ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയത് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള അതീവ രഹസ്യ സൈനിക നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച പകല്‍സമയത്ത് ടെഹ്‌റാനിലെ ഖമേനിയുടെ വസതി ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അത്യാധുനിക സാങ്കേതികവിദ്യയും മനഃശാസ്ത്രപരമായ യുദ്ധതന്ത്രങ്ങളും കോര്‍ത്തിണക്കിയ ഈ ഓപ്പറേഷന്റെ കൂടുതല്‍ വിവരങ്ങള്‍ ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയില്‍ ആണ് പുറത്തുവിട്ടത്.

ശനിയാഴ്ചത്തെ അവധി ആഘോഷിക്കാന്‍ ഇസ്രയേല്‍ ജനറല്‍മാര്‍ താവളങ്ങള്‍ വിട്ട് വീടുകളിലേക്ക് പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചാണ് ഓപ്പറേഷന്‍ തുടങ്ങിയത്. ഇസ്രയേല്‍ ജനറല്‍മാര്‍ കുടുംബത്തോടൊപ്പം ഷബാത്ത് വിരുന്നിന് പോകുന്ന ചിത്രങ്ങള്‍ മനഃപൂര്‍വ്വം പ്രചരിപ്പിച്ചു. ഇസ്രയേല്‍ ആക്രമണത്തിന് മുതിരില്ലെന്ന് ഇറാന്‍ നേതൃത്വത്തെ വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രഹസ്യമായി തിരിച്ചെത്തിയ ജനറല്‍മാര്‍ വേഷംമാറി ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂമിലെത്തി ഖമേനിയെ ലക്ഷ്യമിട്ടുള്ള അവസാന ഘട്ട നീക്കങ്ങള്‍ പൂര്‍ത്തിയാക്കി.

ഇസ്രയേലിന്റെ അത്യാധുനിക 'ബ്ലൂ സ്പാരോ' മിസൈലുകളാണ് ഖമേനിയെ വീഴ്ത്താന്‍ ഉപയോഗിച്ചത്. യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിട്ട ഈ മിസൈലുകള്‍ ബഹിരാകാശത്തിന്റെ അതിരുകള്‍ വരെ ഉയര്‍ന്ന ശേഷം അതീവ വേഗതയില്‍ ഭൂമിയിലേക്ക് പതിക്കുകയായിരുന്നു. ഇറാന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളെപ്പോലും കാഴ്ചക്കാരാക്കി മിസൈലുകള്‍ ഖമേനിയുടെ വസതിയില്‍ കൃത്യമായി പതിച്ചു. ഏതാണ്ട് 30 മിസൈലുകളാണ് ഒരേസമയം ടെഹ്‌റാനിലെ ലക്ഷ്യസ്ഥാനങ്ങളില്‍ വര്‍ഷിച്ചത്.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ഖമേനിയുടെ കൃത്യമായ സ്ഥാനം കണ്ടെത്തി ഇസ്രയേലിന് കൈമാറിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള അനുമതിയോടെയായിരുന്നു സംയുക്ത നീക്കം. ഖമേനിക്കൊപ്പം മകള്‍, കൊച്ചുമകന്‍, മരുമകള്‍ എന്നിവരും കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചതോടെ ഓപ്പറേഷന്‍ വിജയമായിരുന്നുവെന്നും വ്യക്തമായി.

അതിനിടെ അമേരിക്കയ്ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ അമരക്കാരന്‍ അലി ലാരിജാനി രംഗത്തു വന്നിട്ടുണ്ട്. ഖമേനിയുടെ വധത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ ഒരിക്കലും ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയും നിലവില്‍ രാജ്യത്തിന്റെ നിയന്ത്രണം കൈയാളുന്ന വ്യക്തിയുമായ ലാരിജാനി ശനിയാഴ്ച രാത്രി ഔദ്യോഗിക മാധ്യമങ്ങളിലൂടെ നടത്തിയ പ്രസംഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

'അമേരിക്കക്കാരെ ഞങ്ങള്‍ വെറുതെ വിടില്ലെന്ന് അവര്‍ അറിഞ്ഞിരിക്കണം. ഖമേനിയുടെ രക്തത്തിന് പകരം ചോദിക്കാന്‍ ഇറാന്‍ ഉറച്ചു കഴിഞ്ഞു,' ലാരിജാനി പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച യുഎസ്-ഇസ്രയേല്‍ സഖ്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. മേഖലയിലെ സൈനിക താവളങ്ങള്‍ ഉപയോഗിച്ച് ശത്രുക്കള്‍ തങ്ങളെ ആക്രമിക്കുമ്പോള്‍ അതിന് മറുപടി നല്‍കുക എന്നത് ഇറാന്റെ അവകാശവും നയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഈ യുദ്ധത്തിന്റെ സ്വഭാവം തന്നെ പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തുന്നതാണെന്നും ലാരിജാനി മുന്നറിയിപ്പ് നല്‍കി. ട്രംപിന്റെ കീഴടങ്ങല്‍ വ്യവസ്ഥകള്‍ തള്ളിയ ലാരിജാനി, വരും ദിവസങ്ങളില്‍ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതല്‍ ഭീതിദമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.