വാഷിംഗ്ടണ്‍ ഡിസി: പത്ത് ദിവസത്തിനുള്ളില്‍ സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വാഷിംഗ്ടണ്‍ ഡിസിയില്‍ വ്യാഴാഴ്ച (2026 ഫെബ്രുവരി 19) നടന്ന പ്രഥമ 'ബോര്‍ഡ് ഓഫ് പീസ്' (Board of Peace) യോഗത്തിലാണ് യുദ്ധത്തിന്റെ ഭാരിച്ച ചെലവുകളെക്കുറിച്ച് സംസാരിക്കവെ ട്രംപ് ഇറാന് അന്ത്യശാസനം നല്‍കിയത്.

ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍, അര്‍ത്ഥവത്തായ ഒരു കരാറില്‍ എത്താന്‍ ഇറാന്‍ തയ്യാറായില്ലെങ്കില്‍ 'മോശമായ കാര്യങ്ങള്‍' സംഭവിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 'അടുത്ത 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്കന്‍ സൈന്യം വന്‍തോതില്‍ വിമാനവാഹിനികളും യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വിന്യസിച്ചിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍ എന്നിവയാകാം അമേരിക്കയുടെ ലക്ഷ്യം.

യുദ്ധത്തിന് സമാധാനത്തേക്കാള്‍ നൂറിരട്ടി ചെലവുണ്ടെന്ന് ട്രംപ് പറഞ്ഞു. 'ഈ മുറിയിലുള്ള പലര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും വെറുപ്പായിരിക്കാം, പക്ഷേ പഴയ കാലത്തെപ്പോലെ ഞങ്ങള്‍ സ്നേഹം തിരിച്ചുകൊണ്ടുവരികയാണ്,' അദ്ദേഹം പറഞ്ഞു.

നോബല്‍ സമ്മാനം വേണ്ട

തന്റെ ലക്ഷ്യം ജീവന്‍ രക്ഷിക്കലാണെന്നും നോബല്‍ സമ്മാനമല്ലെന്നും ട്രംപ് വ്യക്തമാക്കി. 'എനിക്ക് നോബല്‍ സമ്മാനത്തെക്കുറിച്ച് ആശങ്കയില്ല, എനിക്ക് ആളുകള്‍ കൊല്ലപ്പെടുന്നത് കാണണ്ട,' ട്രംപ് പറഞ്ഞു. ഇത്തവണ നോബല്‍ സമ്മാനം ലഭിച്ചത് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്കായിരുന്നു.

യോഗത്തിലെ പങ്കാളിത്തം

പ്രഥമ 'ബോര്‍ഡ് ഓഫ് പീസ്' യോഗത്തില്‍ ഏകദേശം 50 ലോകനേതാക്കള്‍ നേരിട്ടോ അല്ലാതെയോ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ്, മരുമകന്‍ ജാരദ് കുഷ്‌നര്‍, മിഡില്‍ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ജാരദ് കുഷ്‌നറാണ് ബോര്‍ഡിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി.

ജനീവയില്‍ നടന്ന ആണവ ചര്‍ച്ചകളില്‍ ഇറാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കാര്യമായ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് ട്രംപ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്. സമാധാനം സ്ഥാപിക്കാനാണ് തന്റെ ശ്രമമെന്ന് അവകാശപ്പെടുമ്പോഴും, കരാര്‍ നടന്നില്ലെങ്കില്‍ ഈ ആഴ്ച അവസാനം തന്നെ ഇറാനെതിരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.