- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധം ചെയ്യാനൊക്കെ എന്താ ചെലവ്! ഇറാനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക ചെലവിട്ടത് 12 ബില്യണ്‍ ഡോളര്‍; 200 ബില്യണ്‍ അധിക സഹായം ആവശ്യപ്പെട്ട് പെന്റഗണ്‍; അധിക ഫണ്ട് ആവശ്യപ്പെട്ടുള്ള നീക്കത്തില്‍ യു.എസ് കോണ്‍ഗ്രസില്‍ കടുത്ത എതിര്‍പ്പുകള്‍
യുദ്ധം ചെയ്യാനൊക്കെ എന്താ ചെലവ്! ഇറാനെതിരെ യുദ്ധം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക ചെലവിട്ടത് 12 ബില്യണ്‍ ഡോളര്‍

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. അധിക ചെലവുകള്‍ക്കായി 200 ബില്യണ്‍ ഡോളറിലധികം (20,000 കോടിയിലധികം) അധിക സഹായം ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍. ഇതുസംബന്ധിച്ച പ്രമേയം വൈറ്റ് ഹൗസിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനുമായുള്ള യുദ്ധത്തിനാവശ്യമായ സൈനിക സംവിധാനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും കുറഞ്ഞുവരുന്ന ആയുധശേഖരം പുനഃസ്ഥാപിക്കാനുമാണ് ഇത്രയും തുക ആവശ്യപ്പെടുന്നതെന്നാണ് പെന്റഗണ്‍ പറയുന്നത്. യുദ്ധം തുടങ്ങി ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്ക 12 ബില്യണ്‍ ഡോളറിലധികം ചെലവഴിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.
അധിക ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള പെന്റഗണിന്റെ ഈ നീക്കം യു.എസ് കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ഡെമോക്രാറ്റുകള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ തന്നെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയിലും സെനറ്റില്‍ ആവശ്യമായ വോട്ടുകള്‍ സമാഹരിക്കുന്നതിന് വെല്ലുവിളിയാകും. ഇറാന്‍ യുദ്ധത്തിന് പൊതുജനങ്ങള്‍ക്കിടയില്‍ വേണ്ടത്ര പിന്തുണയില്ലാത്തതും ഭരണകൂടത്തിന് തിരിച്ചടിയാണ്.
വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയമാറ്റങ്ങളില്‍ വിമര്‍ശിക്കുന്നവരുമുണ്ട്. മുമ്പ് യുക്രെയ്ന്‍ യുദ്ധത്തിനായി ജോ ബൈഡന്‍ ഭരണകൂടം നല്‍കിയ സഹായത്തെ ട്രംപ് നിരന്തരം പരിഹസിച്ചിരുന്നു. 2022 മുതല്‍ യുക്രെയ്‌നായി 188 ബില്യണ്‍ ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. എന്നാല്‍ ഇറാന്‍ യുദ്ധത്തിനായി ഇതിലും വലിയൊരു തുക ട്രംപ് ഇപ്പോള്‍ ആവശ്യപ്പെടുന്നത് തികച്ചും വൈരുദ്ധ്യപരമായ നിലപാടാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
അതിനിടെ യുഎസിനെ യുദ്ധത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ സഹായി രംഗത്തുവന്നു. ഇറാന്റെ പക്കല്‍ ആണവായുധങ്ങള്‍ ഉണ്ടെന്ന വാദം തെറ്റാണെന്നും ഈ സൈനിക നീക്കത്തിന് പിന്നില്‍ ഇസ്രയേലിന്റെ സമ്മര്‍ദ്ദമാണെന്നും യുഎസിന്റെ ഭീകരവിരുദ്ധ സമിതി മുന്‍മേധാവി ജോ കെന്റ് ആരോപിച്ചു. ഇറാന്‍ ഭരണകൂടം ആണവായുധങ്ങള്‍ നിര്‍മിക്കുന്നതിന് എതിരാണെന്നും ട്രംപ് ഭരണകൂടം നല്‍കുന്ന വിവരങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കെന്റ് പറയുന്നു. എന്നാല്‍, ഈ ആരോപണങ്ങള്‍ നിഷേധിച്ച വൈറ്റ് ഹൗസ്, ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയിച്ചു. കൗണ്ടര്‍ ടെററിസം ചീഫ് സ്ഥാനത്തുനിന്നു കഴിഞ്ഞ ദിവസം രാജിവെച്ച കെന്റ് ഇറാന്‍ യുദ്ധത്തില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്നും വെളിപ്പെടുത്തിയിരുന്നു.
