ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധഭൂമിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അമേരിക്കന്‍ ഭരണകൂടത്തെയും ജനതയെയും ഒരുപോലെ ഭയപ്പെടുത്തുന്നതാണ്. ദക്ഷിണ ഇറാനില്‍ തകര്‍ന്നു വീണ അമേരിക്കന്‍ എഫ്-15 യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചില്‍ തുടരുമ്പോള്‍, ലോകം ഉറ്റുനോക്കുന്നത് 1979-ലെ ആ പഴയ 'ഹോസ്റ്റേജ് ക്രൈസിസ്' ആവര്‍ത്തിക്കുമോ എന്നാണ്. അന്ന് 444 ദിവസം അമേരിക്കന്‍ നയതന്ത്രജ്ഞരെ ഇറാന്‍ തടവിലാക്കിയപ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ അമേരിക്കയുടെ തല താഴ്ന്നുപോയിരുന്നു. സമാനമായ ഒരു സാഹചര്യം വീണ്ടും ഉരുത്തിരിയുന്നുവോ എന്ന സംശയമാണ് ഉയരുന്നത്.

ഇറാന്‍ വെടിവെച്ചിട്ട വിമാനത്തിലെ രണ്ട് പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. ഈ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് ഇറാന്‍ ഭരണകൂടം വലിയ തുക പ്രതിഫലം പ്രഖ്യാപിച്ചതോടെ യുദ്ധം പുതിയൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്. പൈലറ്റ് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ കയ്യില്‍ അകപ്പെട്ടാല്‍, അത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം വലിയൊരു രാഷ്ട്രീയ പരീക്ഷണമാകും. കൊല്ലുന്നതിനേക്കാള്‍, പൈലറ്റിനെ ഒരു വിലപേശല്‍ ആയുധമായി ഉപയോഗിക്കാനായിരിക്കും ഇറാന്റെ നീക്കം.

ഇറാന്‍ ഭരണകൂടത്തിന്റെ മനശാസ്ത്രം കൃത്യമായി അറിയുന്നവര്‍ പറയുന്നത് അവര്‍ ഒരിക്കലും ആത്മഹത്യാപരമായ നീക്കങ്ങള്‍ നടത്തില്ല എന്നാണ്. പകരം, ഓരോ നീക്കവും കൃത്യമായ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടിയായിരിക്കും. തടവിലാക്കപ്പെടുന്ന പൈലറ്റിനെ അവര്‍ ഉടന്‍ വധിക്കില്ല, മറിച്ച് പരമാവധി മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും. മുന്‍പ് ബ്രിട്ടീഷ് നാവികരെ പിടികൂടിയപ്പോള്‍ അവരെ കണ്ണുകെട്ടി മരുഭൂമിയിലൂടെ നടത്തിച്ചും, വ്യാജ വധശിക്ഷ നടപ്പിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഇറാന്‍ പീഡിപ്പിച്ചിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ മാപ്പ് പറയിപ്പിക്കുന്ന നാടകങ്ങളും അവര്‍ ആസൂത്രണം ചെയ്‌തേക്കാം.

നിലവില്‍ അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാന്റെ ഉന്നത കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം പ്രാദേശിക കമാന്‍ഡര്‍മാരിലേക്ക് എത്തിയതോടെ അവരുടെ പെരുമാറ്റം പ്രവചനാതീതമായിരിക്കും. പൈലറ്റിനെ പിടികൂടിയാല്‍ അമേരിക്കന്‍ ഇന്റലിജന്‍സിന് കണ്ടെത്താന്‍ കഴിയാത്ത രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റാനായിരിക്കും ഇവര്‍ ശ്രമിക്കുക. അവിടെ വെച്ച് പൈലറ്റിനെ ലോകത്തിന് മുന്നില്‍ ഒരു 'വിലപേശല്‍ വസ്തു' പോലെ പ്രദര്‍ശിപ്പിക്കുന്നത് അമേരിക്കയുടെ ആത്മവീര്യം തകര്‍ക്കാനുള്ള തന്ത്രമാകും.

ഇറാന്‍ എപ്പോഴും ക്ഷമയുള്ളവരാണ്. മാസങ്ങളോ വര്‍ഷങ്ങളോ ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോയി അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് മടിയുണ്ടാകില്ല. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് തടവുകാരെ പീഡിപ്പിക്കുന്ന ചരിത്രമാണ് ഇറാന്റേത്. ഉറക്കം കെടുത്തുക, ഒറ്റപ്പെട്ട തടവറയില്‍ പാര്‍പ്പിക്കുക തുടങ്ങിയ രീതികള്‍ ഇവര്‍ പൈലറ്റിന് മേല്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. തങ്ങള്‍ നേരിട്ട നാശനഷ്ടങ്ങള്‍ക്ക് പകരമായി ഒരു അമേരിക്കന്‍ പൈലറ്റിനെ ഉപയോഗിച്ച് ലോകത്തിന് മുന്നില്‍ മേല്‍ക്കൈ നേടാനാകും ഇറാന്‍ ശ്രമിക്കുക.

