- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ ഇനിയും ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഗാസ വെടിനിര്‍ത്തല്‍ ശ്രമങ്ങളില്‍ മധ്യസ്ഥത തുടരുമെന്ന് പ്രഖ്യാപിച്ചു ഖത്തറും; ഗള്‍ഫ് രാജ്യങ്ങള്‍ കൂട്ടത്തോടെ ഖത്തറിന് പിന്തുണയുമായി രംഗത്ത്; ഇസ്രായേലിനെതിരെ കടുത്ത നിലപാടുമായി യൂറോപ്യന്‍ യൂണിയനും
ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ ഇനിയും ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍
ദുബായ്: ഹമാസ് നേതാക്കളെ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍. യുഎസിലെ ഇസ്രായേല്‍ അംബാസഡര്‍ യെഹില്‍ ലൈത്തറാണ് ദോഹയില്‍ നടത്തിയ ആക്രമണം ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കില്‍, ഹമാസ് നേതാക്കളെ അടുത്തവട്ടം വധിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേലിനെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി.
അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കു മധ്യസ്ഥത തുടരുമെന്നു ഖത്തര്‍ പ്രഖ്യാപിച്ചു. മധ്യസ്ഥ ചര്‍ച്ചകളില്‍നിന്നു ഖത്തര്‍ പിന്മാറിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇസ്രയേല്‍ ആക്രമണം മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന യുഎസ് അവകാശവാദം ഖത്തര്‍ തള്ളി. ആക്രമണം ആരംഭിച്ചു 10 മിനിറ്റിനു ശേഷമാണ് അമേരിക്ക വിവരങ്ങള്‍ കൈമാറിയതെന്നും വ്യക്തമാക്കി. അതിനിടെ, ഖത്തറിനു പിന്തുണ അറിയിച്ചു യൂറോപ്യന്‍ യൂണിയന്‍ അടക്കം ലോകരാജ്യങ്ങള്‍ രംഗത്തെത്തി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തറില്‍ നേരിട്ടെത്തി പിന്തുണ അറിയിച്ചു. യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തുമും ഖത്തറിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ജോര്‍ദാന്‍ കിരീടാവകാശി ഹുസൈന്‍ എന്നിവര്‍ ഇന്ന് എത്തും.
ആദ്യമായി ഒരു ജി.സി.സി രാഷ്ട്രത്തെ ലക്ഷ്യമിട്ട ഇസ്രായേല്‍ നടപടി സംഘര്‍ഷം പടര്‍ത്തുമെന്ന ആശങ്ക ശക്തമാണ്. ഇസ്രായേലിനെ അപലപിച്ചും ഖത്തറിന് ഐക്യദാര്‍ഢ്യമറിയിച്ചും ലോക നേതാക്കള്‍ രംഗത്തെത്തി. ഇസ്രായേലുമായി വ്യാപാര നടപടികള്‍ അവസാനിപ്പിക്കുകയും തീവ്രപക്ഷ നേതാക്കള്‍ക്ക് ഉപരോധമേര്‍പ്പെടുത്തുകയും ചെയ്യാന്‍ യൂറോപ്യന്‍ യൂനിയന്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കള്‍ തങ്ങിയ കെട്ടിടത്തില്‍ 12 തവണയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. മുന്‍നിര നേതാക്കള്‍ രക്ഷപ്പെട്ട ആക്രമണത്തില്‍ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തര്‍ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും ഖത്തറിന്റെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തര്‍ കുറ്റപ്പെടുത്തി.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് യു.കെ പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
ആക്രമണത്തെ അപലപിച്ച ജര്‍മനി എന്നാല്‍ ഇസ്രായേലിനുള്ള പിന്തുണയില്‍ മാറ്റമില്ലെന്ന് അറിയിച്ചു. ആക്രമണത്തെ ഖത്തര്‍ ശൂറ കൗണ്‍സില്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനല്‍ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇസ്രായേല്‍ തീവ്ര മന്ത്രിമാര്‍ക്ക് യൂറോപ്യന്‍ യൂനിയനു കീഴിലെ രാജ്യങ്ങളില്‍ സമ്പൂര്‍ണ വിലക്കേര്‍പ്പടുത്തുകയും വ്യാപാര നടപടികള്‍ പൂര്‍ണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന നിര്‍ദേശമാണ് യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ മുന്നോട്ടുവെച്ചത്.