ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമര്‍ശവുമായി പാക് മുന്‍ ഹൈക്കമ്മീഷണര്‍. അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാല്‍ രണ്ടാമത് ഒന്ന് ആലോചിക്കാതെ പാക്കിസ്ഥാന്‍ ഡല്‍ഹിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുല്‍ ബാസിത് പറഞ്ഞത്. പാക്കിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയെ തുറന്നുകാട്ടി യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുള്‍ ബാസിതിന്റെ പ്രകോപനപരമായ പരാമര്‍ശം.

ഒരു ടെലിവിഷന്‍ ചര്‍ച്ചയിലായിരുന്നു വിവാദ പരാമര്‍ശം. 'അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍, രണ്ടാമതൊന്ന് ആലോചിക്കാതെ നമുക്ക് മുംബൈയെയും ന്യൂഡല്‍ഹിയെയും ആക്രമിക്കേണ്ടി വരും. നമ്മളത് ഒഴിവാക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോള്‍ കാണാം', എന്നായിരുന്നു പ്രതികരണം. സാങ്കല്‍പ്പികമായ ഒരു യുദ്ധസാഹചര്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഈ വിവാദ പരാമര്‍ശം.

ഗബ്ബാര്‍ഡിന്റേത് പാക് വിരുദ്ധ വീക്ഷണമാണെന്ന് ബാസിത് പറഞ്ഞു- 'എല്ലാത്തിനുമുപരി അവര്‍ ഇന്ത്യന്‍ വംശജയാണ്. തുള്‍സി ഗബ്ബാര്‍ഡ് പാക് മിസൈലുകള്‍ കണ്ടു. പക്ഷേ ഇന്ത്യയുടെ അഗ്‌നി 5 ഉം അഗ്‌നി 6 ഉം കണ്ടില്ല. അവ ഭൂഖണ്ഡാന്തര മിസൈലുകളാണ്. പാകിസ്ഥാന്റെ കയ്യില്‍ അതില്ല. പാക് മിസൈല്‍ ദൂരപരിധി വര്‍ദ്ധിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കുറഞ്ഞത് നമുക്ക് ഇസ്രയേലിനെയെങ്കിലും ലക്ഷ്യമിടാന്‍ കഴിയണം'- എന്നാണ് പാക് ചാനല്‍ എബിഎന്‍ ന്യൂസിലെ ചര്‍ച്ചയില്‍ അബ്ദുള്‍ ബാസിത് പറഞ്ഞത്.

ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും അബ്ദള്‍ ബാസിത് പറഞ്ഞു. പാക്കിസ്ഥാന് യുഎസുമായി ശക്തമായ ബന്ധമുണ്ടെന്നാണ് പാക്കിസ്ഥാനികള്‍ കരുതിയതെന്നും അത് തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ബാസിത് വിമര്‍ശിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വന്നതിനുശേഷം ചില കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസ് ഒരിക്കലും പാക്കിസ്ഥാന്റെ തന്ത്രപരമായ പങ്കാളിയാകില്ലെന്ന് ഓര്‍ക്കണമെന്നും ബാസിത് പറഞ്ഞു.

പാക്കിസ്ഥാന്റെ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതി യുഎസിന് ഭീഷണിയായി മാറിയേക്കാമെന്ന് തുള്‍സി ഗബ്ബാര്‍ഡ് പറഞ്ഞതിന് മറുപടി നല്‍കുകയായിരുന്നു ബാസിത്. പാക്കിസ്ഥാന്റെ പദ്ധതിയില്‍ യുഎസിനെ ആക്രമിക്കാന്‍ കഴിവുള്ള ദൂരപരിധിയുള്ള ഐസിബിഎമ്മുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു. ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്. 'നമ്മുടെ മാതൃരാജ്യം വരെയെത്തുന്ന നൂതനമായ മിസൈല്‍ സംവിധാനം വികസിപ്പിക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നു' എന്നായിരുന്നു പരാമര്‍ശം.

'ഇറാനിലെ സ്ഥിതി കൂടുതല്‍ വഷളാകുകയും ഇസ്രയേല്‍ നമ്മളില്‍ കണ്ണുവയ്ക്കുകയും ചെയ്താല്‍, യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ എന്താണ് പോംവഴി? രണ്ടാമതൊന്ന് ആലോചിക്കരുത്, മുംബൈയെയും ഡല്‍ഹിയെയും ആക്രമിക്കണം. പിന്നീട് എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം. യുഎസ് നമ്മെ ആക്രമിച്ചാല്‍ (ഇത് അസാധ്യമാണ്) ഇന്ത്യയെ ആക്രമിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ലോകം അറിയണം. അത് നേരത്തെ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അത് ഇവിടെ നിന്ന് ചെയ്യും'- അബ്ദുല്‍ ബാസിത് പറഞ്ഞു.

ഇന്ത്യന്‍ നഗരങ്ങളെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ടുള്ള ബാസിതിന്റെ പ്രസ്താവന അതിവേഗം പ്രചരിക്കുകയും ഇത്തരം പ്രകോപനപരമായ വാദങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ സങ്കീര്‍ണമായിരുന്ന 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനായി ബാസിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.