വാഷിങ്ടണ്‍: ഇന്ത്യക്കെതിരേ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീങ്ങുമെന്ന് സൂചന. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ ഓരോ നീക്കവും ഇന്ത്യ നിരീക്ഷിക്കുകയാണ്. യുഎസ് ഐടി കമ്പനികളില്‍നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ഔട്ട് സോഴ്‌സിങ് നിര്‍ത്തലാക്കുമെന്ന സൂചനകള്‍ പുറത്തു വരുന്നുണ്ട്. തീരുവ വര്‍ധിപ്പിച്ച് വ്യാപാര യുദ്ധം ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച ട്രംപിന്റെ പുതിയ നീക്കം അമേരിക്കയേയും പിടിച്ചുലയ്ക്കും. ഇന്ത്യയിലേക്ക് ജോലികള്‍ ഔട്ട് സോഴ്‌സ് ചെയ്യുന്നതിലൂടെ അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ലാഭം ഉണ്ടാകാറുണ്ട്.

ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാന്‍ ട്രംപ് ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. യുഎസ് ഐടി കമ്പനികള്‍, അവരുടെ ജോലികള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഔട്ട്സോഴ്സ് ചെയ്യുന്നത് തടയാന്‍ ട്രംപ് ആലോചിക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇംഗ്ലീഷിനു വേണ്ടി ഇനി 2 അമര്‍ത്തേണ്ടിവരില്ല, ലോറ എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്. ഇന്ത്യയില്‍ ഇത് വന്‍തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഔദ്യോഗിക പ്രഖ്യാപനങ്ങളോ വിവരങ്ങളോ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എല്ലാ വിദേശ വിദൂര തൊഴിലാളികള്‍ക്കും ഔട്ട്‌സോഴ്‌സിങ്ങിനും താരിഫ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ് അമേരിക്കയില്‍. ട്രംപ് അനുകൂലികളാണ് ഇതിന് പിന്നിലും.

ഇന്ത്യ തങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കുമെന്നുള്ള അതിമോഹവുമായി അമേരിക്കയില്‍ നിന്നൊരു പ്രതികരണം ഉണ്ടായിരുന്നു. വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കായിരുന്നു അത്തരത്തിലുളള പ്രസ്താവന നടത്തിയത്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ വ്യാപാര കരാറിന്റെ ചര്‍ച്ചയ്ക്ക് ഇന്ത്യ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും വാഷിംഗ്ടണ്‍ എപ്പോഴും ചര്‍ച്ചകള്‍ക്ക് തയാറാണെന്നുമാണ് ഹോവാര്‍ഡ് ലുട്നിക്ക് പറഞ്ഞത്. റഷ്യന്‍ എണ്ണയുടെ വാങ്ങല്‍ വര്‍ദ്ധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നും വാഷിംഗ്ടണിനെ ദീര്‍ഘകാലം വെല്ലുവിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.'ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ ക്ഷമ ചോദിക്കും. ട്രംപുമായി കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്'- ഇപ്രകാരമായിരുന്നു ലുട്നിക്കിന്റെ പ്രസ്താവന.

ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും ലുട്‌നിക് പറഞ്ഞു. അമേരിക്ക ഏര്‍പ്പെടുത്തിയ അമ്പതുശതമാനം തീരുവയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി യുഎസ് ഡോളറിനെ പിന്തുണയ്ക്കാനും ബ്രിക്‌സില്‍ നിന്ന് പിന്‍വാങ്ങാനും ഇന്ത്യയോട് ലുട്‌നിക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനും ലുട്നിക്ക് ഇന്ത്യയെ വിമര്‍ശിച്ചു. റഷ്യന്‍ സംഘര്‍ഷത്തിന് മുമ്പ് ഇന്ത്യ റഷ്യയില്‍ നിന്ന് രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ 40 ശതമാനവും റഷ്യയില്‍ നിന്നാണ് വാങ്ങുന്നതെന്നും ലുട്‌നിക് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ മോദിയെ ട്രംപ് പുകഴ്ത്തുകയും ചെയ്തു. ഇതിനോട് അനുകൂലമായി മോദിയും പ്രതികരിച്ചു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്.

അതിനിടെ അമേരിക്കയില്‍ ട്രംപിന്റെ ജനപ്രീതി കുത്തനെ ഉയരുന്നതായി പുതിയ സര്‍വേ ഫലങ്ങള്‍ പറുത്തു വന്നിരുന്നു. ഡെയ്ലി മെയില്‍, ജെ.എല്‍. പാര്‍ട്‌ണേഴ്സ് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേയില്‍ ട്രംപിന് 55 ശതമാനം അംഗീകാര റേറ്റിങ് ലഭിച്ചു. ഇത് ട്രംപിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ജനപ്രീതിയാണിതെന്ന് ജെ.എല്‍. പാര്‍ട്‌ണേഴ്സിന്റെ സഹസ്ഥാപകന്‍ ജെയിംസ് ജോണ്‍സണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 1 വരെ 867 റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. കുടിയേറ്റം, കുറ്റവാളികളെ നാടുകടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്രംപ് സ്വീകരിച്ച കര്‍ശന നിലപാടുകളാണ് ഈ ജനപ്രീതി വര്‍ധനവിന് പ്രധാന കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്റെ നയത്തിന് സമൂഹത്തില്‍ വലിയ പിന്തുണയുണ്ടെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഈ നയത്തിന് 80 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇതില്‍ 88% റിപ്പബ്ലിക്കന്‍മാരും, 80% സ്വതന്ത്ര വോട്ടര്‍മാരും, 72% ഡെമോക്രാറ്റുകളും ഉള്‍പ്പെടുന്നു. അതിര്‍ത്തി സംരക്ഷണം, താരിഫ് വരുമാനം വര്‍ധിപ്പിക്കല്‍, തലസ്ഥാന നഗരിയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കല്‍ എന്നിവയില്‍ ട്രംപിന്റെ ഭരണകൂടം വിജയിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പ്രതികരിച്ചു. ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' അജണ്ട മികച്ച ഫലങ്ങള്‍ നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മറ്റൊരു സര്‍വേയില്‍, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമിനെക്കാള്‍ മുന്നിലാണെന്നും കണ്ടെത്തി. ഈ സാഹചര്യത്തില്‍ കൂടിയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കുന്നത്.