- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വര്‍ക്ക് പെര്‍മിറ്റുകാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്; നിയന്ത്രണം നടപ്പിലായതോടെ ആശ്രിത വിസയിലും കുറവ്; കുടിയേറ്റക്കാരില്‍ പാതിയോളം പേര്‍ സ്റ്റുഡന്റ് വിസക്കാര്‍; കുടിയേറ്റ വിരുദ്ധ വികാരം ബ്രിട്ടനെ ഇളക്കിമറിക്കുമ്പോള്‍ ഒടുവില്‍ പുറത്ത് വന്ന കുടിയേറ്റ കണക്ക് ഇങ്ങനെ
ലണ്ടന്‍: അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍ക്ക് മുന്നില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ വാര്‍ത്തകളും, അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ പ്രസ്താവനകളും, റിഫോം പാര്‍ട്ടിയുടെ സമ്മേളനവുമെല്ലാം വിരല്‍ ചൂണ്ടുന്നത് ഈ വേനല്‍ക്കാലത്ത് ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ ചര്‍ച്ചാവിഷയം കുടിയേറ്റം ആയിരിക്കും എന്നാണ്. ആഗസ്റ്റില്‍ നടന്ന ഒരു അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് ബ്രിട്ടന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം കുടിയേറ്റമാണ് എന്നായിരുന്നു. 2015 ല്‍ യൂറോപ്പ് കുടിയേറ്റ പ്രതിസന്ധി അഭിമുഖീകരിച്ച കാലത്തിന് ശേഷം, കുടിയേറ്റത്തെ കുറിച്ച് ഏറ്റവുമധികം ആശങ്ക രേഖപ്പെടുത്തിയത് ഈ വര്‍ഷമായിരുന്നു.
എന്നാല്‍, ഇത്ര കടുത്ത ആശങ്ക ഉയരുമ്പോഴും കുടിയേറ്റങ്ങള്‍ കുറഞ്ഞു വരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിലെ (ഒ എന്‍ എസ്) കണക്കുകള്‍ പറയുന്നത് 2011 ന് ശേഷം നെറ്റ് മൈഗ്രേഷന്‍ 2 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിലായി ഒതുക്കാന്‍ കഴിഞ്ഞു എന്നാണ്. 2020 ഡിസംബര്‍ 31 ന് ശേഷം ബ്രിട്ടന്‍ കണ്ടത് നെറ്റ് മൈഗ്രേഷന്‍ കുതിച്ചുയരുന്നതായിരുന്നു. ബോറിസ് തരംഗം എന്ന് വിമര്‍ശകര്‍ പരാമര്‍ശിച്ചിരുന്ന ബ്രെക്സിറ്റിന് ശേഷമുണ്ടായ കുടിയേറ്റക്കാരുടെ പ്രവാഹത്തിന് ഇപ്പോള്‍ ചെറിയ ഒരു ശമനം ഉണ്ടായിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിലും ഇടിവുണ്ടായിട്ടുണ്ട്. അദ്ധ്യായന വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി സാധാരണ ആഗസ്റ്റ് മാസത്തിലായിരിക്കും വിസ അപേക്ഷകള്‍ കൂടുതലായി എത്തുക. ഈ വര്‍ഷം വിസ അപേക്ഷകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 2023 ലെ കണക്കുമായി താരതമ്യം ചെയ്താല്‍ ഉണ്ടായിരിക്കുന്നത് 18 ശതമാനത്തിന്റെ കുറവാണ്. നേരത്തേ ലക്ഷക്കണക്കിന് ആളുകള്‍ക്ക് കുടിയേറാന്‍ അവസരമൊരുക്കിയതിന് റിഫോം യു കെ നേതാവ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കുറ്റപ്പെടുത്തിയിരുന്നു.. അവരില്‍ പലരും ജോലി ചെയ്യുന്നില്ലെന്നും, ബ്രിട്ടീഷ് നികുതിദായകരുടെ ചെലവില്‍ ജീവിക്കുകയാണെന്നും അദ്ദെഹം കുറ്റപ്പെടുത്തിയിരുന്നു.
അഭയാര്‍ത്ഥികളായി എത്തുന്നവര്‍ക്ക്, അവരുടെ അപേക്ഷ സ്വീകരിക്കപ്പെടുന്നതുവരെ ബ്രിട്ടനില്‍ ജോലി ചെയ്യാനുള്ള അനുവാദമില്ല. അതേസമയം, ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത അഭയാര്‍ത്ഥികളുടെ വിഷയം മാധ്യമങ്ങള്‍ വലിയ തോതില്‍ ചര്‍ച്ചയാക്കുമ്പോഴും, യു കെയില്‍ 2025 ല്‍ എത്തിയ മൊത്തം കുടിയേറ്റക്കാരില്‍ കേവലം 5 ശതമാനത്തില്‍ താഴെ മാത്രം ആളുകളാണ് അപ്രകാരം എത്തുന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. യു കെയില്‍ എത്തുന്ന വിദേശികളില്‍ ഏറ്റവും വലിയ വിഭാഗം വിദ്യാര്‍ത്ഥികളും അവരുടെ ആശ്രിതരുമാണ്. ഏകദേശം 47 ശതമാനത്തോളം വരും ഇവര്‍. രണ്ടാമതുള്ളത് 20 ശതമാനം വരുന്ന വര്‍ക്കിംഗ് വിസയില്‍ എത്തിയവരാണ്.