- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം; ഇസ്രായേല്‍ പേടി: തലപ്പത്ത് ആരുമില്ലാതെ ഹമാസ്; പുതിയ മേധാവിയെ കണ്ടെത്താന്‍ രഹസ്യ വോട്ടെടുപ്പോ? ഹമാസ് സര്‍വ്വത്ര പ്രതിസന്ധിയില്‍

ടെല്‍ അവീവ്: ഇസ്രായേല്‍ സൈന്യം ഒന്നിനുപുറകെ ഒന്നായി നേതാക്കളെ വധിച്ചതോടെ നാഥനില്ലാത്ത അവസ്ഥയിലായ ഹമാസ് പുതിയ മേധാവിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ഇസ്രായേലിന്റെ ആക്രമണ ഭീഷണി ഭയന്ന് അതീവ രഹസ്യമായാണ് തിരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്.
തുടര്‍ച്ചയായ തിരിച്ചടികള്‍ 2024 ഒക്ടോബറില്‍ ഹമാസ് രാഷ്ട്രീയ തലവന്‍ യഹ്യ സിന്‍വറിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതോടെ സംഘടന പൂര്‍ണ്ണമായും പ്രതിസന്ധിയിലായിരുന്നു. അതിനു മുന്‍പ് ഇസ്മായില്‍ ഹനിയയെയും ഇസ്രായേല്‍ വകവരുത്തിയിരുന്നു. നേതാക്കളെ തെരഞ്ഞെടുത്താല്‍ ഉടന്‍ തന്നെ അവരെ ഇസ്രായേല്‍ ലക്ഷ്യമിടുമെന്ന വലിയ ആശങ്ക നിലവില്‍ ഹമാസിനുണ്ട്. 2025 സെപ്റ്റംബറില്‍ ഖത്തറിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണം ഗൗരവത്തില്‍ എടുത്തിട്ടുണ്ട് നേതൃത്വം.
പ്രതിസന്ധി ഘട്ടത്തില്‍ സംഘടനയെ നയിക്കാന്‍ ഗാസ, വെസ്റ്റ് ബാങ്ക്, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 50 അംഗങ്ങളുള്ള 'ശൂറ കൗണ്‍സില്‍' രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഖത്തറില്‍ കഴിയുന്ന ഖലീല്‍ അല്‍ ഹയ്യ, ഖാലിദ് മിഷാല്‍ എന്നിവരിലൊരാള്‍ തലവനാകുമെന്നാണ് സൂചന. ഇവര്‍ രണ്ടുപേരും സിന്‍വാറിന്റെ മരണശേഷം ഹമാസിനെ നയിക്കുന്ന അഞ്ചംഗ താത്കാലിക സമിതിയുടെ ഭാഗമാണ്.
എന്നാല്‍, ഖലീല്‍ അല്‍ ഹയ്യയെ ലക്ഷ്യമിട്ട് നേരത്തെ തന്നെ ആക്രമണങ്ങള്‍ നടന്നത് പുതിയ മേധാവിയാകാന്‍ എത്തുന്നവര്‍ക്ക് വലിയ വെല്ലുവിളിയാണ്. നേതാക്കള്‍ കൊല്ലപ്പെടുന്നത് പതിവായതോടെ പുതിയ ഒരാളെ മേധാവിയായി പ്രഖ്യാപിക്കാന്‍ ഹമാസ് മടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രഖ്യാപനം നടത്തിയാല്‍ അടുത്ത നിമിഷം ഇസ്രായേലിന്റെ മിസൈലുകള്‍ അവരെ തേടിയെത്തുമെന്ന പേടിയാണ് സംഘടനയ്ക്കുള്ളത്.
2025 സെപ്റ്റംബറില്‍ ഖത്തറിലെ ദോഹയില്‍ ഹമാസ് നേതാക്കള്‍ യോഗം ചേര്‍ന്ന കെട്ടിടത്തിന് നേരെ ഇസ്രായേല്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഖലീല്‍ അല്‍ ഹയ്യയും ഖാലിദ് മിഷാലും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിദേശ രാജ്യങ്ങളില്‍ പോലും തങ്ങള്‍ സുരക്ഷിതരല്ലെന്ന തിരിച്ചറിവിലാണ് ഹമാസ് ഇപ്പോള്‍. ഇസ്മായില്‍ ഹനിയ, യഹ്യ സിന്‍വര്‍, മുഹമ്മദ് ദൈഫ് തുടങ്ങിയ മുന്‍നിര നേതാക്കളെയെല്ലാം ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇസ്രായേല്‍ വകവരുത്തിയിരുന്നു. നിലവില്‍ അഞ്ചംഗ സമിതിയാണ് താല്ക്കാലികമായി കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
ആഭ്യന്തരമായ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ഇസ്രായേലിനെതിരെ സായുധ പോരാട്ടം തുടരണോ അതോ നയതന്ത്ര ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങണോ എന്ന കാര്യത്തില്‍ സംഘടനയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നിലപാടുകളും ഹമാസിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്.


