- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്‍ ഇസ്രയേലിനെതിരെയും ആണവായുധം പ്രയോഗിക്കും'; ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗത്തിന്റെ അവകാശവാദം ഞെട്ടിച്ചത് അമേരിക്കയെയും; ആ ആണവായുധങ്ങള്‍ പാക്കിസ്ഥാനില്‍ ഭദ്രമല്ല..! പണി പാളുമെന്ന് മനസ്സിലായതോടെ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് പാക്കിസ്ഥാന്റെ തടിയൂരല്‍
'ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാക്കിസ്ഥാന്‍ ഇസ്രയേലിനെതിരെയും ആണവായുധം പ്രയോഗിക്കും'
ടെഹ്‌റാന്‍: ഇറാനെതിരെ ആണവായുധങ്ങള്‍ പ്രയോഗിച്ചാല്‍ പാക്കിസ്ഥാന്‍ ഇസ്രായേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലില്‍ വെട്ടിലായി പാക്കിസ്ഥാന്‍. ഇസ്രായേല്‍ ഇറാനില്‍ ആണവ ബോംബ് പ്രയോഗിച്ചാല്‍ പാകിസ്ഥാന്‍ ഇസ്രായേലിനെയും ആണവ ബോംബ് ഉപയോഗിച്ച് ആക്രമിക്കുമെന്ന് തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ചത് ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവും ഐ.ആര്‍.ജി.സി കമാന്‍ഡറുമായ ജനറല്‍ മൊഹ്‌സെന്‍ റെസായിയാണ്. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത് എന്നതാണ് ഇതിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്.
ഇറാനും ഇസ്രായേലും മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയും കൂടുതല്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന
സമയത്താണ് ഈ പ്രസ്താവന പുറത്തു വന്നത്. അതേ സമയം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ഈ വാദം തള്ളിക്കളഞ്ഞു. പാക്ക് സര്‍ക്കാര്‍ ഇത്തരമൊരു സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഇസ്രയേലിന്റെ കൈവശമുള്ള ആണവായുധങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ കരുതല്‍ പാലിക്കുകയാണെന്നും ആസിഫ് വ്യക്തമാക്കി.
അതേസമയം ഇസ്രയേലുമായുള്ള ഏറ്റുമുട്ടലില്‍ ഇറാന് പാക്കിസ്ഥാന്‍ എല്ലാ വിധ പിന്തുണയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ പാക്കിസ്ഥാനേയും തുര്‍ക്കിയേയും സൗദിയേയും ഉള്‍പ്പെടുത്തി കൊണ്ട് ഇസ്ലാമിക് ആര്‍മി രൂപീകരിക്കാനും നീക്കം നടത്തുകയാണ്. ഈ മാസം 14 ന് ഖ്വാജ ആസിഫ് ദേശീയ അസംബ്ലിയില്‍ മുസ്ലീം രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ഇറാനും ഫലസ്തീനും അനുഭവിച്ച അതേ വിധി നേരിടേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഇസ്രായേല്‍ ഇറാനെ കൂടാതെ യെമന്‍, ഫലസ്തീന്‍ എന്നിവയെയും ലക്ഷ്യം വച്ചിരിക്കുകയാണെന്നും ആസിഫ് പറഞ്ഞു. ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ള മുസ്ലീം രാഷ്ട്രങ്ങള്‍ ബന്ധം വിച്ഛേദിക്കണമെന്നും അവര്‍ക്കെതിരെ സംയുക്ത തന്ത്രം രൂപീകരിക്കുന്നതിന് ഒരു യോഗം വിളിക്കാനും പാക്കിസ്ഥാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് 'ഇസ്രയേല്‍ ആണവ മിസൈലുകള്‍ പ്രയോഗിച്ചാല്‍ തങ്ങളും ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താന്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്' -ഇറാന്റെ സീനിയര്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ജനറലും ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ മൊഹ്സെന്‍ റെസായി പറഞ്ഞു. ഇസ്രയേലിനെതിരേ മുസ്ലിം ഐക്യത്തിന് ആഹ്വാനംചെയ്ത് പാകിസ്താന്‍ ഇറാന്റെ പിന്നില്‍ നില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
റഷ്യയ്ക്കും ചൈനയ്ക്കും ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരങ്ങളിലൊന്നായ അമേരിക്കയുടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മിഡില്‍ ഈസ്റ്റിലെ രണ്ട് യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. അതിനിടെ ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ തിക്തഫലം ടെഹ്‌റാനിലെ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പു നല്‍കി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ 'ധിക്കാരിയായ ഏകാധിപതി' എന്നാണ് ഇസ്രായേല്‍ വിശേഷിപ്പിച്ചത്.
ടെഹ്‌റാനിലെ ധിക്കാരിയായ ഏകാധിപതിയും ഭീരുവുമായ കൊലപാതകി ഇസ്രായേലിലെ സാധാരണക്കാരുടെ വീടുകളെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. തെഹ്‌റാനിലെ ജനങ്ങള്‍ ഇതിനുള്ള വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതാണ് ഈ ഭീഷണി.
ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം കൂടുതല്‍ സംഘര്‍ത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, വടക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം തുടരുകയാണ്. ഇസ്രായേലിന്റെ തുറമുഖനഗരമായ ഹൈഫക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം, ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും പിന്നാലെ ടെഹ്‌റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേല്‍ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് ടെഹ്റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എന്‍.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.