ടെഹ്റാന്‍: ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കിടയില്‍ അറസ്റ്റിലായ യുവ പ്രക്ഷോഭകന്‍ എര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷ നാളെ നടപ്പാക്കും. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത എര്‍ഫാനെ, വെറും നാല് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് തൂക്കിലേറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്. പ്രക്ഷോഭം തുടങ്ങിയതിന് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ ഇരയാകുകയാണ് ഈ 26-കാരന്‍.

അതിവേഗ വിചാരണ, നിഷേധിക്കപ്പെട്ട നീതി

ഫര്‍ദിസിലെ തന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട എര്‍ഫാന് നിയമസഹായം തേടാനോ പ്രതിരോധിക്കാനോ ഉള്ള പ്രാഥമിക അവകാശങ്ങള്‍ പോലും ഭരണകൂടം നിഷേധിച്ചു. എര്‍ഫാന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ലെന്നും മെച്ചപ്പെട്ട ജീവിത സാഹചര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ ഒരു യുവാവ് മാത്രമാണെന്നും കുടുംബം പറയുന്നു. നാളെ പുലര്‍ച്ചെ തൂക്കിലേറ്റുന്നതിന് മുന്‍പ് വെറും 10 മിനിറ്റ് മാത്രമാണ് കുടുംബത്തിന് എര്‍ഫാനെ കാണാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

ഇറാനിലെ ഫാര്‍ഡിസിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും ജയിലില്‍ അടച്ച ശേഷം അതിവേഗം വധശിക്ഷയ്ക്ക് വിധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിസംബര്‍ 28-ന് പ്രതിഷേധങ്ങള്‍ ആരംഭിച്ചതിനുശേഷം അറസ്റ്റിലായ 10,700 പേരില്‍ ഒരാളാണ് സുല്‍ത്താനി എന്ന് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂ ഏജന്‍സി (HRANA) വ്യക്തമാക്കുന്നു.

എര്‍ഫാന്‍ സുല്‍ത്താനിയുടെ കുടുംബവുമായി സംസാരിച്ച ഹെന്‍ഗാവ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിലെ അംഗം അരീന മൊറാഡി, ഈ 'അഭൂതപൂര്‍വമായ' സാഹചര്യത്തില്‍ പ്രിയപ്പെട്ടവര്‍ 'ഞെട്ടലിലും നിരാശയിലുമാണെന്ന്' ഡെയ്ലി മെയ്ലിനോട് പറഞ്ഞു. സുല്‍ത്താനി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നില്ലെന്നും ഇറാനിലെ നിലവിലെ സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച യുവതലമുറയിലെ ഒരാള്‍ മാത്രമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിവസങ്ങളോളം ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലാതിരുന്നിട്ടും, പിന്നീട് അധികൃതര്‍ കുടുംബത്തെ വിളിച്ച് സുല്‍ത്താനിയുടെ അറസ്റ്റിനെക്കുറിച്ചും വധശിക്ഷയെക്കുറിച്ചും അറിയിക്കുകയായിരുന്നു.




വധശിക്ഷകള്‍ ഇറാനില്‍ പരസ്യമായി നടപ്പാക്കാറുണ്ട്. ജയിലില്‍ വെച്ച് സുല്‍ത്താനി പീഡനങ്ങള്‍ക്കും ഉപദ്രവങ്ങള്‍ക്കും വിധേയനാകാന്‍ സാധ്യതയുണ്ടെന്നും മൊറാഡി ചൂണ്ടിക്കാട്ടി. വരുന്ന ആഴ്ചകളില്‍ ഭരണകൂടം കൂടുതല്‍ നിയമപരമല്ലാത്ത വധശിക്ഷകള്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു.

അഭിഭാഷകയായ എര്‍ഫാന്റെ സഹോദരി കേസ് ഫയലുകള്‍ പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ അത് അനുവദിച്ചില്ലെന്ന് മനുഷ്യാവകാശ സംഘടനയായ 'ഹെംഗാവോ' വെളിപ്പെടുത്തി.

ഇറാന്‍ യുദ്ധക്കളം; കൊല്ലപ്പെട്ടത് ആയിരങ്ങള്‍

ഡിസംബര്‍ 28-ന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതിനോടകം പതിനായിരത്തിലധികം പേര്‍ അറസ്റ്റിലായതായാണ് വിവരം. പ്രക്ഷോഭങ്ങളില്‍ ഏകദേശം 2,000 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സമ്മതിക്കുമ്പോള്‍, മരണസംഖ്യ 6,000 കടന്നതായാണ് നോര്‍വേ ആസ്ഥാനമായുള്ള എന്‍ജിഒകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെരുവുകള്‍ ചോരക്കളമായെന്നും സുരക്ഷാ സേന പ്രക്ഷോഭകര്‍ക്ക് നേരെ എകെ-47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയാണെന്നും ദൃക്സാക്ഷികള്‍ വിവരിക്കുന്നു. 23 വയസ്സുകാരിയായ ഫാഷന്‍ വിദ്യാര്‍ത്ഥിനി റുബിന അമീനിയന്‍ വെടിയേറ്റു മരിച്ചതും പ്രക്ഷോഭത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു.

സാമ്പത്തിക തകര്‍ച്ചയും ജനരോഷവും

ഇറാനിയന്‍ റിയാലിന്റെ മൂല്യം ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയിലേക്ക് (1.42 ദശലക്ഷം) പോയതും ഇന്ധനവില വര്‍ദ്ധിപ്പിച്ചതുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ 'ദൈവത്തിന്റെ ശത്രുക്കള്‍' (Mohareb) എന്ന് മുദ്രകുത്തി വധശിക്ഷ നല്‍കാനാണ് പരമോന്നത നേതാവ് അലി ഖൊമേനിയുടെ ഉത്തരവ്.

ആഗോള പ്രതിഷേധം

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും ഇറാനിലെ അക്രമങ്ങളെ ശക്തമായി അപലപിച്ചു. സമാധാനപരമായ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

സഹായവാഗ്ദാനവുമായി ട്രംപ്

അതിനിടെ, ഇറാനിലെ പ്രതിഷേധക്കാര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'സഹായം ഉടനെത്തും' എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇറാനിലെ പ്രതിഷേധക്കാരോട് അവരുടെ പ്രകടനങ്ങള്‍ തുടരാനും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു.

'ഇറാനിയന്‍ രാജ്യസ്നേഹികളേ, പ്രതിഷേധം തുടരുക - നിങ്ങളുടെ സ്ഥാപനങ്ങള്‍ ഏറ്റെടുക്കൂ! കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകള്‍ ഓര്‍ത്തുവെക്കുക. അവര്‍ വലിയ വില നല്‍കേണ്ടി വരും. പ്രതിഷേധക്കാരെ അര്‍ത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിര്‍ത്തുന്നതുവരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാന്‍ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടന്‍ എത്തും. MIGA! പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്.' പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു.