ന്യൂഡല്‍ഹി: പലസ്തീനെ രാജ്യമായി അംഗീകരിച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത വിമര്‍ശനവുമായി ഇസ്രായേല്‍. ബ്രിട്ടന്‍, കാനഡ, ഓസ്‌ട്രേലിയ, പോര്‍ച്ചുഗല്‍ തുടങ്ങി പത്തോളം രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നത്. ഇതില്‍ ബ്രിട്ടന്‍ പലസ്തീനെ അംഗീകരിച്ചതായി അറിയിച്ചു. ഇതിനെ കടുത്ത ഭാഷയിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചത്.

രാജ്യങ്ങളുടെ നടപടി ഇസ്രായേലിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് നെതന്യാഹു പറഞ്ഞു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴത്തെ നടപടി ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ഫ്രാന്‍സ്, യുകെ, കാനഡ, ഓസ്ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ അടുത്തയാഴ്ച ഐക്യരാഷ്ട്രസഭയില്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയും പലസ്തീന്‍ രാഷ്ട്രത്തിനായുള്ള ആഹ്വാനങ്ങള്‍ക്കെതിരെയും ഐക്യരാഷ്ട്രസഭയിലും മറ്റെല്ലാ മേഖലകളിലും നമ്മള്‍ പോരാടേണ്ടതുണ്ടെന്നും നെതന്യാഹു തന്റെ മന്ത്രിസഭയോട് പറഞ്ഞു.

ഹിസ്ബുള്ളയ്ക്കെതിരെ ലെബനനില്‍ ഇസ്രായേല്‍ അടുത്തിടെ നേടിയ സൈനിക വിജയങ്ങള്‍ ലെബനനുമായും സിറിയയുമായും സമാധാനത്തിനുള്ള സാധ്യതകള്‍ തുറന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുണൈറ്റഡ് കിംഗ്ഡവും മറ്റ് ചില രാജ്യങ്ങളും നടത്തിയ പലസ്തീന്‍ രാഷ്ട്രത്തെ ഏകപക്ഷീയമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളയുന്നു. അത്തരം അംഗീകാരം സമാധാനം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മേഖലയെ കൂടുതല്‍ അസ്ഥിരപ്പെടുത്തുമെന്നും ഭാവിയില്‍ സമാധാനപരമായ പരിഹാരം കൈവരിക്കാനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുമെന്നും ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നീക്കങ്ങളെ ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ വിമര്‍ശിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിര്‍പ്പ് മറികടന്നാണ് പലസ്തീനെ ഇത്രയും രാജ്യങ്ങള്‍ അംഗീകരിച്ചത്. ഈ രാജ്യങ്ങളോടുള്ള അമേരിക്കയുടെ സമീപനവും വരും കാലങ്ങളില്‍ പ്രധാനമാകും. ഈ ആഴ്ച നടക്കുന്ന യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ നിലപാടിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.

അതേസമയം ഇപ്പോഴത്തെ നടപടിയില്‍ പ്രകോപിതരായ ഇസ്രായേല്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം നിലവില്‍വരുന്നത് തടയാന്‍ വെസ്റ്റ് ബാങ്കില്‍ അധിനിവേശം വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഇക്കാര്യം നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് ഒരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പലസ്തീനികള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യുകെ ഫലസ്തീനെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കാനഡ, ആസ്ത്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കാന്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ കാണിച്ച ആര്‍ജവത്തെ ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. യുഎസും ഈ വഴി പിന്തുടരുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ലോകരാഷ്ട്രങ്ങളുടെ കനത്ത സമ്മര്‍ദത്തെ അവഗണിച്ച് ഇസ്രായേല്‍ ഗസ്സയില്‍ കനത്ത ആക്രമണം തുടരുകയാണ്. അഭയാര്‍ഥി ക്യാമ്പുകളിലടക്കം ഇസ്രായേല്‍ ബോംബ് വര്‍ഷിച്ചു. ഇന്ന് മാത്രം 55 ഫലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജൂത ജനതക്ക് ദേശീയ ഭവനമൊരുക്കാന്‍ പിന്തുണച്ച ബാല്‍ഫര്‍ പ്രഖ്യാപനത്തിന് 108 വര്‍ഷം കഴിഞ്ഞ് ബ്രിട്ടന്‍ നിലപാട് മാറ്റിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഫലസ്തീനില്‍ ഇസ്രായേല്‍ സ്ഥാപിച്ച് 77 വര്‍ഷത്തിനു ശേഷമാണ് രാജ്യം പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത്.

''പശ്ചിമേഷ്യയിലെ അനുദിനം വര്‍ധിക്കുന്ന ഭീകരതക്കിടെ സമാധാനവും ദ്വിരാഷ്ട്ര പരിഹാരവും ലക്ഷ്യമിട്ടാണ് നടപടി''യെന്ന് യു.കെ പ്രധാനമന്ത്രി സ്റ്റാമര്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ തന്നെ നിലപാട് മാറ്റം സംബന്ധിച്ച് ബ്രിട്ടന്‍ തീരുമാനമെടുത്തിരുന്നു. ബ്രിട്ടനൊപ്പം കോമണ്‍വെല്‍ത്ത് രാജ്യങ്ങളായ കാനഡയും ആസ്‌ട്രേലിയയും കൂടി ഫലസ്തീന്‍ പിന്തുണ പരസ്യമാക്കി.

1988ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) ആണ് ഫലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നത്. അതിനുശേഷം ഫലസ്തീന്‍ അതോറിറ്റി വഴി നാമമാത്ര അധികാരമാണ് ഗസ്സ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലായി ഫലസ്തീനികള്‍ക്ക് ഉണ്ടായിരുന്നത്. 2007 മുതല്‍ ഹമാസ് നിയന്ത്രിക്കുന്ന ഗസ്സ ഏറ്റെടുത്തു. ഇതോടെയാണ് വീണ്ടും സംഘര്‍ഷം തുടങ്ങിയതും.