- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍; സിറിയയിലെ 250ലേറെ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം; സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം വിമതരിലേക്ക് ആയുധങ്ങള്‍ എത്താതിരിക്കാന്‍; ഗോലാന്‍ കുന്നുകളില്‍ അവകാശം അരക്കിട്ടുറപ്പിക്കും വിധം ഇസ്രായേല്‍ നീക്കങ്ങള്‍
ടെല്‍ അവീവ്: സിറിയയില്‍ വിമതര്‍ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. പ്രസിഡന്റ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേല്‍ 200ലേറെ കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. പ്രധാനമായും സിറിയയുടെ സൈനിക വെടിക്കോപ്പുകള്‍ സൂക്ഷിക്കുന്ന ്ഇടങ്ങളെയാണ് ലക്ഷ്യം വെച്ചത്. ഡമാസ്‌കസ് ഉള്‍പ്പടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലെ 250ലേറെ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. സിറിയയിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ഇയാള്‍ അവകാശപ്പെട്ടു.
ഡമാസ്‌കസിന് പുറമേ തുറമുഖ നഗരമായ ലതാകിയയും ദാരയും ആക്രമിക്കപ്പെട്ടു. അസദ് സര്‍ക്കാരിന്റെ രാസായുധങ്ങളും ദീര്‍ഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പറയുന്നത്. ഇവ തീവ്രവാദികളുടെ കൈയിലെത്താതിരിക്കാനാണ് ഇതു ചെയ്തതെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ പറഞ്ഞു. രാസായുധശേഖരം ഉപേക്ഷിക്കാമെന്ന് സിറിയ 2013-ല്‍ സമ്മതിച്ചിരുന്നു.
എന്നാല്‍, സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഗോലാന്‍ കുന്നുകള്‍ക്ക് സമീപത്തെ പൗരന്‍മാരെ സംരക്ഷിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചുവെന്ന് ഇസ്രായേല്‍ അറിയിച്ചു. ഭരണം പിടിച്ചെടുത്ത വിമതര്‍ രാജ്യത്ത് ചുവടുറപ്പിക്കും മുമ്പാണ് ഇസ്രായേലിന്റെ ആക്രമണം. ഗോലന്‍ കുന്നുകളില്‍ തങ്ങളുടെ അവകാശവാദം അരക്കിട്ടുറപ്പിക്കുകയാണ് ഇസ്രായേല്‍ ചെയ്തിരിക്കുന്നത്.
അതേസമയം അസദിനെ വിമതര്‍ അട്ടിമറിച്ചെങ്കിലും സിറിയന്‍ സര്‍ക്കാര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മുഹമ്മദ് അല്‍ ജലാലി തിങ്കളാഴ്ച പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് പലയാനം ചെയ്തവര്‍ സമാധാനമുള്ള ഭാവി പ്രതീക്ഷിച്ച് അയല്‍രാജ്യങ്ങളില്‍നിന്ന് സിറിയയിലേക്ക് തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. വിമതമുന്നേറ്റം നടന്ന ഡമാസ്‌കസ് തിങ്കളാഴ്ച പൊതുവേ ശാന്തമായിരുന്നു. ഭൂരിഭാഗം കടകളും സര്‍ക്കാര്‍സ്ഥാപനങ്ങളും തുറന്നില്ല. കവലകളില്‍ ആളുകളുടെ ചെറുകൂട്ടങ്ങള്‍ അസദിന്റെ പതനം ആഘോഷിച്ചു. ഗാതാഗത തടസ്സമുണ്ടായിരുന്നില്ലെങ്കിലും പൊതുഗാതഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ചിലയിടങ്ങളില്‍ ആയുധമേന്തിയ സംഘങ്ങള്‍ തെരുവുകളില്‍ നിലയുറപ്പിച്ചിരുന്നു.
അതിനിടെ, അസദിന്റെ സഹോദരനും സൈന്യത്തിന്റെ നാലാം ആര്‍മേഡ് ഡിവിഷന്റെ തലവനുമായ മഹെറിന്റെ സഹായി മേജര്‍ ജനറല്‍ അലി മഹ്‌മൂദിന്റെ മൃതദേഹം ഡമാസ്‌കസിലെ ഓഫീസില്‍ കണ്ടെത്തി. മഹ്‌മൂദ് കൊല്ലപ്പെട്ടതാണോ ആത്മഹത്യചെയ്തതാണോ എന്നു വ്യക്തമല്ലെന്ന് യുദ്ധനിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. 2011-ല്‍ അസദിനെതിരേ ഉയര്‍ന്ന ബഹുജനപ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചയാളാണ് മഹെര്‍.
ഇതിനിടെ അതിനിടെ സിറിയ പിടിച്ചെടുത്ത അഹമ്മദ് അല്‍ ഷരായുടെ (അബു മുഹമ്മദ് അല്‍ ജൊലാനി) നേതൃത്വത്തിലുള്ള വിമതസഖ്യത്തില്‍ അസ്വസ്ഥതകള്‍ നിഴലിട്ടുതുടങ്ങി. തുര്‍ക്കിയുടെ പിന്തുണയുള്ള വിമതസഖ്യമായ സിറിയന്‍ നാഷണല്‍ ആര്‍മി (എസ്.എന്‍.എ.) വടക്കന്‍ സിറിയയില്‍ കുര്‍ദ്സേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മന്‍ബിജ് പിടിച്ചെടുത്തു. യു.എസിന്റെ പിന്തുണയുള്ള കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ കൈയിലുണ്ടായിരുന്ന പ്രദേശമാണ് മന്‍ബിജ്.
കിഴക്കന്‍ സിറിയയിലെ അല്‍മിസ്ത്രിയില്‍ തുര്‍ക്കി ഡ്രോണാക്രമണം നടത്തിയെന്നും ആറു കുട്ടികളുള്‍പ്പെടെ 12 പേര്‍ മരിച്ചെന്നും എസ്.ഡി.എഫ്. പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് അസദിനെതിരേ പോരാടിയ വിമതസംഘങ്ങള്‍ക്കിടയില്‍ അദ്ദേഹം പുറത്തായശേഷവും ഭിന്നത നിലനില്‍ക്കുന്നു എന്നതിന്റെ സൂചനയായാണ് എസ്.എന്‍.എ. മന്‍ബിജ് പിടിച്ചതിനെ കാണുന്നത്.