- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 8:17-ന് പുറപ്പെട്ട വിമാനത്തില്‍ 8:33-ഓടെ വൈദ്യുത തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു; 8:36-ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; പിന്നീട് തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി തുര്‍ക്കിയും ലിബിയയും
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹമ്മദ് അല്‍-ഹദ്ദാദും ഉന്നത ഉദ്യോഗസ്ഥരും തുര്‍ക്കിയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ലിബിയയില്‍ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടാനും ഔദ്യോഗിക ആഘോഷങ്ങള്‍ റദ്ദാക്കാനും ലിബിയന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഡിസംബര്‍ 24, 25 തീയതികളില്‍ നടക്കേണ്ടിയിരുന്ന ലിബിയയുടെ 74-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളും ഇതോടെ മാറ്റിവെച്ചു.
ചൊവ്വാഴ്ച രാത്രി അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സ്വകാര്യ ബിസിനസ് ജെറ്റാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 8:17-ന് പുറപ്പെട്ട വിമാനത്തില്‍ 8:33-ഓടെ വൈദ്യുത തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടിയന്തര ലാന്‍ഡിംഗിന് അനുമതി തേടിയെങ്കിലും 8:36-ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. പിന്നീട് ഹയ്മാന ജില്ലയിലെ കെസിക്കാവക് ഗ്രാമത്തിന് സമീപമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സാങ്കേതിക തകരാറാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം, ജനറല്‍ അല്‍-ഹദ്ദാദിനെ കൂടാതെ മേജര്‍ ജനറല്‍ അല്‍-ഫൈതൂരി ഗ്രിബില്‍ (ഗ്രൗണ്ട് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ്), ബ്രിഗേഡിയര്‍ മഹ്‌മൂദ് അല്‍-ഖാത്തിവി (മിലിട്ടറി മാനുഫാക്ചറിംഗ് ഏജന്‍സി ഡയറക്ടര്‍), മുഹമ്മദ് അല്‍-അസവി ദിയാബ് (ചീഫ് ഓഫ് സ്റ്റാഫ് ഉപദേശകന്‍), മുഹമ്മദ് ഒമര്‍ അഹമ്മദ് മഹ്ജൂബ് (ഫോട്ടോഗ്രാഫര്‍) എന്നിവരും കൊല്ലപ്പെട്ടു.
സമഗ്രമായ അന്വേഷണം നടത്താന്‍ തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയതായി തുര്‍ക്കി നീതിന്യായ മന്ത്രി യീല്‍മാസ് തുഞ്ച് അറിയിച്ചു. അന്വേഷണത്തില്‍ തുര്‍ക്കി അധികൃതരുമായി സഹകരിക്കുന്നതിനായി ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഹമീദ് ദബെയ്ബ പ്രത്യേക പ്രതിനിധി സംഘത്തെ അങ്കാറയിലേക്ക് അയച്ചു. തുര്‍ക്കി സൈനിക മേധാവി ജനറല്‍ സെല്‍ച്ചുക് ബയരക്തറോഗ്ലുവിന്റെ ക്ഷണപ്രകാരം പ്രതിരോധ ചര്‍ച്ചകള്‍ക്കായി എത്തിയതായിരുന്നു ലിബിയന്‍ സംഘം. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് ദുരന്തം. സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ചൊവ്വാഴ്ച രാത്രി അങ്കാറയിലെ എസന്‍ബോഗ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഹൈമാന മേഖലയില്‍ തകര്‍ന്നുവീഴുകയായിരുന്നു. രാത്രി 8.30-ന് ടേക്ക് ഓഫ് ചെയ്ത് 40 മിനിറ്റുകള്‍ക്ക് ശേഷം വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. ജനറല്‍ അല്‍-ഹദ്ദാദിന്റെ മരണം ലിബിയന്‍ പ്രധാനമന്ത്രി അബ്ദുല്‍-ഹമീദ് ദബെയ്ബ സ്ഥിരീകരിക്കുകയും അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.




