ന്യൂയോര്‍ക്ക്: വെനസ്വേലന്‍ പ്രസിഡന്റ് നികോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പിടികൂടിയതിന് പിന്നാലെ, ഡാനിഷ് സ്വയംഭരണ പ്രദേശമായ ഗ്രീന്‍ലാന്‍ഡും അമേരിക്കന്‍ നിയന്ത്രണത്തിലാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നോബല്‍ സമാധാന പുരസ്‌കാരം ട്രംപ് ആഗ്രഹിച്ചിരുന്നു. പക്ഷേ നോബല്‍ കിട്ടിയില്ല. ഇപ്പോഴത്തെ നീക്കങ്ങളിലൂടെ 'ട്രംപിസം' അത് അര്‍ഹിച്ചിരുന്നില്ലെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്.

ട്രംപിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവന്‍ മില്ലറുടെ ഭാര്യ കാറ്റി മില്ലര്‍ പങ്കുവെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഈ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. ഗ്രീന്‍ലാന്‍ഡിന്റെ ഭൂപടത്തില്‍ അമേരിക്കന്‍ പതാക പതിപ്പിച്ച ചിത്രം പങ്കുവെച്ച കാറ്റി മില്ലര്‍, 'ഉടന്‍' എന്ന് കുറിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ വിവാദമായിട്ടുണ്ട്. അമേരിക്കയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് ഗ്രീന്‍ലാന്‍ഡ് അത്യന്താപേക്ഷിതമാണെന്ന് പ്രസിഡന്റ് ട്രംപ് നേരത്തെയും ആവര്‍ത്തിച്ചിരുന്നു.

വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 40 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മഡുറോയെയും ഭാര്യയെയും ഹെലികോപ്റ്ററില്‍ ന്യൂയോര്‍ക്കിലെ ജയിലിലെത്തിച്ചു. ഈ സൈനിക നടപടിക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡിന് നേരെയും സമാനമായ നീക്കമുണ്ടാകുമോ എന്ന ഭയത്തിലാണ് ഡാനിഷ് ഭരണകൂടം. എന്നാല്‍, അമേരിക്കന്‍ നീക്കത്തിനെതിരെ ഡെന്മാര്‍ക്ക് ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരത്തെ മാനിക്കണമെന്നും തങ്ങളുടെ മണ്ണ് ആര്‍ക്കും വില്‍ക്കാനുള്ളതല്ലെന്നും ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്‍ വ്യക്തമാക്കി. ട്രംപിന്റെ ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഡെന്മാര്‍ക്ക് ആര്‍ട്ടിക് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുകയാണ്. തന്ത്രപരമായ സൈനിക പ്രാധാന്യവും അപൂര്‍വ്വമായ ധാതുശേഖരവുമാണ് ഗ്രീന്‍ലാന്‍ഡിനെ ട്രംപിന്റെ പ്രിയപ്പെട്ട ലക്ഷ്യമാക്കി മാറ്റുന്നത്. ലൂസിയാന ഗവര്‍ണര്‍ ജെഫ് ലാന്‍ഡ്രിയെ ഗ്രീന്‍ലാന്‍ഡിലേക്കുള്ള പ്രത്യേക ദൂതനായി ട്രംപ് നിയോഗിച്ചു കഴിഞ്ഞു.

ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ ഭാഗമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍, ഗ്രീന്‍ലാന്‍ഡിലെ 85 ശതമാനം ജനങ്ങളും അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. നാറ്റോ സഖ്യരാജ്യമായ ഡെന്മാര്‍ക്കിനെതിരെ ട്രംപ് സ്വീകരിക്കുന്ന ഈ നിലപാട് അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധിയുണ്ടാക്കാനാണ് സാധ്യത.