ന്യുയോര്‍ക്ക്: കഴിഞ്ഞ ദിവസം ഹമാസ് ഭീകരര്‍ മോചിപ്പിച്ച ബന്ദികളെ കണ്ടാല്‍ ജര്‍മ്മനിയിലെ നാസി തടവറകളില്‍ കഴിഞ്ഞ ജൂതന്‍മാരെ പോലെ തോന്നുമെന്ന വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇങ്ങനെ പോയാല്‍ ഹമാസിനോട് ഒരു കാരണവശാലും ക്ഷമിക്കാന്‍ കഴിയില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതോടെ പശ്ചിമേഷ്യയില്‍ എന്തും സംഭവിക്കാമെന്ന അവസ്ഥയായി. മോചിക്കപ്പെട്ട ബന്ദികളും അനുഭവിച്ച ക്രൂരതകള്‍ പുറത്തു പറയുന്നുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ബന്ദികളെ ഹമാസ് ഉപദ്രവിച്ചുവെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

ന്യൂഓര്‍ലിയന്‍സില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ മല്‍സരം ഉദ്ഘാടനം ചെയ്യാനായി യാത്ര ചെയ്യുന്ന വേളയില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തിയത്. മോചിപ്പിച്ച ബന്ദികല കണ്ടാല്‍ വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ട് വന്നവരാണെന്ന് തോന്നുമെന്നും ട്രംപ് അദ്ദേഹം വിശദീകരിച്ചു. കാഴ്ചയില്‍ മോചിപ്പിക്കപ്പെട്ടവര്‍ അങ്ങേയറ്റം ക്ഷീണിതരായിരുന്നു. തടവറയില്‍ ഇവര്‍ അതിക്രൂരമായിട്ടാണ് പീഡിപ്പിക്കപ്പെട്ടത്. മാസത്തില്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് ഭക്ഷണം കൊടുത്തിരുന്നില്ല എന്നാണ് മോചിപ്പിക്കപ്പെട്ട മൂന്് പേരേയും കാണുമ്പോള്‍ തോന്നുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പലര്‍ക്കും അവര്‍ക്ക് ഉള്ളതിനേക്കാള്‍ 25 വയസെങ്കിലും കൂടിയതായിട്ടാണ് തോന്നുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് കുററപ്പെടുത്തി. നാസി തടങ്കല്‍ പാളയത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ജൂതന്‍മാരുടെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവരെ കാണാന്‍ കഴിയുന്നതെന്നും ട്രംപ് വിമര്‍ശിച്ചു. താത്ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി പുറത്തു വരുന്ന വ്യക്തികളെല്ലാം തന്നെ അങ്ങേയറ്റം അവശനിലയിലാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇവരെ ഹമാസ് ഭീകരര്‍ മൃഗീയമായിട്ടാണ് കൈകാര്യം ചെയ്തതെന്നും ചൂണ്ടിക്കാട്ടി. ശാരീകമായി മാത്രമല്ല മാനസികമായും ബന്ദികളോട് അങ്ങേയറ്റം മോശമായിട്ടാണ് ഭീകരര്‍ പെരുമാറിയതെന്നാണ് ലഭിക്കുന്ന വിവരമെന്നും ട്രംപ് വ്യക്തമാക്കി.

ഇതൊക്കെ കാണുമ്പോള്‍ തങ്ങളുടെ ക്ഷമ ഇല്ലാതാകുകയാണെന്നും ട്രംപ് വെളിപ്പെടുത്തി. 76 ബന്ദികള്‍ ഇപ്പോഴും ഹമാസിന്റെ തടവില്‍ തന്നെയാണ് കഴിയുന്നത്. അതിനിടയിലാണ് ഗാസ മുനമ്പ് തങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചതും. ഇക്കാര്യത്തില്‍ താന്‍ നേരത്തേ നടത്തിയ പ്രഖ്യാപനത്തില്‍ നിന്് പിന്നോട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റ് രാജ്യങ്ങളും ഗാസയുടെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കാളികളാകുമെന്നും ട്രംപ് വിശ്വാസം പ്രകടിപ്പിച്ചു. ഹമാസിനെ ഇനി ഗാസയില്‍ അനങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹമാസ് ഇതേ വരെ 21 ബന്ദികളെയാണ് മോചിപ്പിച്ചത്. 2023 നവംബര്‍ മാസത്തില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 105 പേരെ മോചിപ്പിച്ചിരുന്നു. എട്ട് പേരെ നേരത്തേ ഇസ്രയേല്‍ സൈന്യം മോചിപ്പിച്ചിരുന്നു. ഹമാസ് ഇസ്രയേലില്‍ നിന്ന് തട്ടിക്കൊണ്ട് പോയി ബന്ദികളാക്കി പാര്‍പ്പിച്ചിരുന്ന സ്ത്രീകള്‍ നേരിടേണ്ടി വന്ന ദുരിതങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു .ഇപ്പോള്‍ പുരുഷ തടവുകാര്‍ ഹമാസ് തടങ്കലില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഞെട്ടിപ്പിക്കുന്നത്. 500 ദിവസത്തോളം ഇവരോട് ഏറ്റവും പ്രാകൃതമായ രീതിയിലാണ് ഹമാസ് ഭീകരര്‍ പെരുമാറിയത്. പലര്‍ക്കും എങ്ങനെയാണ് നടക്കേണ്ടത് എന്ന് പോലും അറിഞ്ഞുകൂടാത്ത അവസ്ഥയിലാണ്.

