ടെഹ്‌റാന്‍/ വാഷിങ്ടണ്‍: രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ക്കപ്പെട്ടതിന് പിന്നാലെ, കാണാതായ പൈലറ്റിനെ രക്ഷിക്കാനായി വെള്ളിയാഴ്ച രാത്രി വൈകി അമേരിക്കന്‍ പ്രത്യേക സേന ഇറാനില്‍ പ്രവേശിച്ചു. ഇറാനിയന്‍ വ്യോമപ്രതിരോധ സംവിധാനം വിമാനങ്ങള്‍ വെടിവെച്ചിട്ടതിനെത്തുടര്‍ന്ന് കാണാതായ പൈലറ്റിനെ കണ്ടെത്താന്‍ യുഎസ് സൈന്യം ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.

അമേരിക്കയുടെ A-10 വാര്‍ത്‌ഹോഗ് (A-10 Warthog) വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇതിന് മണിക്കൂറുകള്‍ക്ക് മുമ്പ് F-15E സ്‌ട്രൈക്ക് ഈഗിള്‍ (F-15E Strike Eagle) എന്ന മറ്റൊരു യുഎസ് വിമാനവും തകര്‍ക്കപ്പെട്ടിരുന്നു. രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാര്‍ ശത്രുപക്ഷത്തിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് പാരച്യൂട്ട് വഴി ചാടിയെങ്കിലും, ഇതില്‍ A-10 പൈലറ്റിനെ സാഹസികമായ ഒരു ദൗത്യത്തിലൂടെ അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തി. എന്നാല്‍ F-15E പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭ്യമല്ല.

കാണാതായ പൈലറ്റിനായി പ്രാദേശിക സായുധ സംഘങ്ങള്‍ തിരച്ചില്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് 60,000 ഡോളര്‍ പാരിതോഷികവും ഇറാന്‍ പ്രഖ്യാപിച്ചു. അതേസമയം, പൈലറ്റിന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ എന്ത് നടപടിയെടുക്കും എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല.

യുഎസ് സേനയ്ക്ക് വെല്ലുവിളിയായി മജീദ് വ്യോമ പ്രതിരോധ സംവിധാനം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് യുഎസ് യുദ്ധവിമാനങ്ങള്‍ കൂടാതെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാന്‍ വെടിവെച്ചിട്ടിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച 'മജീദ്' (Majid) വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കരുത്താണ് ഈ വിജയങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.

2021-ല്‍ ഇറാന്‍ സേനയുടെ ഭാഗമായ ഈ സംവിധാനം താഴ്ന്ന ഉയരത്തില്‍ പറക്കുന്ന ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ എംക്യു-9 (MQ-9), ഹെറോണ്‍ (Heron) തുടങ്ങിയ അത്യാധുനിക ഡ്രോണുകളെയും മറ്റ് ഹൈ-വാല്യൂ യുഎവികളെയും (UAVs) തകര്‍ക്കാന്‍ 'മജീദ്' സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്.

റഡാര്‍ സിഗ്‌നലുകള്‍ പുറത്തുവിടാതെയുള്ള 'പാസീവ് ഇന്‍ഫ്രാറെഡ് ഡിറ്റക്ഷന്‍' സാങ്കേതികവിദ്യയാണ് 'മജീദ്' മിസൈലുകള്‍ ഉപയോഗിക്കുന്നത്. ഇത് വിമാനങ്ങളിലെയും ഡ്രോണുകളിലെയും വാണിങ് റിസീവറുകള്‍ക്ക് ഇവയെ മുന്‍കൂട്ടി തിരിച്ചറിയുന്നത് പ്രയാസകരമാക്കുന്നു. റഡാറിനെ ആശ്രയിക്കുന്നതിന് പകരം വിമാനങ്ങളില്‍ നിന്നും ഡ്രോണുകളില്‍ നിന്നുമുള്ള ചൂട് തിരിച്ചറിഞ്ഞാണ് (infrared guidance) ഈ മിസൈലുകള്‍ ലക്ഷ്യം കണ്ടെത്തുന്നത്. ഇത് എഫ്-35 പോലുള്ള അത്യാധുനിക സ്റ്റെല്‍ത്ത് വിമാനങ്ങള്‍ക്കുപോലും വലിയ ഭീഷണിയാണ്. എട്ട് കിലോമീറ്റര്‍ ദൂരപരിധിയും ആറ് കിലോമീറ്റര്‍ ഉയരപരിധിയുമാണ് മജീദ് സിസ്റ്റത്തിനുള്ളത്.

