വത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസമാണ് ലോക കാത്തോലിക്ക വിശ്വാസികളുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടത്. അണുബാധയെ തുടർന്നുള്ള അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇപ്പോഴിതാ, അദ്ദേഹം ഗസ്സ ഇസ്രായേൽ ആക്രമണം എത്രയും വേഗം ചർച്ചകൾ ചെയ്ത്‌ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഗസ്സയിലെ ഇസ്രായേലി ആക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കാനും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സംഭാഷണങ്ങൾ പുനരാരംഭിക്കാനും നിർണായകമായ വെടിനിർത്തൽ നടപ്പിലാക്കാനും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു.

അദ്ദേഹത്തിന്റെ വാക്കുകൾ...

"ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിൽ ഞാൻ ദുഃഖിതനാണ്, നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സയിലെ കുട്ടികളും സ്ത്രീകളും എല്ലാം ഇരകളാകുന്നു. ഇതിനാണോ ദൈവം നമ്മെ സൃഷ്ട്ടിച്ചത്. ആയുധങ്ങൾ ഉടനടി നിശബ്ദമാക്കണമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും ഒരു നിശ്ചിത വെടിനിർത്തൽ നടപ്പിലാക്കാൻ കഴിയുന്ന തരത്തിൽ ചര്‍ച്ചകൾ പുനരാരംഭിക്കണമെന്നും ആവശ്യപ്പെടുന്നു. ഗസ്സയിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗുരുതരമായിരിക്കുകയാണ്, സംഘർഷത്തിലുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്‍റെയും അടിയന്തര പ്രതിബദ്ധത ഇതിന് ആവശ്യമാണ്' ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് പറഞ്ഞു.

അതേസമയം, ഗസ്സ പൂര്‍ണമായും പിടിച്ചെടുത്ത് സൈനിക ഭരണം ഏര്‍പ്പെടുത്താനാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കം. ഇസ്രായേൽ സംഘം അമേരിക്കയിലെത്തി പദ്ധതി ട്രംപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്യും. അതിനിടെ ഗസ്സയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമും 16 വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇവരടക്കം ഇന്ന് മാത്രം 16 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.

ഇതിനിടെ, ആരോഗ്യനിലയിൽ ചെറുതായി മെച്ചപ്പെട്ടെങ്കിലും മാർപാപ്പയ്ക്ക് രണ്ടുമാസത്തെ വിശ്രമം അനിവാര്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ശ്വാസകോശ രോഗത്തെത്തുടർന്ന് കഴിഞ്ഞ മാസം 14നാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ഒരു ചിത്രം കഴിഞ്ഞാഴ്ച പുറത്തുവിട്ടിരുന്നു. എല്ലാ ഞായറാഴ്ചയും സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പൊതുവേദിയിലെത്തി വിശ്വാസികളെ അനുഗ്രഹിച്ചിരുന്ന മാർപാപ്പ ഫെബ്രുവരി 9നാണ് അവസാനം ഈ ചടങ്ങിൽ പങ്കെടുത്തത്. ഫ്രാൻസിസ് മാർപാപ്പയുടെ നല്ല ആരോഗ്യത്തിനായി വിശ്വാസികൾ അടക്കം പ്രാർത്ഥനയിലാണ്.