ന്യൂഡല്‍ഹി: വിദേശ നയതന്ത്രത്തില്‍ നിര്‍ണായകമായ ചര്‍ച്ചകളിലേക്കും കൂടിക്കാഴ്ച്ചകളിലേക്കും കടക്കാന്‍ ഇന്ത്യ. മൂന്ന് മാസത്തിനുള്ളില്‍ നിര്‍ണായക റഷ്യന്‍, യുഎസ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച്ചകള്‍ നടത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഇന്ത്യയിലേ എത്തുന്ന തീയ്യതിയും തീരുമാനമായി.

ഡിസംബര്‍ 5,6 തീയതികളില്‍ റഷ്യ-ഇന്ത്യ ഉച്ചകോടിക്കായാണ് പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തുക. ഓഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവലിന്റെ മോസ്‌കോ സന്ദര്‍ശന വേളയിലാണ് ഉന്നതതല സന്ദര്‍ശനം ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, ആ സമയത്ത് തീയതികള്‍ തീരുമാനിച്ചിരുന്നില്ല. ഇതിനു ശേഷം ചൈനയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി യുഎസുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുടിന്റെ ഇന്ത്യന്‍ സന്ദര്‍ശനം.

പുടിന്റെ സന്ദര്‍ശന വേളയില്‍ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം എന്നിവയില്‍ ചര്‍ച്ച നടക്കുമെന്നാണ് സൂചന. ഇന്ത്യ-റഷ്യ ബന്ധത്തിന് യാതൊരു ഭീഷണിയുമില്ലെന്നായിരുന്നു യുഎന്‍ പൊതുസമ്മേളനത്തില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞത്. ഇന്ത്യയുടെ ദേശീയതാല്‍പര്യങ്ങള്‍ക്ക് റഷ്യ പൂര്‍ണ പിന്തുണ നല്‍കുമെന്നും ലാവ്റോവ് വ്യക്തമാക്കിയിരുന്നു. പുടിനും മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ബന്ധം കൂടുതല്‍ ഊഷ്മളമാകാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചക്കും കളമൊരുങ്ങുകയാണ്. ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താനാണ് സാധ്യത. ഒക്ടോബര്‍ 26, 27 തീയതികളില്‍ മലേഷ്യയില്‍ വച്ചാണ് ആസിയാന്‍ ഉച്ചകോടി. ഉച്ചകോടിക്കായി ട്രംപിനെ മലേഷ്യ ക്ഷണിച്ചു കഴിഞ്ഞു. ട്രംപ് പങ്കെടുക്കുകയാണെങ്കില്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും.

അമേരിക്ക 50 ശതമാനം നികുതി ചുമത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കാനഡയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നില്ല. അതേസമയം റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കുമേല്‍ കുടത്ത തീരുവ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടത് യൂറോപ്യന്‍ യൂണിയന്‍ തള്ളിയിരുന്നു. ട്രംപിന്റെ ആഹ്വാനം തള്ളി യൂറോപ്യന്‍ യൂണിയന്‍ അംഗ രാഷ്ട്രമായ ഫിന്‍ലന്‍ഡും. ഇന്ത്യയ്ക്കുമേല്‍ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി എലീന വോള്‍ട്ടനെന്‍ പറഞ്ഞു.

ഇന്ത്യയ്ക്കുമേല്‍ 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ്, ഇതിനുപുറമേ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുളള 'ശിക്ഷ'യായി 25% കൂടി ചുമത്തി മൊത്തം 50% ആക്കിയിരുന്നു. നിലവില്‍ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന 2 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ട്രംപുമായി കടുത്ത ഭിന്നതയിലുള്ള ബ്രസീലിനും 50 ശതമാനമാണ് ചുങ്കം.

അമേരിക്കയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയ്ക്കുമേല്‍ യൂറോപ്യന്‍ യൂണിയനും ജി7 രാഷ്ട്രങ്ങളും നാറ്റോയും 100% ഇറക്കുമതി തീരുവ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് കൂട്ടായ്മകളും ട്രംപിന്റെ ആവശ്യം തള്ളി. ഇന്ത്യയുമായി യൂറോപ്യന്‍ യൂണിയന്റെ വ്യാപാരക്കരാര്‍ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ ഡെര്‍ ലേയെനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന പ്രസ്താവനയുമായി ഫിന്‍ലന്‍ഡും രംഗത്തെത്തിയത്.

അതേസമയം, യുക്രെയ്‌നെതിരായ റഷ്യയുടെ യുദ്ധത്തിന് അറുതിവരുത്താനുള്ള ശ്രമത്തിലാണ് യൂറോപ്പെന്ന് സൂചിപ്പിച്ച എലീന, ആ നീക്കത്തില്‍ ഇന്ത്യയും പങ്കുചേരണമെന്നും പറഞ്ഞു. ഇന്ത്യ സൂപ്പര്‍ പവര്‍ ആണെന്നും റഷ്യയും ചൈനയും ഉള്‍പ്പെടുന്ന ലിസ്റ്റില്‍ കൂട്ടിക്കെട്ടേണ്ടെന്നും ഫിന്‍ലന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്ബും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ചൈനയും റഷ്യയും പതിറ്റാണ്ടുകളായി ഒരേദിശയിലാണ് നീങ്ങുന്നത്. ഇരുവരും തമ്മിലെ നയതന്ത്രബന്ധം, എണ്ണ-ഗ്യാസ് വ്യാപാരം തുടങ്ങിയവ തീര്‍ച്ചയായും യുക്രെയ്‌നെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് സാമ്പത്തികാശ്വാസമാകുന്നുണ്ട്. അതേസമയം, ഇന്ത്യ കാലങ്ങളായി യൂറോപ്പിന്റെയും അമേരിക്കയുടെയും സുഹൃത്താണ്. വന്‍ സാമ്പത്തികശക്തിയായ വളരുന്ന ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കാനാണ് ശ്രമമെന്ന് സ്റ്റബ് പറഞ്ഞു.

റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് നിര്‍ണായപങ്ക് വഹിക്കാനാകുമെന്ന് പറഞ്ഞ സ്റ്റബ്, ഇതേക്കുറിച്ച് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി. ഓഗസ്റ്റില്‍ മോദിയും സ്റ്റബ്ബും തമ്മില്‍ ഫോണില്‍ സംസാരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നത് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.