- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമേരിക്ക തിരിച്ചുവന്നു' എന്നു പറഞ്ഞു പ്രസംഗം തുടങ്ങി; പതിവു പോലെ ജോ ബൈഡന് രൂക്ഷ വിമര്‍ശനം; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ 100 ശതമാനം തീരുവ ചുമത്തുന്നത് അംഗീകരിക്കില്ലെന്ന് മുന്നറിയിപ്പ്; ഏപ്രില്‍ 2 മുതല്‍ പകരത്തിന് പകരം തീരുവ; മുട്ടവില കുറയ്ക്കും; യു.എസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ അഭിസംബോധന ഇങ്ങനെ
'അമേരിക്ക തിരിച്ചുവന്നു' എന്നു പറഞ്ഞു പ്രസംഗം തുടങ്ങി
വാഷിങ്ടണ്‍: വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. തന്റെ പതിവു ശൈലിയില്‍ വിമര്‍ശനങ്ങളാണ് ട്രംപ് യുംസ് കോണ്‍ഗ്രസില്‍ പറഞ്ഞത്. മുന്‍ഗാമി ജോ ബൈഡനെ പല വിഷയങ്ങളില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. 'അമേരിക്ക തിരിച്ചുവന്നു' എന്ന വാചകത്തോടെ പ്രസംഗം തുടങ്ങിയ ട്രംപ് മുന്‍ സര്‍ക്കാരുകള്‍ എട്ട് വര്‍ഷങ്ങള്‍കൊണ്ട് ചെയ്ത കാര്യങ്ങളേക്കാള്‍ കൂടുതല്‍ 43 ദിവസങ്ങള്‍കൊണ്ട് തങ്ങള്‍ ചെയ്തുവെന്നും അവകാശപ്പെട്ടു.
സര്‍ക്കാര്‍ തലത്തിലുള്ള എല്ലാ സെന്‍സര്‍ഷിപ്പുകളും അവസാനിപ്പിച്ചുവെന്നും ആശയാവിഷ്‌കാര സ്വാതന്ത്യം തിരിച്ചുകൊണ്ടുവന്നുവെന്നും ട്രംപ് പറഞ്ഞു. മനുഷ്യര്‍ പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് തരം മാത്രമേയുള്ളൂവെന്നും ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിഭാഗമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 'സ്ത്രീകളുടെ കായിക ഇനങ്ങളില്‍ പുരുഷന്‍മാര്‍ കളിക്കുന്നത് വിലക്കു'മെന്ന തന്റെ ഉത്തരവിനെ കുറിച്ചും ട്രംപ് സംസാരിച്ചു.
മുട്ടവില നിയന്ത്രണാതീതമാണെന്നും ആളുകള്‍ക്ക് താങ്ങാനാവുന്ന വിലയിലേക്ക് കൊണ്ടുവരുമെന്നും ട്രംപ് ഉറപ്പുനല്‍കി. അമേരിക്കയുടെ സ്വപ്നം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞ ട്രംപ് രാജ്യത്തിന്റെ സ്വപ്നങ്ങള്‍ എപ്പോഴത്തേക്കാളും മികച്ചതായിരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.
അമേരിക്കയിലെ കര്‍ഷകര്‍ക്കായി പുതിയ വ്യാപാരനയം കൊണ്ടുവരും. ഗുണനിലവാരമില്ലാത്ത പല ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങളില്‍നിന്ന് അമേരിക്കയിലേക്ക് എത്തുന്നുണ്ട്. ഇത് കര്‍ഷകരെ ദ്രോഹിക്കുന്നതിന് തുല്ല്യമാണ്. ഏപ്രില്‍ രണ്ടിന് പ്രാബല്യത്തില്‍ വരുന്ന പുതിയ താരിഫുകള്‍ കാര്‍ഷിക ഉത്പന്നങ്ങളെ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ട്രംപ് വ്യക്തമാക്കി.
മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ നിര്‍ത്തുകയാണ്. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവനെടുത്ത ഫെന്റനൈല്‍ ലഹരിമരുന്ന് ഈ രാജ്യങ്ങളില്‍നിന്നാണ് അമേരിക്കയിലെത്തിയതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. വിവിധ വിഭാഗം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ടിപ്പുകള്‍, ഓവര്‍ടൈം, മുതിര്‍ന്നവര്‍ക്കുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നിവയ്ക്കുള്ള നികുതി ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ചില രാജ്യങ്ങള്‍ യു.എസിന് ചുമത്തുന്ന തീരുവ വളരെ കൂടുതലാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍, ഇന്ത്യ, ചൈന, ബ്രസീല്‍ എന്നിവരെല്ലാം കൂടുതല്‍ തീരുവയാണ് ചുമത്തുന്നത്. ഇന്ത്യ 100% ആണ് തീരുവ ചുമത്തുന്നത്. ഇത് അനീതിയാണ്. അംഗീകരിക്കാനാവില്ല. ഇനി യു.എസും തീരുവ ചുമത്തും. ഏപ്രില്‍ രണ്ട് മുതല്‍ പകരത്തിന് പകരം തീരുവ തുടങ്ങും. ഏപ്രില്‍ ഒന്നിന് തുടങ്ങണമെന്നായിരുന്നു ആഗ്രഹമെന്നും അന്ന് വിഡ്ഢി ദിനമായതിനാല്‍ മാറ്റിവെയ്ക്കുകയായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വിദേശത്ത് നിന്നുള്ള അലൂമിനിയം, ചെമ്പ്, സ്റ്റീല്‍ എന്നിവയ്ക്ക് 25 ശതമാനം തീരുവ ചുമത്തി. ഈ തീരുമാനം തൊഴില്‍ അവസരങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും ട്രംപ് വ്യക്തമാക്കി.
അഞ്ച് ദശലക്ഷം ഡോളര്‍ നല്‍കി ഗോള്‍ഡ് കാര്‍ഡ് എടുത്താല്‍ യു.എസ് പൗരത്വം നല്‍കുന്ന പദ്ധതി ട്രംപ് അവതരിപ്പിച്ചു. ഇത് ഗ്രീന്‍ കാര്‍ഡിനേക്കാള്‍ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പ് (ഡോജ്) രൂപീകരിച്ചത് ചരിത്രപരമായ തീരുമാനമാണെന്നും അതിന്റെ തലനായി നിയമിച്ച ഇലോണ്‍ മസ്‌ക് വളരെ കഠിനധ്വാനിയായ വ്യവസായിയാണെന്നും മസ്‌ക് വ്യക്തമാക്കി.
അലാസ്‌കയില്‍ വാതക പൈപ്പ് ലൈന്‍ കൊണ്ടുവരാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നും ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിന്റെ പ്രസംഗത്തെ കയ്യടികളോടെയാണ് അംഗങ്ങള്‍ വരവേറ്റത്. പ്രസംഗം തടസപ്പെടുത്താന്‍ ടെക്സാസില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗം അലക്സാണ്ടര്‍ എന്‍ ഗ്രീന്‍ ശ്രമിച്ചു. അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കി.