വാഷിങ്ടണ്‍: റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഒരു രഹസ്യ ഫോണ്‍ സംഭാഷണം കഴിഞ്ഞ് ഏതാനും കണിക്കൂറുകള്‍ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് ഇറാനുമായുള്ള യുദ്ധം അധികം താമസിയാതെ തന്നെ അവസാനിക്കും എന്നാണ്. നിശ്ചയിച്ച സമയത്തിലും വളരെ മുന്‍പ് തന്നെ അമേരിക്കന്‍ സൈനികര്‍ ലക്ഷ്യം കണ്ടെത്തുകയാണെന്നും, ഇറാന്‍ സൈന്യം അക്ഷരാര്‍ത്ഥത്തില്‍ പൂര്‍ണ്ണമായി നശിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 'അവര്‍ക്ക് നാവികപ്പടയില്ല, ആശയവിനിമയ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു, വ്യോമസേനയും ഇല്ലാതെയായി. ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നത് യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ്' ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ട്രംപുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയില്‍, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം പുടിന്‍ പങ്കുവച്ചതായാണ് ക്രെംലിന്‍ അവകാശപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ യുക്രെയിന്‍ യുദ്ധത്തെ കുറിച്ചും വെനിസുലയിലെ എണ്ണ വിപണിയെ കുറിച്ചും സംസാരിച്ചതായും ക്രെംലിന്‍ വ്യക്തമാക്കി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഓഹരി വിപണി ട്രംപിന്റെ പ്രസ്താവനയോടെ തിരികെ കയറാന്‍ തുടങ്ങിയിട്ടുണ്ട്. അതുപോലെ, ബാരലിന് 91 ഡോളര്‍ വരെ ഉയര്‍ന്ന എണ്ണവില, ഹോര്‍മൂസ് കടലിടുക്ക് ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയോടെ 86 ഡോളര്‍ ആയി കുറയുകയും ചെയ്തു. ഇറാന്റെ മിസൈല്‍ - ഡ്രോണ്‍ ശക്തിയേയും നിഷ്‌ക്രിയമാക്കിയതായി ട്രംപ് അവകാശപ്പെട്ടു.

ലോകത്തിലെ മൊത്തം എണ്ണ വ്യാപാരത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് നേരത്തെ ഇറാന്‍ ഫലത്തില്‍ തന്നെ കൊട്ടിയടച്ചിരുന്നു. ഇതോടെയായിരുന്നു എണ്ണവില കുതിച്ചുയര്‍ന്നത്. അമേരിക്കയെയും ഇത് ബാധിച്ചിരുന്നു. ഗാലന് 3.4 ഡോളര്‍ ശരാശരി വിലവരെയായി ഗാസൊലിന്‍ വില വര്‍ദ്ധിച്ചിരുന്നു. യുദ്ധത്തിന് മുമ്പ് ഇത് 2.9 ഡോളര്‍ ആയിരുന്നു. അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ സഖ്യകക്ഷികള്‍ക്ക് നേരെ മിസൈല്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയായിരുന്നു ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ യാത്രാ തടസ്സം സൃഷ്ടിച്ചിരുന്നത്. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കറുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ഹോര്‍മൂസ് കടല്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നായിരുന്നു ഇന്നലെ ട്രംപ് പറഞ്ഞത്.

അതിനിടെ ഇറാന്റെ പുതിയ പരമോന്നതാധികാരി മൊജ്താബ ഖമനേയിക്ക് എന്ത് സന്ദേശമാണ് നല്‍കാനുള്ളത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു സന്ദേശവും നല്‍കാനില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. കഴിഞ്ഞ ദിവസം, ഇറാന്റെ പുതിയ നേതാവിനെ എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടിയായി, മൊജ്താബയെ പരമോന്നതാധികാരിയായി തിരഞ്ഞെടുത്തതില്‍ താന്‍ അസന്തുഷ്ടനാണ് എന്ന് മാത്രമായിരുന്നു ട്രംപിന്റെ പ്രതികരണം. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ പുതിയ നേതാവിനെയും കൊല്ലാന്‍ മടിക്കുകയില്ലെന്ന് ട്രംപ് സഖ്യകക്ഷികളോട് പറഞ്ഞതായ ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോപ്‌സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു തീവ്ര മതമൗലികവാദിയായിട്ടാണ് മൊജ്താബ അറിയപ്പെടുന്നത്. തന്റെ അനുവാദമില്ലാതെ ആരെ പരമാധികാരിയായി തിരഞ്ഞെടുത്താലും കൊല്ലുമെന്ന് നേരത്തെ ട്രംപ് ഭീഷണിയും മുഴക്കിയിരുന്നു. അതേസമയം, ടെഹ്‌റാന് സമീപത്തുള്ള ഇറാന്റെ യുറേനിയം സംഭരണശാല നശിപ്പിക്കാന്‍ യു എസ് സൈന്യത്തെ അയയ്ക്കുവാനുള്ള തീരുമാനത്തില്‍ നിന്നും ട്രംപ് പിന്മാറിയതായി അറിയുന്നു. അത്തരത്തിലൊരു അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് ഇന്നലെ ട്രംപ് അറിയിച്ചത്.