ലണ്ടന്‍: സര്‍ക്കാര്‍ നല്‍കുന്ന ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധമാക്കുക വഴി ഉത്തര കൊറിയയുടെയും, ചൈനയുടെയും, താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്റെയും നിലവാരത്തിലേക്ക് ബ്രിട്ടന്‍ എത്തുകയാണെന്ന ശക്തമായ ആരോപണം ഉയരുന്നു. അനധികൃത കുടിയേറ്റം തടയുന്നതിന് എന്ന് അവകാശപ്പെട്ട് സര്‍ കീര്‍ സ്റ്റാര്‍മര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പുതിയ പദ്ധതിയാണ് ബ്രിട്ട് കാര്‍ഡ് എന്നറിയപ്പെടുന്ന പുതിയ ഡിജിറ്റല്‍ ഐ ഡി കാര്‍ഡുകള്‍. ഒരു വ്യക്തിക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനും തൊഴിലെടുക്കുന്നതിനും നിയമപരമായ അവകാശമുണ്ടോ എന്ന് എളൂപ്പത്തില്‍ ഇതുവഴി പരിശോധിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

വിശദമായി, പൂര്‍ണ്ണ വിവരങ്ങള്‍ സഹിതം ഇന്ന് പ്രഖ്യാപിക്കപ്പെടും എന്ന് കരുതപ്പെടുന്ന ഈ പദ്ധതി, പക്ഷെ കണ്‍സള്‍ട്ടേഷന് ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളു. ജോലിയില്‍ പ്രവേശിക്കുമ്പോഴും വീട് വാടകയ്ക്ക് എടുക്കുമ്പോഴുമൊക്കെ ഡിജിറ്റല്‍ ഐ ഡി കാണിക്കേണ്ടി വരുന്ന ഈ പദ്ധതിക്ക് പൂര്‍ണ്ണ പിന്തുണയാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് നല്‍കുന്നത്. ഒരു നിശ്ചിത ആപ്പിലായിരിക്കും ഈ കാര്‍ഡ് കാണിക്കേണ്ടത്. കാര്‍ഡിലെ വിവരങ്ങള്‍ ഓട്ടോമാറ്റിക് ആയി സെന്‍ട്രല്‍ ഡാറ്റാബേസിലെ വിവരങ്ങലുമായി ഒത്തുനോക്കപ്പെടും.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഒഴിവാക്കാന്‍ ഇതുവഴി കഴിയുമെന്ന് അവകാശപ്പെട്ട ഹോം സേക്രട്ടറി, തന്റെ ദീര്‍ഘകാല രാഷ്ട്രീയ വീക്ഷണം ഐ ഡി കാര്‍ദുകള്‍ക്ക് അനുകൂലമാണെന്നും പറഞ്ഞു. എന്നാല്‍, പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ അര്‍ദ്ധമനസ്സാണ്. സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകളില്‍ നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടതായി വരുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. റഷ്യ, ബെലാറൂസ്, ഇറാന്‍ എന്നിവ ഉള്‍പ്പടെ ലോകത്തിലെ, സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ സവിശേഷതയാണ് നിര്‍ബന്ധ ഐ ഡി കാര്‍ഡുകള്‍ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഉത്തര കൊറിയയില്‍ എല്ലാവര്‍ക്കും ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്. രാജ്യത്തിനകത്തു തന്നെ ഒരു പ്രവിശ്യയില്‍ നിന്നും മറ്റൊന്നിലേക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പോകാന്‍ കഴിയാത്ത ഇവിടെ പൗരന്മാരുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനാണ് ഐ ഡി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. ചൈനയിലാണെങ്കില്‍ 16 വയസ്സ് പൂര്‍ത്തിയായാല്‍ ഐ ഡി കാര്‍ഡ് നിര്‍ബന്ധമായും എടുത്തിരിക്കണം. ഇവിടെ പോലീസ് കൂടെക്കൂടെ വിദേശികള്‍ ഉള്‍പ്പടെയുള്ളവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാറുണ്ട്. ആവശ്യപ്പെടുന്ന സമയത്ത് പാസ്സ്‌പോര്‍ട്ട് ഹാജരാക്കാന്‍ കഴിയാത്ത വിദേശികള്‍ക്ക് ജയില്‍ വാസം അനുഭവിക്കേണ്ടതായും വരാം.

ഇറാനില്‍ 15 വയസ്സ് കഴിഞ്ഞ ഇറാനിയന്‍ പൗരന്മാര്‍ക്കും സ്ഥിരതാമാസക്കാര്‍ക്കും ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്. ആവശ്യപ്പെടുമ്പോള്‍ ഐ ഡി കാര്‍ഡ് കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തടവ് ശിക്ഷ ലഭിക്കും. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലും ഐ ഡി കാര്‍ഡ് നിര്‍ബന്ധമാണ്. സ്ത്രീകളുടെ ഫോട്ടോ എടുക്കുന്നത് ഇസ്ലാമില്‍ നിഷിദ്ധമാണെന്ന് ചില മത പണ്ഡിതന്മാര്‍ പറഞ്ഞതിനാല്‍, ഐ ഡി കാര്‍ഡില്‍ ഫോട്ടോ പതിക്കണമെന്ന നിബന്ധന സ്ത്രീകള്‍ക്ക് ഒഴിവാക്കിയിട്ടുണ്ട് എന്ന് മാത്രം.

അനധികൃത കുടിയേറ്റം തടയാന്‍ ഈ പദ്ധതി ഉപകാരപ്പെടില്ല എന്ന് തുറന്നടിച്ച നെയ്ജല്‍ ഫരാജ്, മറ്റുള്ളവരെ ശിക്ഷിക്കാന്‍ മാത്രമെ ഇത് ഉപകാരപ്പെടുകയുള്ളു എന്നും പറഞ്ഞു. ഒരു ഭരണകൂടത്തിനും ഇത്രയും അധികാരം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റം തടയുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയം മറച്ചുവയ്ക്കുന്നതിനുള്ള ഒരു കണ്‍കെട്ട് വിദ്യ മാത്രമാണിതെന്നാണ് കെമി ബെയ്ഡ്‌നോക്ക് ആരോപിക്കുന്നത്. നിലവില്‍ വരുന്നതിന് മുന്‍പായി ഇത് നിയമമാക്കേണ്ടതുണ്ട്. പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുമ്പോള്‍ ഇത് ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് ഇടയാക്കും എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും, ഇത് ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പരാമര്‍ശിക്കാത്ത ഒരു കാര്യമാണ് എന്നതിനാല്‍, തീര്‍ച്ചയായും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ പ്രതീക്ഷിക്കാം.