റഡാര്‍ ഉപയോഗിക്കുന്നതിലെ പരിമിതികള്‍ മറികടന്ന് അപ്രതീക്ഷിത ആക്രമണങ്ങളിലൂടെ ശത്രുക്കളെ ഞെട്ടിക്കുന്ന 'അസിമ്മട്രിക് വാര്‍ഫെയര്‍' രീതിയാണ് ഇറാന്‍ പിന്തുടരുന്നത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇപ്പോള്‍ 'മിസൈല്‍ നഗരങ്ങളിലും' ടണലുകളിലും ഒളിപ്പിച്ചിരിക്കുകയാണ്. ഒരു സ്ഥലത്തുനിന്ന് മിസൈല്‍ തൊടുത്തുവിട്ട ശേഷം ഉടന്‍തന്നെ സ്ഥലം മാറുന്ന 'ഷൂട്ട് ആന്‍ഡ് സ്‌കൂട്ട്' രീതിയിലുള്ള മൊബൈല്‍ ലോഞ്ചറുകളാണ് ഇറാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് അമേരിക്കന്‍ സേനയ്ക്ക് വലിയ വെല്ലുവിളിയായാണ് കണക്കാക്കുന്നത്.

ഈ സംഘര്‍ഷത്തിനിടയില്‍ ആദ്യമായാണ് അമേരിക്കന്‍ വിമാനങ്ങള്‍ തകര്‍ക്കപ്പെടുന്നത്. ഇറാനെ പൂര്‍ണ്ണമായും തകര്‍ത്തെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഈ തിരിച്ചടി ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ആറാം ആഴ്ചയിലേക്ക് കടക്കുന്ന ഈ യുദ്ധം ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യം വെച്ചും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കടത്ത് തടഞ്ഞുമാണ് ഇറാന്‍ തിരിച്ചടിക്കുന്നത്.

പൈലറ്റുമാരെ കാത്തിരിക്കുന്നത് ക്രൂര ശിക്ഷാവിധിയോ?

അതേസമയം, ഇറാന്റെ പിടിയിലാകുന്ന പൈലറ്റുമാരെ കാത്തിരിക്കുന്നത് അതിക്രൂരമായ ശിക്ഷാവിധികളും പീഡനങ്ങളുമാണെന്ന ഭീതിയും നിലനില്‍ക്കുന്നുണ്ട്. മേഖലയില്‍ നിലനില്‍ക്കുന്ന കടുത്ത സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ നീക്കം.

കാണാതായ രണ്ട് പൈലറ്റുമാരെ കണ്ടെത്താനുള്ള തിരച്ചല്‍ ദൗത്യം, 1979-ലെ വിഖ്യാതമായ ഇറാന്‍ ബന്ദിനാടകത്തിന്റെ ഭീതിദമായ ഓര്‍മ്മകളാണ് ഉണര്‍ത്തുന്നത്. അന്ന് ടെഹ്റാനിലെ അമേരിക്കന്‍ എംബസി ആക്രമിച്ച ജനക്കൂട്ടം നയതന്ത്രജ്ഞരടക്കം 66 യുഎസ് പൗരന്മാരെ ബന്ദികളാക്കിയിരുന്നു.

വിയറ്റ്‌നാം യുദ്ധം ഏല്‍പ്പിച്ച ആഘാതത്തിന് പിന്നാലെ ഉണ്ടായ അന്നത്തെ 444 ദിവസത്തെ പ്രതിസന്ധി അമേരിക്കയുടെ അന്തസ്സിനും കരുത്തിനും വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍, വിമാനത്തില്‍ നിന്നും പാരച്യൂട്ട് വഴി രക്ഷപ്പെട്ട ഒരു പൈലറ്റിനെ രക്ഷാസേന അതിവേഗം കണ്ടെത്തിയത് ആശ്വാസകരമാണ്.

