ടെഹ്‌റാന്‍: ഇറാനില്‍ ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കൊന്നുതള്ളുന്നത് ഇപ്പോഴും തുടരുകയാണ്. ടെഹ്റാനിലെ തെരുവുകളില്‍ പലയിടങ്ങളിലും ഇപ്പോഴും ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് പ്രമുഖ മാധ്യമമായ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലരേയും അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത് എന്നാണ് മൃതദേഹങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. സര്‍ക്കാരിനെ എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇതൊരു സന്ദേശമാണ് എന്നാണ് കരുതപ്പെടുന്നത്.

ഇത് ഇറാനിലെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് എന്നാണ് പറയപ്പെടുന്നത്. ഇറാനിലെ യുദ്ധത്തിന്റെ കുഴപ്പങ്ങള്‍ക്കും ഇടയില്‍, രാജ്യത്തിന്റെ ഏറ്റവും ക്രൂരമായ സുരക്ഷാ സേനയായ ഐ.ആര്‍.ജി.സി പോലും കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത സമ്മര്‍ത്തിലാണ് എന്നാണ് പറയപ്പെടുന്നത്. യുദ്ധം ആരംഭിച്ചതിന് ശേഷം ഐ.ആര്‍.ജി.സിയില്‍ നിന്ന് ഒളിച്ചോടിയ സൈനികരെ അവര്‍ തന്നെ കൊന്നു തള്ളുന്നതായി

പറയപ്പെടുന്നു. അറുപതിലേറെ സൈനികരെ ഇത്തരത്തില്‍ ഐആര്‍.ജി.സി വധിച്ചു എന്നാണ് രഹസ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് പറയപ്പെടുന്നത്.

ഉത്തരവുകള്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ചതിന് ഐ.ആര്‍.ജി.സി മേധാവികള്‍ പതിവായി കീഴുദ്യോഗസ്ഥരെ വധിക്കുകയാണ്. ഇറാന്റെ സൈനിക, സുരക്ഷാ സേനകളില്‍ ഉടനീളം വധശിക്ഷകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഒന്നിലധികം ശാഖകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കപ്പെടുന്നു. ചിലപ്പോള്‍ അവരുടെ സ്വന്തം താവളങ്ങളില്‍ തന്നെയാണ് ഈ ശിക്ഷ നടപ്പിലാക്കുന്നത്. കൊലപാതകങ്ങള്‍ പലപ്പോഴും രഹസ്യ ഉത്തരവുകള്‍ പ്രകാരം നടപ്പിലാക്കപ്പെടുന്നു. അത് കൊണ്ട് തന്നെ സഹപ്രവര്‍ത്തകര്‍ പോലും ഇക്കാര്യം അറിയുന്നില്ല എന്നതാണ് വാസ്തവം. ഇവരുടെ മൃതദേഹങ്ങള്‍ തെരുവുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വലിച്ചെറിയപ്പെട്ടിട്ടുണ്ട്. ഇറാന്റെ സുരക്ഷാ സംവിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇരകള്‍.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, നാവിക ഉദ്യോഗസ്ഥര്‍, സാധാരണ സൈനികര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ചില കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷ ഗ്രൂപ്പുകളാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇറാനിയന്‍ മിസൈല്‍ ടീമുകള്‍ പോലും നുഴഞ്ഞുകയറി, അവരുടെ ഉപകരണങ്ങള്‍ ചിലപ്പോഴൊക്കെ രഹസ്യമായി തകര്‍ക്കുന്നു എന്നും സൂചനയുണ്ട്. അതിനിടെ യു.എസ്, ഇസ്രായേലി വിമാനങ്ങള്‍ ഇറാനെ ആക്രമിക്കുന്നത് തുടരുമ്പോള്‍ ആളുകള്‍ കൂടുതലും വീടുകളില്‍ തുടരുകയാണ്.

ശത്രുവിന്റെ ആഗ്രഹങ്ങള്‍ക്കൊത്ത് ആരെങ്കിലും മുന്നോട്ടുവന്നാല്‍, തങ്ങള്‍ അവരെ ഇനി വെറും പ്രതിഷേധക്കാരായി കാണില്ല, അവരെ ഒരു ശത്രുവായി കാണും എന്നാണ് ദേശീയ പോലീസ് മേധാവി അഹമ്മദ്-റേസ റഡാന്‍ പ്രഖ്യാപിച്ചത്. ഒരു ശത്രുവിനോട് നമ്മള്‍ ചെയ്യുന്നതുപോലെ അവരോടും ചെയ്യും എന്നും ... എല്ലാ സേനകളും സജ്ജരാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.