഹൂത്തികളുടെ ഒരു നേതാവിനേയും വെറുതേ വിടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്രയേല്‍ കാറ്റ്സും മുന്നറിയിപ്പ് നല്‍കി.

അബ്ദുല്‍ മാലിക്ക് അല്‍ ഹൂത്തി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ള കൃത്യമായ സന്ദേശമാണ് ഈ ആക്രമണമെന്നും കാറ്റ്സ്് കൂട്ടിച്ചേര്‍ത്തു. എവിടെ പോയി ഒളിച്ചാലും നിങ്ങളെ വേട്ടയാടി പിടിക്കുമെന്നും സര്‍വ്വ വിധ സന്നാഹങ്ങളും തകര്‍ത്ത് തരിപ്പണമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ ഗാസയിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടും ഇസ്രയേലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടും സനായില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഇസ്രയേല്‍ പോര്‍ വിമാനങ്ങളുടെ ഇരമ്പല്‍ കേട്ട് കാണുമെന്നും കാറ്റ്സ് ചൂണ്ടിക്കാട്ടി.