പാരിതോഷികം പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണം

അഞ്ച് ആഴ്ച പിന്നിടുന്ന ഈ യുദ്ധം ഇപ്പോള്‍ കൂടുതല്‍ അപകടകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാന്‍ ഭരണകൂടം പൈലറ്റിനെ പിടികൂടുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതോടെ സാഹചര്യം സങ്കീര്‍ണ്ണമായി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ആണ് രണ്ടാമത്തെ പൈലറ്റിനെ ആദ്യം പിടികൂടുന്നതെങ്കില്‍, അമേരിക്ക മറ്റൊരു വലിയ പ്രതിസന്ധിയിലേക്ക് വീണ്ടും എടുത്തെറിയപ്പെടും.

ഒരു അമേരിക്കന്‍ പൈലറ്റ് പിടിയിലായാല്‍ ഇറാന്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ചോദ്യം. പൈലറ്റ് കൊല്ലപ്പെടുമോ? അതിന് സാധ്യത വളരെ കുറവാണ്. കാരണം, പരമാവധി സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കായി പൈലറ്റിനെ ജീവനോടെ നിലനിര്‍ത്താനേ അവര്‍ ആഗ്രഹിക്കൂ. എന്നാല്‍ നിലവിലെ സാഹചര്യത്തിലെ പ്രവചനാതീത സ്വഭാവം കണക്കിലെടുക്കുമ്പോള്‍ പൈലറ്റ് കൊല്ലപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അമേരിക്കന്‍ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ കൊല്ലപ്പെട്ടത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ഇപ്പോള്‍ പ്രാദേശിക ഐആര്‍ജിസി (IRGC) കമാന്‍ഡര്‍മാര്‍ക്കായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഇവര്‍ തടവുകാരോട് കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചേക്കാം. ശാരീരികമായ പീഡനത്തേക്കാള്‍ മാനസികമായ പീഡനത്തിനാകും സാധ്യത കൂടുതല്‍. മാസങ്ങളോ വര്‍ഷങ്ങളോ ഈ ബന്ദിനാടകം നീട്ടിക്കൊണ്ടുപോകാന്‍ അവര്‍ തയ്യാറായേക്കും. അതിലൂടെ പരമാവധി നേട്ടങ്ങള്‍ കൊയ്യാനും ശത്രുവിന്റെ മനോവീര്യം തകര്‍ക്കാനുമാകും അവര്‍ ശ്രമിക്കുക.

ഇന്ന് അമേരിക്ക ഭരിക്കുന്നത് 1979-ലെ ജിമ്മി കാര്‍ട്ടറെപ്പോലെയുള്ള ഒരാളല്ല. ഡൊണാള്‍ഡ് ട്രംപ് തികച്ചും പ്രവചനാതീതനായ ഒരു പ്രസിഡന്റാണ്. അദ്ദേഹം എന്ത് നീക്കമാകും നടത്തുക എന്ന് മുന്‍കൂട്ടി കാണുക എന്നത് ഇറാന് അസാധ്യമായിരിക്കും. എന്നിരുന്നാലും, 50 വര്‍ഷം മുമ്പത്തെ ആ പഴയ പ്രതിസന്ധിയും കാര്‍ട്ടറുടെ പരാജയപ്പെട്ട രക്ഷാദൗത്യവും, കാണാതായ പൈലറ്റ് തിരിച്ചെത്തുന്നത് വരെ ഓരോ മണിക്കൂറിലും അമേരിക്കയെ വേട്ടയാടിക്കൊണ്ടിരിക്കും.

യുഎസ് - ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തലിനായി പ്രാദേശിക രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അനിശ്ചിതത്വത്തിലായതായി മധ്യസ്ഥര്‍ അറിയിച്ചു. പാകിസ്ഥാനില്‍ വെച്ച് നടക്കാനിരുന്ന ചര്‍ച്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചതായി 'വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുര്‍ക്കിയും ഈജിപ്തും തുടരുകയാണ്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലോ ഇസ്താംബൂളിലോ വെച്ച് ചര്‍ച്ചകള്‍ നടത്താനുള്ള പുതിയ വേദികള്‍ ഇവര്‍ പരിഗണിക്കുന്നുണ്ട്. ഇറാന്‍ വെടിനിര്‍ത്തലിനായി അഭ്യര്‍ത്ഥിച്ചുവെന്ന് ഈ ആഴ്ച ആദ്യം പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ അവകാശപ്പെട്ടിരുന്നെങ്കിലും ഇറാന്‍ ഇത് നിഷേധിച്ചിരുന്നു.