ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഫ്രാന്‍സില്‍ നിന്ന് സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 3200 കോടി രൂപയുടെ ഇടപാടിനാണ് കളമൊരുങ്ങുന്നത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഭീകരവാദ സംഘടനകളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേന സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചിരുന്നു. റഫാല്‍ വിമാനങ്ങളില്‍നിന്ന് ബ്രഹ്‌മോസ് മിസൈലുകള്‍ക്കൊപ്പം വിക്ഷേപിച്ച സ്‌കാല്‍പ് മിസൈലുകള്‍ കൃത്യതയോടെ ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. ഇതോടെയാണ് കാര്യക്ഷമത കൂടുതലുള്ള മിസൈലകള്‍ എന്ന നിലയില്‍ ഈ മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.

പാക്കിസ്ഥാന്‍ വ്യോമസേനയുടെ 12 പ്രധാന വ്യോമതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിക്കുകയും യുദ്ധവിമാനങ്ങള്‍ തകര്‍ത്തത് ഉള്‍പ്പെടെ സ്‌കാല്‍പ് മിസൈലുകള്‍ ഉപയോഗപ്പെടുത്തിയാണ്. 250 മുതല്‍ 500 കിലോമീറ്റര്‍ വരെ ദൂരെവരെ ആക്രമണം നടത്താന്‍ സാധിക്കുന്നവയാണ് സ്‌കാല്‍പ് മിസൈലുകള്‍. 450 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ കഴിയുന്ന ഈ മിസൈലിനു റഡാര്‍ നിരീക്ഷണത്തെ വെട്ടിക്കാനുള്ള കഴിവുമുണ്ട്.

ഭാവിയില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകാന്‍ പോകുന്ന 26 റഫാല്‍ മറൈന്‍ യുദ്ധവിമാനങ്ങളിലും ഈ മിസൈലുകള്‍ ഘടിപ്പിക്കും. ഇതുകൂടാതെ, 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം ഉടന്‍ പൂര്‍ത്തിയാക്കും.

അടുത്ത 15 വര്‍ഷത്തിനുള്ളില്‍ റഫാല്‍ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായി മാറും. ഇതിനോടൊപ്പം നാവികസേനയുടെ റഫാലുകള്‍ ചേരുന്നതോടെ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവുമധികം റഫാല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറും.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തിനിടെ വ്യോമസേനക്കുവേണ്ടി കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ തീരുമാനം ഉണ്ടായേക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡി.എ.സി) യോഗം ഫെബ്രുവരി രണ്ടാം വാരത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള വ്യോമസേനയുടെ പദ്ധതി രൂപരേഖ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു നേരത്തേ കൈമാറിയിരുന്നു. ഫെബ്രുവരി 19, 20 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന നിര്‍മിത ബുദ്ധി (എ.ഐ) സമ്മിറ്റില്‍ പങ്കെടുക്കാനാണ് മാക്രോണ്‍ എത്തുന്നത്. ഏകദേശം 3.25 ലക്ഷം കോടിയുടെ കരാറില്‍ ഒപ്പിട്ടാല്‍ കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും വലിയ പ്രതിരോധ കരാറായി ഇതു മാറും

കരാര്‍ നടപ്പായാല്‍ റഫാലിന്റെ അന്തിമ അസംബ്ലി യൂനിറ്റ് ഇന്ത്യയില്‍ സജ്ജീകരിക്കുന്ന വിധത്തിലാകും ധാരണ. വിമാനത്തില്‍ 60 ശതമാനവും ഇന്ത്യന്‍ നിര്‍മിത ഭാഗങ്ങള്‍ ഉപയോഗിക്കാനും ലക്ഷ്യമിടുന്നു. കരാര്‍ ഒപ്പിട്ട് ഉടന്‍തന്നെ 15ലധികം വിമാനങ്ങള്‍ നല്‍കാമെന്നു റഫാല്‍ നിര്‍മാതാക്കളായ ദാസോ ഏവിയേഷന്‍ നേരത്തേ അറിയിച്ചിട്ടുണ്ട്.

നിലവില്‍ സേനയുടെ കൈവശം 36 റഫാല്‍ വിമാനങ്ങളാണുള്ളത്. നാവികസേന 26 റഫാല്‍ വിമാനങ്ങള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് വ്യോമസേനയുടെ നിലവിലെ സ്‌ക്വാഡ്രണ്‍ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍കൂടി വാങ്ങാന്‍ പദ്ധതിയിടുന്നത്.

മിഗ് യുദ്ധവിമാനങ്ങള്‍ സേവനം അവസാനിപ്പിച്ചതോടെ വ്യോമസേനയുടെ സ്‌ക്വാഡ്രണ്‍ ശേഷി കുറഞ്ഞിരുന്നു. ഈ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണു നടപടികള്‍ വേഗത്തിലാക്കുന്നത്.