ന്യൂയോര്‍ക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിനിര്‍ത്തലിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയുണ്ടായിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയില്‍ അവകാശപ്പെട്ടു. ഈ വര്‍ഷം മേയില്‍ കിഴക്കന്‍ അതിര്‍ത്തിയിലുണ്ടായ പ്രകോപനമില്ലാത്ത ആക്രമണങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചുവെന്നും, പാകിസ്ഥാന്‍ വിജയകരമായി പ്രതിരോധിച്ചുവെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തിനു ശേഷം ഇന്ത്യ രാഷ്ട്രീയ ലാഭത്തിനായി പാകിസ്ഥാനെ ആക്രമിച്ചെന്നും, എന്നാല്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പാക് സൈന്യം ഏഴ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് തിരിച്ചടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുടെ സംഘര്‍ഷങ്ങളെ തങ്ങള്‍ അതിജീവിച്ചെന്നും ഷരീഫ് വ്യക്തമാക്കി.

നേരത്തെ, ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകളാണ് പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നത്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ദര്‍, ഇരുപക്ഷവും സ്വമേധയാ കൊണ്ടുവന്ന ധാരണയുടെ ഫലമായാണ് വെടിനിര്‍ത്തലുണ്ടായതെന്നും, ഇതില്‍ ആരുടെയും മധ്യസ്ഥതയില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഷഹബാസ് ഷെരീഫിന്റെ പുതിയ പ്രസ്താവന ഈ നിലപാടിന് വിരുദ്ധമാണ്.

പ്രസിഡന്റ് ട്രംപിന്റെ സമാധാന സംരംഭങ്ങള്‍ ദക്ഷിണേഷ്യയിലെ യുദ്ധം ഒഴിവാക്കിയെന്നും, അദ്ദേഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടല്‍ ഒരു മഹാദുരന്തം ഒഴിവാക്കിയെന്നും ഷെരീഫ് പ്രസംഗത്തില്‍ പറഞ്ഞു. ലോകമെമ്പാടും സമാധാനത്തിനായി ശ്രമിക്കുന്ന ട്രംപിനെ സമാധാന നോബേലിനായി ശുപാര്‍ശ ചെയ്യുമെന്നും, അദ്ദേഹമാണ് യഥാര്‍ത്ഥ സമാധാനത്തിന്റെ പ്രതിപുരുഷനെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ നിങ്ങളെ തോല്‍പ്പിക്കുകയാണ്..

ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍. വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയോട്, 'അതിര്‍ത്തി കടന്നുള്ള ഭീകരവാദം നിങ്ങള്‍ എപ്പോഴാണ് നിര്‍ത്തുന്നത്?' എന്ന് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷണല്‍ (ANI) പ്രതിനിധി ചോദിച്ചു. ഇതിന് മറുപടിയായി, 'ഞങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പരാജയപ്പെടുത്തുകയാണ്. അവരെ ഞങ്ങള്‍ തോല്‍പ്പിക്കുന്നു,' എന്ന് ഷെരീഫ് പ്രതികരിച്ചു. എന്നാല്‍, 'ഇന്ത്യ നിങ്ങളെ പരാജയപ്പെടുത്തുകയാണ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി,' എന്ന് മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.