വലതുപക്ഷ പോഡ്കാസ്റ്റര്‍ ടക്കര്‍ കാള്‍സണുമായുള്ള അഭിമുഖത്തിലാണ് തന്റെ രാജിയെക്കുറിച്ചും യുദ്ധത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളെക്കുറിച്ചും കെന്റ് മനസുതുറന്നത്. യുഎസിനെ യുദ്ധത്തിലേക്ക് തള്ളിവിട്ടത് ഇസ്രയേലാണെന്ന് കെന്റ് കുറ്റപ്പെടുത്തി. 'ഇറാനെതിരായി നടപടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് യുഎസിനെ നയിച്ചത് ഇസ്രയേലാണ്. ഇത് സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് തുടക്കമിടുമെന്നും ഇറാന്‍ തിരിച്ചടിക്കുമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു.' കെന്റ് അഭിപ്രായപ്പെട്ടു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരാണ് യുദ്ധം തുടങ്ങാമെന്ന തീരുമാനം എടുത്തത്. യുഎസ് അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നും കെന്റ് അവകാശപ്പെട്ടു. ഫെബ്രുവരി 28-ന് ഇറാനെ ആക്രമിക്കേണ്ടി വന്നത് ആ രാജ്യത്തിന്റെ ആണവ പദ്ധതി അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായതു കൊണ്ടാണ് എന്നാണ് ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും അവകാശപ്പെട്ടിരുന്നത്.
ആണവായുധം നിര്‍മ്മിക്കുന്നതിന് വെറും രണ്ടാഴ്ച മാത്രം അകലെയാണ് ഇറാന്‍ എന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍, അത് തെറ്റായ വിവരമാണെന്ന് കെന്റ് അവകാശപ്പെട്ടു. 'ഒരിക്കലുമല്ല. മൂന്നാഴ്ച മുമ്പ് ഈ യുദ്ധം ആരംഭിക്കുമ്പോള്‍ ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിന്റെ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. ജൂണിലും അങ്ങനെ തന്നെയായിരുന്നു.' 2025 ജൂണിലെ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ബോംബാക്രമണത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് കെന്റ് കൂട്ടിച്ചേര്‍ത്തു.
2004 മുതല്‍ ഇറാന്റെ ഇസ്ലാമിക ഭരണകൂടം ആണവായുധം നിര്‍മ്മിക്കുന്നത് വിലക്കിക്കൊണ്ട് ഒരു ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആ ഫത്വ ലംഘിക്കപ്പെട്ടതായി തങ്ങള്‍ക്ക് ഒരു രഹസ്യാന്വേഷണ വിവരവും ലഭിച്ചിട്ടില്ലെന്നും ട്രംപിന്റെ മുന്‍ ഭീകരവിരുദ്ധ സെല്‍ മേധാവി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധം യുഎസിന് അനുകൂലമായി മാറിയില്ലെന്നും കെന്റ് അഭിപ്രായപ്പെട്ടു. ഇറാനിലെ സ്ഥിതി അസ്ഥിരമാക്കുന്നതിന് പകരം അദ്ദേഹത്തിന്റെ തീവ്രവാദികളായ അനുയായികളെ കൂടുതല്‍ കരുത്തരാക്കുകയാണ് ആ മരണം ചെയ്തത്. 'ഖമനേയി മരണത്തെ ഭയപ്പെട്ടിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. അത് അദ്ദേഹം ഒരു ഭ്രാന്തനായതുകൊണ്ടല്ല, മറിച്ച് താന്‍ കൊല്ലപ്പെട്ടാലും ഭരണകൂടം അതിജീവിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.' കെന്റ് പറഞ്ഞു.
അതേസമയം, കെന്റിന്റെ രാജിയെത്തുടര്‍ന്ന് വിദേശ ശക്തികളുടെ സ്വാധീനത്തിലാണ് പ്രസിഡന്റ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണങ്ങള്‍ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ഇത്തരം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ വപറഞ്ഞു. അദ്ദേഹം അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്കായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റൊരു രാജ്യവും അദ്ദേഹത്തെ നിയന്ത്രിക്കുന്നില്ലെന്നും ട്രംപിന്റെ പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.


