- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമേരിക്ക ആദ്യം' നയം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ വച്ചുപൊറുപ്പിക്കില്ല; വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം മരവിപ്പിച്ച തന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെ എതിര്‍ത്ത യുഎസ്എയ്ഡിലെ 57 ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്; പലരും നിര്‍ബന്ധിത അവധിയില്‍; നീതിന്യായ വകുപ്പിലും ട്രംപ് ശുദ്ധികലശത്തിന്
യുഎസ്എയ്ഡിലെ 57 ഉദ്യോഗസ്ഥരെ പുറത്താക്കി ട്രംപ്
വാഷിങ്ടണ്‍ ഡിസി: വിദേശ രാജ്യങ്ങള്‍ക്കുള്ള ധനസഹായം മരവിപ്പിക്കാനുള്ള തന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തകിടം മറിക്കാന്‍ ശ്രമിച്ച നിരവധി ഉദ്യോഗസ്ഥരെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സസ്‌പെന്‍ഡ് ചെയ്തു. അന്താരാഷ്ട്ര വികസനത്തിനുള്ള യുഎസ് ഏജന്‍സിയിലെ (USAID) ഡസന്‍ കണക്കിന് ഉദ്യോഗസ്ഥരോട് തിങ്കളാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു. 57 ഓളം ഉദ്യോഗസ്ഥരെ ബാധിച്ചെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജനവിധിയെയും, പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവുകളെ അട്ടിമറിക്കുന്ന തരത്തില്‍ അനവധി നടപടികള്‍ യുഎസ്എയ്ഡില്‍ ശ്രദ്ധയില്‍ പെട്ടതായി പുതിയ തലവന്‍ ജേസണ്‍ ഗ്രേയെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ ശമ്പളത്തോടും, ആനുകൂല്യങ്ങളോടും കൂടി ഇത്തരം ഉദ്യോഗസ്ഥരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതായി ജേസണ്‍ േ്രഗ വ്യക്തമാക്കി.
ഇസ്രയേലിനും ഈജിപ്റ്റിനും ഒഴിച്ചുള്ള രാജ്യങ്ങള്‍ക്ക് വിദേശ സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് ജനുവരി 24 നാണ് ട്രംപ് പ്രഖ്യാപിച്ചത്. യുക്രെയ്‌ന് നല്‍കുന്നതടക്കം എല്ലാ വിദേശ സഹായങ്ങളും മരവിപ്പിക്കാനാണ് ട്രംപ് സര്‍ക്കാരിന്റെ തീരുമാനം. 1979ല്‍ ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പുവച്ചതു മുതല്‍ ഉദാരമായി യുഎസ് പ്രതിരോധ ധനസഹായം ലഭിച്ചുവരുന്ന ഈജിപ്തിനുള്ള സഹായവും ട്രംപ് തുടരും.
വിദേശ സഹായം കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികാരത്തിലെത്തിയതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് നിലപാടെടുത്തിരുന്നു. 90 ദിവസത്തേക്ക് വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിട്ടുമുണ്ട്. എല്ലാ വിദേശ സഹായങ്ങളിലും 85 ദിവസത്തിനകം ആഭ്യന്തര അവലോകനം നടത്തണമെന്നാണ് പുതിയ തീരുമാനം. അതുവരെ ഒരു ധനസഹായങ്ങള്‍ക്കുമായി ഫണ്ട് അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മെമ്മോയില്‍ പറഞ്ഞിരുന്നു. അവലോകനത്തിന് ശേഷം ട്രംപിന്റെ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് മാത്രം ധനസഹായം എന്ന തീരുമാനത്തിലേക്കാകും സര്‍ക്കാര്‍ നീങ്ങുക. ട്രംപിന്റെ അമേരിക്ക ആദ്യം നയപ്രകാരമാണ് വിദേശസഹായം മരവിപ്പിക്കല്‍. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വര്‍ഷം അമേരിക്ക മറ്റ് രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത്.
തന്റെ നയവുമായി ചേര്‍ന്ന് പോകാത്ത ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള തീരുമാനം, തന്റെ അജണ്ടയോട് വിയോജിക്കുന്നവരെ സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തിന്റെ കൂടി ഭാഗമാണ്. നിരവധി ഫെഡറല്‍ ഏജന്‍സികളില്‍ നിന്നുള്ള ഇന്‍സ്പക്ടേഴ്‌സ് ജനറല്‍മാരെ വെള്ളിയാഴ്ച രാത്രി പുറത്താക്കി. 395 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് അത് ബാധിച്ചത്. തനിക്കെതിരെ നിരവധി കേസുകള്‍ നയിച്ച പ്രത്യേക അഭിഭാഷകന്‍ ജാക് സ്മിത്ത് അടക്കം നിരവധി പേരെ പുറത്താക്കി നീതിന്യായ വകുപ്പിലും ട്രംപ് ശുദ്ധികലശത്തിന് ഒരുങ്ങുകയാണ്.