ടെഹ്റാന്‍: ആഴ്ചകളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്റര്‍നെറ്റ് പൂര്‍ണ്ണമായും നിരോധിച്ച ഇറാന്‍ സര്‍ക്കാരിനെതിരെ ഇലോണ്‍ മസ്‌കിന്റെ അപ്രതീക്ഷിത നീക്കം. സമരത്തെ രക്തരൂക്ഷിതമായി തന്നെ നേരിടാനാണ് മസ്‌ക്കിന്റെ നീക്കം. ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കാന്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് തീരുമാനിച്ചു. ഇതോടെ, സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിക്കും. ഇറാനില്‍ പ്രതിഷേധങ്ങളെ ഉരുക്കിമുഷ്ടികൊണ്ട് അടിച്ചമര്‍ത്തുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്സ്‌ക്രിപ്ഷന്‍ ഫീസാണ് മസ്‌ക് ഒഴിവാക്കിയത്. ഇറാനില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ കൈവശമുള്ളവര്‍ക്ക് ഇനി മുതല്‍ പണം നല്‍കാതെ തന്നെ ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇലോണ്‍ മസ്‌കുമായി സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ നിര്‍ണ്ണായക നീക്കം.

ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ കൈവശം വെക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും, ഏകദേശം 50,000ത്തിലധികം യൂനിറ്റുകള്‍ ഇതിനോടകം രാജ്യത്തേക്ക് കടത്തപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ സ്റ്റാര്‍ലിങ്ക് സിഗ്‌നലുകള്‍ ജാം (ഖമാ) ചെയ്യാന്‍ ഇറാന്‍ സൈന്യം ശ്രമിക്കുന്നുണ്ടെങ്കിലും, സാങ്കേതിക വിദ്യയിലൂടെ ഇതിനെ പ്രതിരോധിക്കാനാണ് മസ്‌കിന്റെ നീക്കം.

നേരത്തെ യുക്രൈന്‍ യുദ്ധസമയത്തും വെനിസ്വലയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും സമാനമായ രീതിയില്‍ മസ്‌ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരുന്നു. ഇന്റര്‍നെറ്റ് നിരോധനത്തിലൂടെ പ്രതിഷേധങ്ങളെ ലോകശ്രദ്ധയില്‍ നിന്ന് മറച്ചുവെക്കാനുള്ള ഇറാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മസ്‌കിന്റെ ഈ ഡിജിറ്റല്‍ നയതന്ത്രം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈക്കെതിരെ രാജ്യത്തുടനീളമായി ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.