- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമേരിക്ക 50% വരെ താരിഫ് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു; ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു; ഗുണ്ടയെ നിശബ്ദത കൂടുതല്‍ ധൈര്യശാലിയാക്കുകയേ ഉള്ളൂ'! ഇത് പുതിയ ലോകക്രമത്തിന്റെ തുടക്കമോ? ചൈനീസ് അംബാസിഡര്‍ പറയാതെ പറയുന്നത്; ഇന്ത്യയും ചൈനയും അടുക്കുമ്പോള്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കായി സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയും. ആഗോള തലത്തില്‍ പുതിയ ശാക്തിക ചേരി സജീവമാകുമെന്നതിന്റെ സൂചനയാണ് ഇത്. റഷ്യയും ഇന്ത്യയും ചൈനയും കൂടുതല്‍ അടുക്കും. അമേരിക്ക ഇന്ത്യക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന താരിഫുകളെ ശക്തമായി എതിര്‍ക്കുന്നുവെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്ഹോങ് വിശദീകരിച്ചത് ഇതിന്റെ തുടക്കമാണ്. വാഷിംഗ്ടണിന്റെ ഈ നടപടിയെ 'ഗുണ്ടായിസ'ത്തോട് ഉപമിച്ച അംബാസഡര്‍, ഇന്ത്യയും ചൈനയും തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ആഹ്വാനം ചെയ്തു.
ഇന്ത്യയ്ക്ക് മേല്‍ 50% വരെ താരിഫുകള്‍ ഏര്‍പ്പെടുത്തിയ അമേരിക്ക, ഇനിയും താരിഫുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ഷു ഫെയ്ഹോങ് പറഞ്ഞു. സ്വതന്ത്ര വ്യാപാരത്തില്‍ നിന്ന് ദീര്‍ഘകാലമായി പ്രയോജനം നേടിയ യു.എസ്, 'വിലപേശല്‍ ഉപാധി'യായി താരിഫുകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 'അമേരിക്ക 50% വരെ താരിഫ് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഗുണ്ടയെ നിശബ്ദത കൂടുതല്‍ ധൈര്യശാലിയാക്കുകയേ ഉള്ളൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം ആദ്യം റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങിയതിന് 25% താരിഫിന് പുറമെ 25% പിഴയും ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേല്‍ ചുമത്തിയിരുന്നു. പുതിയ നിരക്ക് ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിനെയാണ് ചൈനയും ചോദ്യം ചെയ്യുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയില്‍ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി വര്‍ദ്ധിപ്പിച്ചത് അമേരിക്കയുമായുള്ള ബന്ധങ്ങളില്‍ ഉലച്ചിലിനും വ്യാപാര കരാര്‍ ചര്‍ച്ചകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രധാന ഊര്‍ജ്ജ ഇറക്കുമതി രാജ്യം എന്ന നിലയില്‍ ഏറ്റവും വിലകുറഞ്ഞ ക്രൂഡ് ഓയില്‍ വാങ്ങേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണ്. ചൈനയും റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങളില്‍ ദ്രുതഗതിയിലുള്ള മഞ്ഞുരുകലിന്റെ സൂചനകളാണ് അംബാസിഡറിന്റെ പ്രതികരണത്തിലുള്ളത്. 2020-ലെ ലഡാക്കിലെ ഗാല്‍വാന്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇപ്പോള്‍ ബീജിംഗും ഡല്‍ഹിയും ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാന്‍ ഊര്‍ജ്ജിത നീക്കങ്ങളിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡല്‍ഹിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയും ചൈനയും കൂടുതല്‍ അടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വ്യാപാര നയങ്ങള്‍ക്കെതിരെ ചൈന പരസ്യമായി രംഗത്തെത്തിയത്, ലോക രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുടെയും ഇന്ത്യ-ചൈന ബന്ധത്തിലെ സമീപകാല മുന്നേറ്റങ്ങളുടെയും പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ഇന്ത്യ ചൈന അതിര്‍ത്തി ശാന്തമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നേരത്തെ പറഞ്ഞിരുന്നു. . ഓഗസ്റ്റ് 31നും സെപ്റ്റംബര്‍ ഒന്നിനുമായി ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.