വാഷിങ്ടണ്‍: ഫലസ്തീന്റെ പ്രധാന ഭൂപ്രദേശമായ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിന് ഇസ്രായേലിനെ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലിം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ അറബ്-മുസ്ലിം നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പൊളിറ്റിക്കോ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെസ്റ്റ് ബാങ്ക് നിലവില്‍ ഭരിക്കുന്നത് ഹമാസല്ല, ഫലസ്തീന്‍ അതോറിറ്റിയാണ്. അതുകൊണ്ട് തന്നെ വെസ്റ്റ് ബാങ്കിനെ ഒരുകാരണവശാലും ഇസ്രയേല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്ന് ട്രംപ് ഉറപ്പുനല്‍കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗസ്സ മുനമ്പും വെസ്റ്റ് ബാങ്കും പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ ഉറപ്പ്. അതേസമയം, ഗസ്സയെക്കുറിച്ച് ട്രംപ് സമാനമായ ഉറപ്പ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. മുന്‍പ്, ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അവിടുത്തെ ഫലസ്തീനികളെ പുറത്താക്കി ആ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കുമെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.

ട്രംപ് വെസ്റ്റ് ബാങ്കിന്റെ കാര്യത്തില്‍ ഉറപ്പുനല്‍കിയെങ്കിലും, രണ്ടുവര്‍ഷത്തിലേറെയായി തുടരുന്ന ഹമാസിനെതിരായ യുദ്ധം ഇസ്രയേല്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും ഇല്ല. ഗസ്സയില്‍ യുദ്ധം അവസാനിപ്പിക്കാനും യുദ്ധാനന്തര ഭരണസംവിധാനം സ്ഥാപിക്കാനും 21 ഇന പദ്ധതി ട്രംപ് അവതരിപ്പിച്ചു. 'ഇസ്രായേലിന്റെയും മേഖലയിലെ എല്ലാ അയല്‍രാജ്യങ്ങളുടെയും ആശങ്കകളെ പരിഹരിക്കുന്നതാണ് ഈ പദ്ധതി,' പശേചിമേഷ്യയിലെ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

ഈ സാഹചര്യത്തില്‍, നെതന്യാഹുവും ഇസ്രായേല്‍ സൈന്യവും ഗസ്സയ്ക്ക് നേരെയുള്ള ആക്രമണം കടുപ്പിക്കുകയാണ്. ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതിന് പിന്നാലെയും വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വ്യാപിപ്പിക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. 'ജൂദിയയിലും സമരിയയിലും (വെസ്റ്റ് ബാങ്കിന്റെ ബൈബിളിലെ പേരുകള്‍) ജൂതകുടിയേറ്റം ഇരട്ടിയാക്കി ഈ പാതയില്‍ മുന്നോട്ട് പോകും,' അദ്ദേഹം പറഞ്ഞു.

തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, വെസ്റ്റ് ബാങ്കില്‍ ഉടനടി പരമാധികാരം സ്ഥാപിക്കാനും ഫലസ്തീന്‍ അതോറിറ്റിയെ പൂര്‍ണ്ണമായും പിരിച്ചുവിടാനും ആവശ്യപ്പെട്ടിട്ടുണ്ട് ട്രംപുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്റ് രസെപ് തയിപ് ഉര്‍ദുഗാന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.