ഇവരില്‍ പലരേയും നിരന്തരമായി തലകീഴായി കെട്ടിത്തൂക്കിയിട്ടായിരുന്നു മര്‍ദ്ദിച്ചിരുന്നത്. കയര്‍ കൊണ്ട് കഴുത്ത് മുറുക്കുക, വായ് മൂടിക്കെട്ടുക, കത്തുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവരുടെ ശരീരത്തില്‍ മുദ്ര കുത്തുക തുടങ്ങിയവ ഇവരുടെ സ്ഥിരം ക്രൂരപീഡനങ്ങളില്‍ പെടുന്നു. ബന്ദികളെ സ്ഥിരമായി പട്ടിണിക്കിടുമായിരുന്നു. കൂടാതെ ഇവരെ പാര്‍പ്പിച്ചിരുന്നത് ഭൂഗര്‍ഭ അറകളിലെ തീരെ ഇടുങ്ങിയ മുറികള്‍ക്കുള്ളിലായിരുന്നു. നില്‍ക്കാനോ അനങ്ങനോ പോലും കഴിയാത്ത അവസ്ഥിയാലിയരുന്ന ഇവര്‍ക്ക് ഒരിറ്റ് വായു കിട്ടാന്‍ പോലും കൂടെയുള്ളവരുമായി മല്‍സരിക്കേണ്ട അവസ്ഥയിലായിരുന്നു. ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ കൊടുക്കാതിരുന്നതിന് ശേഷം ചീത്തയായ ബ്രഡ് ആണ് ഇവര്‍ക്ക് കഴിക്കാന്‍ കൊടുത്തിരുന്നത്.

ചെറിയ അളവില്‍ നല്‍കിയിരുന്ന ഈ ബ്രഡ് പോലും നിരവധി പേര്‍ പങ്കിട്ട് കഴിക്കേണ്ട ഗതികേടിലും ആയിരുന്നു. തങ്ങളെ മൃഗങ്ങളെ പോലയാണ് ഭീകരര്‍ കണക്കാക്കിയിരുന്നതെന്നാണ് മോചിക്കപ്പെട്ട ഒരാള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച മോചിപ്പിക്കപ്പെട്ട ഓര്‍ലെവി എന്ന മുപ്പത്തിനാലുകാരന്‍ പറഞ്ഞത് മോചിപ്പിക്കപ്പെടുന്നത് വരെ തന്നെ ചങ്ങലിക്കിട്ടിരിക്കുകയായിരുന്നു എന്നാണ്. താന്‍ ഇനി മുതല്‍ നടക്കാന്‍ പഠിക്കേണ്ട അവസ്ഥയിലാണെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. ക്രൂരമായ പീഡന മുറകള്‍ ഉപയോഗിച്ചാണ് ഹമാസ് ഭീകരര്‍ ബന്ദികളെ ചോദ്യം ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. മോചിപ്പിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ശരിയായ തോതില്‍ ഭക്ഷണം തന്നതെന്നും ബന്ദികള്‍ വ്യക്തമാക്കി.

ഇവരുെട അഭിമുഖം പുറത്തുവിട്ട ഇസ്രയേല്‍ ടി.വി ചാനലായ കാന്‍ 11 അറിയിച്ചത് ബന്ദികള്‍ വെളിപ്പെടുത്തിയ പല കാര്യങ്ങളും പുറത്ത് പറയാന്‍ പറ്റാത്ത തരത്തില്‍ ഭീകരമാണ് എന്നാണ്. ബന്ദികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാള്‍ മരിച്ചു എന്നായിരുന്നു മറ്റുള്ളവര്‍ കരുതിയത്. ചില ബന്ദികളെ ഒറ്റയ്ക്കാണ് തടവില്‍ പാര്‍പ്പിച്ചിരുന്നത്. ചെരിപ്പിടാനും അനുവദിച്ചിരുന്നില്ല. ശനിയാഴ്ച മോചിപ്പിക്കപ്പെട്ട ഓര്‍ലെവിയുടെ ഭാര്യയെ ഹമാസ് ഇസ്രയേലിലേക്ക് ആക്രമണം നടത്തിയ ദിവസം തന്നെ കൊലപ്പെടുത്തിയിരുന്നു. മോചിപ്പിക്കപ്പെട്ടതിന് ശേഷം മാത്രമാണ് ഭാര്യ കൊല്ലപ്പെട്ട വിവരം ഓര്‍ലെവി മനസിലാക്കിയത്. ഇപ്പോഴും 76 ബന്ദികള്‍ ഹമാസ് തടവിലാണ്.