വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍കോടതി വിധിക്കെതിരേ ട്രംപ് ഭരണകൂടം സുപ്രീംകോടതിയില്‍. വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീലില്‍ ഇന്ത്യക്കെതിരേ ചുമത്തിയ അധികതീരുവയെക്കുറിച്ചും പരാമര്‍ശമുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്. റഷ്യയില്‍നിന്ന് എണ്ണവാങ്ങി യുക്രൈന്‍ യുദ്ധത്തെ സഹായിക്കുകയാണെന്നാരോപിച്ച് ഇന്ത്യയ്ക്കുള്ള തീരുവ ട്രംപ് 25 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താല്‍ തകര്‍ന്ന യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ പറയുന്നു. തീരുവകളുള്ളതിനാല്‍ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കില്‍ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിലുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് വാഷിങ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി കണ്ടെത്തിയത്. അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം (ഐഇഇപിഎ) ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു കോടതിവിധി. ഏഴു ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ നാലുപേര്‍ എതിര്‍ത്തു.

അതിനിടെ, നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ട്രംപ് സര്‍ക്കാരിന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്. ഐഇഇപിഎ നിയമം തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നില്ലെന്നു കാണിച്ച് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന 12 സംസ്ഥാനങ്ങള്‍ നല്‍കിയ കേസും തീരുവയ്ക്കെതിരേ അഞ്ച് ചെറുകിടവ്യവസായസ്ഥാപനങ്ങള്‍ നല്‍കിയ മറ്റൊരു കേസും പരിഗണിച്ചാണ് അപ്പീല്‍ കോടതിയുടെ വിധി.

1977-ല്‍ പാസാക്കിയ ഐഇഇപിഎ നിയമം ദേശീയ അടിയന്തരാവസ്ഥസമയത്ത് വിദേശരാജ്യങ്ങള്‍ക്കുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനും അവരുടെ ആസ്തികള്‍ മരവിപ്പിക്കാനുമാണ് ഉപയോഗിച്ചിരുന്നതെന്നും അതുപയോഗിച്ച് തീരുവകളും നികുതികളും ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഏപ്രിലില്‍ വിദേശരാജ്യങ്ങള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കങ്ങള്‍ക്കും ഫെബ്രുവരിയില്‍ ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് പ്രഖ്യാപിച്ച തീരുവകള്‍ക്കും വിധി ബാധകമാണ്. അതേസമയം, സ്റ്റീല്‍, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് ചുമത്തിയ തീരുവയെ ഈ വിധി ബാധിക്കില്ല.അത്യന്തം പക്ഷപാതപരമായ തീരുമാനമെന്ന് കോടതിവിധിയെ ട്രംപ് ട്രൂത്ത് സോഷ്യലില്‍ വിശേഷിപ്പിച്ചിരുന്നു. തീരുവകള്‍ ഒഴിവാക്കിയാല്‍ അത് രാജ്യത്തെ സംബന്ധിച്ച് സമ്പൂര്‍ണദുരന്തമാകുമെന്നും പറഞ്ഞു. സുപ്രീംകോടതിയില്‍ നല്‍കുന്ന അപ്പീലിലൂടെ വിധി മാറുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

തന്റെ രണ്ടാംവരവില്‍ യുഎസിന്റെ വിദേശനയത്തിന്റെ നെടുംതൂണായി ട്രംപ് പ്രതിഷ്ഠിച്ചിരിക്കുന്നത് തീരുവയെയാണ്. ഇത് ആയുധമാക്കിയാണ് വിദേശരാജ്യങ്ങളുമായി യുഎസിനനുകൂലമായ വ്യാപാരക്കരാറുണ്ടാക്കാന്‍ വിലപേശുന്നത്. ഒപ്പം ചില രാജ്യങ്ങള്‍ക്കുമേല്‍ രാഷ്ട്രീയസമ്മര്‍ദമുയര്‍ത്താനും തീരുവ ആയുധമാക്കുന്നു.

ഇന്ത്യക്കെതിരെ ആരോപണം

യുഎസില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ലോകത്ത് ഒരു രാജ്യവും ഏര്‍പ്പെടുത്താത്ത ഇറക്കുമതി തീരുവയാണ് ഇന്ത്യ ചുമത്തിയതെന്നും അമേരിക്കയെ തീരുവ കൊണ്ട് കൊന്ന് കളഞ്ഞുവെന്നും ട്രംപ് ആരോപിച്ചിരുന്നു. താന്‍ തിരിച്ചടി തീരുവ പ്രഖ്യാപിച്ചതോടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കി നല്‍കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ മാത്രമല്ല,ചൈനയും ബ്രസീലും തീരുവ കൊണ്ട് യുഎസിനെ ഇല്ലാതാക്കിയ രാജ്യങ്ങളാണെന്നും ദ് സ്‌കോട് ജെന്നിങ്‌സ് റേഡിയോ ഷോയില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയുഎസ് വ്യാപാരബന്ധം പാടേ ഉലഞ്ഞിരിക്കുന്നതിനിടയിലാണ് ട്രംപിന്റെ വിവാദ പ്രസ്താവന.

ലോകത്ത് മറ്റാരെക്കാളും നന്നായി തനിക്ക് തീരുവയെ കുറിച്ച് അറിയാമെന്ന് ട്രംപ് അവകാശപ്പെട്ടു. പകരം തീരുവ ഏര്‍പ്പെടുത്തിയതോടെ മാത്രമാണ് ഇന്ത്യ യുഎസിന് മേലുള്ള തീരുവ കുറയ്ക്കാന്‍ തുടങ്ങിയത്. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു തീരുവയും ഏര്‍പ്പെടുത്തില്ലെന്നും ഇന്ത്യ വാഗ്ദാനം ചെയ്തുവെന്നും ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച തീരുമാനം കൊണ്ട് യുഎസ് സമ്പദ്‌വ്യവസ്ഥ കരുത്തു നേടുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യുഎസുമായി ഇതുവരെയുണ്ടായിരുന്ന വ്യാപാരവാണിജ്യബന്ധം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ഏകപക്ഷീയമായ ദുരന്തമായിരുന്നു അതെന്നും ട്രംപ് പറയുന്നു. ഇക്കാലമത്രയും വ്യാപരത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയത് ഇന്ത്യ മാത്രമാണ്. ഇന്ത്യ തീരുവ ഒഴിവാക്കി തരാമെന്ന് പറഞ്ഞുവെങ്കിലും വൈകിപ്പോയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതിനിടെ രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചതിന് പിന്നാലെ കടുത്ത പ്രതിഷേധം ട്രംപിനെതിരെ ഉയര്‍ന്നിരുന്നു.

50 ശതമാനമാണ് ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയിരിക്കുന്ന അധികത്തീരുവ. റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്നതിനോടുള്ള പ്രതിഷേധമായാണ് 25 ശതമാനം തീരുവ കൂടുതലായി ഏര്‍പ്പെടുത്തിയത്. യുഎസ് ഏര്‍പ്പെടുത്തിയ ഈ അധികത്തീരുവ അസംബന്ധവും ന്യായീകരിക്കാന്‍ കഴിയാത്തതുമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു. രാജ്യത്തിന്റെ താല്‍പര്യങ്ങളെയും സാമ്പത്തിക സുരക്ഷിതത്വത്തെയും സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും വെല്ലുവിളികളെ അതിജീവിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.