വാഷിങ്ടന്‍: ഇന്ത്യയുമായി വ്യാപര കരാറുണ്ടാക്കാനുള്ള ശ്രമം തുടരുന്നുവെന്ന് പറയുമ്പോഴും സമ്മര്‍ദ്ദം തുടര്‍ന്ന് അമേരിക്ക. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് പോകും. ഇന്ത്യയുടെ നിയുക്ത അംബാസിഡര്‍ അടക്കം ഇക്കാര്യം സൂചന നല്‍കിയിട്ടുണ്ട്. ഇതിനിടെയിലും റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തു വരുന്നു. ഇരുരാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുക്രെയ്‌നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ നീക്കം.

വെള്ളിയാഴ്ച നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗത്തില്‍ യുഎസ് മുന്നോട്ട് വച്ച നിര്‍ദേശം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ചൈനയ്ക്കും ഇന്ത്യയ്ക്കും 100 ശതമാനം വരെ തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ജി7 രാജ്യങ്ങള്‍ക്ക് മുന്നിലും ഇതേ നിര്‍ദേശം വച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര കരാറിന് ഇന്ത്യ ശ്രമിക്കുകയാണ്. അതും അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് ട്രംപിന്റെ സമ്മര്‍ദ്ദം. ഇതേ ട്രംപ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തുന്നുവെന്നതാണ് മറ്റൊരു വസ്തുത. അങ്ങനെ അമേരിക്ക ഒരേ സമയം സുഹൃത്തിന്റെ റോളിനൊപ്പം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കങ്ങളും നടത്തുകയാണ്.

യുഎസിന് പുറമെ യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ജി7ല്‍ ഉള്ളത്. ''റഷ്യന്‍ എണ്ണ ചൈനയും ഇന്ത്യയും വാങ്ങുന്നതിലൂടെ പുട്ടിന്റെ യുദ്ധ യന്ത്രത്തിന് ധനസഹായം നല്‍കുകയാണ്. യുക്രെയ്ന്‍ ജനതയെ ഉന്മൂലനം ചെയ്യുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഈ ആഴ്ച ആദ്യം, ഞങ്ങള്‍ യൂറോപ്യന്‍ യൂണിയനോട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അവര്‍ ഞങ്ങളോടൊപ്പം ചേരും. യുദ്ധം അവസാനിക്കുന്ന ദിവസം വരുന്നത് വരെ ഉയര്‍ന്ന തീരുവകള്‍ ഈ രാജ്യങ്ങള്‍ക്കെതിരെ ചുമത്തണം. ജി-7 രാജ്യങ്ങളും ഞങ്ങളോടൊപ്പം മുന്നേറേണ്ടതുണ്ട്'' യുഎസ് ട്രഷറി വകുപ്പ് വക്താവ് പറഞ്ഞത് ഇങ്ങനെയാണ്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ചൈനീസ് പൗരന്മാര്‍ക്ക് നിരോധനം നേരത്തെ ഏര്‍പ്പെടുത്തിയിരു്‌നു. നാസയുടെ സൗകര്യങ്ങള്‍ ചൈനീസ് പൗരന്മാര്‍ ഉപയോഗിക്കുന്നത് ഈ മാസം അഞ്ചു മുതല്‍ നിരോധിച്ചു. സുരക്ഷാ കാരണങ്ങളാലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ചൈനീസ് പൗരത്വമുള്ള കരാര്‍ ജോലിക്കാരും ഗവേഷണ പങ്കാളികളും നാസയില്‍ ജോലി ചെയ്തിരുന്നു. ഇവര്‍ക്ക് ഇപ്പോള്‍ നാസയുടെ സംവിധാനങ്ങള്‍, ഉപകരണങ്ങള്‍, കംപ്യൂട്ടര്‍ ശൃംഖലകള്‍ തുടങ്ങിയവ ഉപയോഗിക്കാനാവില്ല. നാസ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ചൈനയെ സമ്മര്‍ദ്ദത്തിലാക്കുക എന്ന തന്ത്രമാണ്.

ചൈന ബഹിരാകാശ മേഖലയില്‍ യുഎസിനു വെല്ലുവിളിയായി വളര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. ചൈനയ്ക്കു സ്വന്തമായി ബഹിരാകാശ സ്റ്റേഷന്‍ ഉണ്ട്. ചന്ദ്രനിലേക്കു മനുഷ്യനെ അയയ്ക്കാനുള്ള ഉദ്യമത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ മത്സരമുണ്ട്.