വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യക്കെതിരെ പുതിയ താരിഫ് ചുമത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ അതൃപ്തി അറിയാമായിരുന്നെന്നും, വേഗത്തില്‍ താരിഫ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. 'പ്രധാനമന്ത്രി മോദി വളരെ നല്ല മനുഷ്യനാണ്. നല്ലൊരു വ്യക്തിയാണ്. ഞാന്‍ സന്തോഷവാനായിരുന്നില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷവാനാക്കേണ്ടത് പ്രധാനമായിരുന്നു. അവര്‍ വ്യാപാരം നടത്തുന്നു, നമുക്ക് അതിവേഗം അവര്‍ക്കെതിരെ താരിഫ് ഉയര്‍ത്താന്‍ കഴിയും,'ടംപ് പറഞ്ഞു. റഷ്യക്കെതിരായ ഉപരോധങ്ങള്‍ ഫലപ്രദമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇന്ത്യയുടെ പേരെടുത്തു പറഞ്ഞാണ് താരിഫ് ഭീഷണി മുഴക്കിയത്.

കഴിഞ്ഞ വര്‍ഷം ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം പരസ്പര താരിഫും, റഷ്യന്‍ എണ്ണ വാങ്ങിയതിന് മറ്റൊരു 25 ശതമാനം പിഴയും ചുമത്തി. ഇതോടെ ചില വിഭാഗങ്ങളിലെ മൊത്തം തീരുവ 50 ശതമാനമായി ഉയര്‍ന്നിരുന്നു. ഈ നടപടി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വലിയ ഉലച്ചിലുണ്ടാക്കിയിരുന്നു.

പ്രധാനമന്ത്രി മോദിയുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് മോദി പുതിയ താരിഫ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന താരിഫ് തര്‍ക്കങ്ങള്‍ക്കിടയിലും ഉഭയകക്ഷി വ്യാപാര ബന്ധങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതില്‍ ഇരുനേതാക്കളും പ്രാധാന്യം നല്‍കിയിരുന്നു. ടെലിഫോണ്‍ സംഭാഷണം നടന്ന അതേ ദിവസം തന്നെയാണ്, താരിഫ് പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും ചര്‍ച്ചക്കാര്‍ പുതിയ റൗണ്ട് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും.

ഫോണ്‍ സംഭാഷണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ്, ഇന്ത്യ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ അരി ഇറക്കുമതിയെക്കുറിച്ച് വൈറ്റ് ഹൗസ് റൗണ്ട് ടേബിള്‍ ചര്‍ച്ചയില്‍ ഒരു കര്‍ഷക പ്രതിനിധി പരാതി ഉന്നയിച്ചതിനെത്തുടര്‍ന്ന്, ഇന്ത്യന്‍ അരിക്ക് പുതിയ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റിനോട് ട്രംപ് ചോദിച്ചത് ഇങ്ങനെയായിരുന്നു: ''ഇന്ത്യയെ എന്തുകൊണ്ട് അങ്ങനെ ചെയ്യാന്‍ അനുവദിക്കുന്നു? അവര്‍ താരിഫ് നല്‍കണം. അരിക്ക് അവര്‍ക്ക് ഇളവുണ്ടോ?' ഒരു വ്യാപാര കരാര്‍ നടപ്പിലാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, ട്രംപ് കൂട്ടിച്ചേര്‍ത്തു, 'പക്ഷേ അവര്‍ (ഇന്ത്യ) അങ്ങനെ ചെയ്യരുത്... ഞങ്ങള്‍ അത് പരിഹരിക്കും. താരിഫുകള്‍ രണ്ട് മിനിറ്റിനുള്ളില്‍ പ്രശ്‌നം പരിഹരിക്കും.'

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ താരിഫ് ഭീഷണി. അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഇളവ് നല്‍കണമെന്ന ആവശ്യത്തില്‍ യുഎസ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

ട്രംപിനൊപ്പമുണ്ടായിരുന്ന യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം ഇതിലും കടുത്ത നിര്‍ദ്ദേശമാണ് മുന്നോട്ട് വെച്ചത്. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുടിന്റെ യുദ്ധസമാനമായ നീക്കങ്ങള്‍ക്ക് പണം നല്‍കുന്നത് ഇത്തരം എണ്ണ ഇടപാടുകളാണെന്നാണ് അമേരിക്കയുടെ വാദം.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയ സംഭവത്തിന് പിന്നാലെ ആഗോള രാഷ്ട്രീയ സാഹചര്യം പുകയുന്നതിനിടെയാണ് ഇന്ത്യക്കെതിരായ ട്രംപിന്റെ ഈ നീക്കം. റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യയുടെ നിലപാട് അമേരിക്കയെ നേരത്തെ തന്നെ ചൊടിപ്പിച്ചിരുന്നു.