മറുഭാഗത്ത് നില്‍ക്കുന്നത് പ്രവചനാതീതമായി പെരുമാറുന്ന ഡൊണാള്‍ഡ് ട്രംപാണ്. 1979-ലെ ജിമ്മി കാര്‍ട്ടറെപ്പോലെയല്ല ട്രംപ് എന്ന് ഇറാന് നന്നായി അറിയാം. എങ്കിലും, ഒരു അമേരിക്കന്‍ സൈനികന്‍ ഇറാന്റെ തടവിലാകുന്നത് വൈറ്റ് ഹൗസിനെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദന തന്നെയായിരിക്കും. ട്രംപിനെ സംബന്ധിച്ചിടത്തോളം ഈ പൈലറ്റിന്റെ മോചനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. അതിനാല്‍ തന്നെ സൈനികമായി നീങ്ങണോ അതോ നയതന്ത്ര ചര്‍ച്ചകള്‍ വേണോ എന്ന ആശയക്കുഴപ്പത്തിലാണ് പെന്റഗണ്‍.

പൈലറ്റിനെ പിടികൂടിയാല്‍ ഇറാന്‍ ഉടന്‍ തന്നെ അത് പ്രചാരണ ആയുധമാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ തകര്‍ച്ചയായി ഇതിനെ അവര്‍ വ്യാഖ്യാനിക്കും. പൈലറ്റിനെക്കൊണ്ട് നിര്‍ബന്ധിതമായി അമേരിക്കന്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്തിക്കാനുള്ള നീക്കങ്ങളും ഉണ്ടാകാം. ഇത് അമേരിക്കന്‍ ജനതയ്ക്കിടയില്‍ വലിയ അമര്‍ഷത്തിനും വൈകാരിക പ്രതികരണങ്ങള്‍ക്കും കാരണമാകും. ഈ സാഹചര്യം മുതലെടുത്ത് റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇറാന് പിന്തുണയുമായി എത്തിയേക്കാം.

ഇറാന്‍ ഇത്തരമൊരു 'ഹോസ്റ്റേജ് ക്രൈസിസ്' ലക്ഷ്യം വെക്കുന്നത് ആഗോളതലത്തില്‍ തങ്ങള്‍ ഇരകളാണെന്ന് വരുത്തിത്തീര്‍ക്കാനാണ്. അമേരിക്കയുടെ ഏകപക്ഷീയമായ ആക്രമണത്തിന് ഇരയായവരാണ് തങ്ങളെന്ന് ലോകത്തിന് മുന്നില്‍ സ്ഥാപിക്കാന്‍ പൈലറ്റിനെ അവര്‍ ഉപയോഗിക്കും. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള വിലപേശല്‍ ആയുധമായും ഈ സൈനികനെ അവര്‍ കണ്ടേക്കാം. ഇസ്രായേലിന്റെ ഇടപെടലുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ പൈലറ്റിന്റെ ജീവന്‍ വലിയൊരു നയതന്ത്ര യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായി മാറും.

പൈലറ്റിനായുള്ള രക്ഷാദൗത്യം അതീവ ദുഷ്‌കരമായിരിക്കും എന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ചെന്ന് പൈലറ്റിനെ വീണ്ടെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പൈലറ്റ് കൊല്ലപ്പെടുകയോ ദീര്‍ഘകാലം തടവില്‍ കഴിയുകയോ ചെയ്താല്‍ അത് ട്രംപ് ഭരണകൂടത്തിന് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല. വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈനികര്‍ക്കുണ്ടായ മാനസികാഘാതം ഈ സംഭവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

ചുരുക്കത്തില്‍, ഇറാന്റെ കൈകളില്‍ ഒരു അമേരിക്കന്‍ പൈലറ്റ് അകപ്പെടുക എന്നത് വെറുമൊരു സൈനിക പരാജയമല്ല, മറിച്ച് ഒരു വലിയ രാഷ്ട്രീയ ദുരന്തത്തിന്റെ തുടക്കമായിരിക്കും. പൈലറ്റ് തിരിച്ചെത്തുന്ന ഓരോ നിമിഷവും അമേരിക്കന്‍ ഭരണകൂടത്തിന് നെഞ്ചിടിപ്പിന്റെ കാലമായിരിക്കും.