വാഷിങ്ടന്‍: ഗാസയുടെ പുനര്‍നിര്‍മാണത്തിനും ഭരണത്തിനും മേല്‍നോട്ടം വഹിക്കാനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന സമാധാന സമിതിയില്‍ ഇന്ത്യയ്ക്കും ക്ഷണം. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാക്കിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയ്ക്കും ക്ഷണമെന്ന വാര്‍ത്തകള്‍ എത്തിയത്.

പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നല്‍കുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം അയച്ച രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു. വെടിനിര്‍ത്തലിനു ശേഷം ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ഭാഗമായിട്ട് ജനുവരി 15നാണ് സമാധാന സമിതി രൂപീകരിച്ചത്. ഭാവിയില്‍ രാജ്യാന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനമായും സമാധാന സമിതിയെ മാറ്റാന്‍ ഉദ്ദേശമുണ്ട്.

ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന്‍ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിര്‍ണ്ണായകമായ ഘട്ടമെന്ന് വ്യക്തമാക്കിയായിരുന്നു ഡോണള്‍ഡ് ട്രംപ് നേരത്തെ സമാധാന ബോര്‍ഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. നേരത്തെ, കാനഡ, തുര്‍ക്കി, ഈജിപ്ത്, പരാഗ്വേ, അര്‍ജന്റീന, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഈ സംരംഭത്തിലൂടെ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയെ അടക്കം ക്ഷണിച്ചതിലൂടെ ട്രംപ് ലക്ഷ്യം വെക്കുന്നത് ഗാസപുനര്‍നിര്‍മാണ ഫണ്ടാണ് എന്നും സൂചനകളുണ്ട്.

ഗാസയിലെ സമാധാന ബോര്‍ഡില്‍ അംഗമാകാന്‍ എത്രരാജ്യങ്ങളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നതില്‍ വ്യക്തതയില്ല. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറം യോഗത്തില്‍ ഗാസ സമാധാന ബോര്‍ഡില്‍ ഉള്‍പ്പെടുന്ന അംഗങ്ങളുടെ അന്തിമ പട്ടിക അമേരിക്ക പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

2024 ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗാസയിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് നിര്‍ദ്ദിഷ്ട സമാധാന ബോര്‍ഡ് അമേരിക്ക രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗാസയില്‍ ഒരു പുതിയ പലസ്തീന്‍ കമ്മിറ്റി സ്ഥാപിക്കല്‍, ഒരു അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കല്‍, ഹമാസിന്റെ നിരായുധീകരണം, യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണം എന്നിവയുടെ മേല്‍നോട്ടം വഹിക്കുക എന്നിവയാണ് സമാധാന ബോര്‍ഡിന്റെ ചുമതലകള്‍.

ബോര്‍ഡിന്റെ കാഴ്ചപ്പാട് നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തിയ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നര്‍, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍, ഇസ്രായേലി കോടീശ്വരന്‍ യാകിര്‍ ഗബേ, വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്ന ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

അതേസമയം, ഗാസ സമാധാന ബോര്‍ഡ് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ ഇസ്രയേല്‍ രംഗത്ത് വന്നിട്ടുണ്ട്. ഗാസയിലെ സമാധാന സമിതി അംഗങ്ങളെ തിരഞ്ഞെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു എതിര്‍ത്തിരുന്നു. നിയമനങ്ങള്‍ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ആരോപണം. ഇക്കാര്യത്തിലുള്ള ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെ അറിയിക്കാന്‍ ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.

അതിനിടെ 'ബോര്‍ഡ് ഓഫ് പീസ്' എന്ന സമിതിയിലെ സ്ഥിരാംഗത്വത്തിനായി 100 കോടി ഡോളര്‍ (ഏകദേശം 8,300 കോടി രൂപ) നല്‍കണം എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ നിരക്ക് നിശ്ചയിക്കുന്നതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ്‌വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ പുതിയ സംരംഭത്തിന്റെ 'സ്ഥാപക എക്‌സിക്യൂട്ടീവ് ബോര്‍ഡി'ലേക്ക് ബ്ലെയറെ നിയമിതനായിരുന്നു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തന്റെ 20 ഇന സമഗ്ര പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരു 'പ്രധാന ചുവടുവെപ്പാണ്' ഈ സമിതിയുടെ രൂപീകരണമെന്ന് ട്രംപ് വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു.

അതേസമയം, 'ബോര്‍ഡ് ഓഫ് പീസ്' ഐക്യരാഷ്ട്രസഭയ്ക്ക് (യുഎന്‍) പകരമായി വരുമോ എന്ന തരത്തിലുള്ള ഊഹാപോഹങ്ങളും വിമര്‍ശകര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ബോര്‍ഡ് ഓഫ് പീസിന്റെ കരട് ചാര്‍ട്ടര്‍ അനുസരിച്ച്, ഓരോ അംഗരാജ്യത്തിനും പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് കാലാവധി ലഭിക്കുക. എന്നാല്‍, ആദ്യ വര്‍ഷത്തിനുള്ളില്‍ 100 കോടി ഡോളര്‍ സംഭാവന ചെയ്യുന്ന രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം ലഭിക്കും. ഈ ഫണ്ട് സംഭാവന ചെയ്യേണ്ടത് നിര്‍ബന്ധമില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.

പക്ഷേ, ഇത് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ കാലാവധിക്ക് പകരം സ്ഥിരം അംഗത്വം ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഈ ഫണ്ട് ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ഥിരാംഗത്വത്തിനുള്ള ഈ ഫീസ് ബ്ലെയര്‍ക്ക് അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ വക്താവ് പ്രതികരിച്ചത് ഇങ്ങനെയാണ്: 'അദ്ദേഹം ബോര്‍ഡ് ഓഫ് പീസിലെ അംഗത്വം നിര്‍ണയിക്കുന്നതില്‍ ഉള്‍പ്പെട്ടിട്ടില്ല. യുഎന്‍ അംഗീകരിച്ച ഗാസ സമാധാന പദ്ധതി നടപ്പാക്കുന്നതിനായി, ശമ്പളമില്ലാത്ത ഒരു റോളില്‍ അദ്ദേഹം പ്രവര്‍ത്തിക്കും.'

'സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കാനും, വിശ്വസനീയവും നിയമപരവുമായ ഭരണം പുനഃസ്ഥാപിക്കാനും, ശാശ്വത സമാധാനം ഉറപ്പാക്കാനും ശ്രമിക്കുന്ന ഒരു അന്താരാഷ്ട്ര സംഘടന' ആയിട്ടാണ് ബോര്‍ഡ് ഓഫ് പീസിനെ അതിന്റെ ചാര്‍ട്ടറില്‍ വിശേഷിപ്പിക്കുന്നത്. ട്രംപ് ഈ ബോര്‍ഡിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ഫണ്ടുകള്‍ നിയന്ത്രിക്കുകയും ചെയ്യും. ഈ കരട് ചാര്‍ട്ടറിനെ പല രാജ്യങ്ങളും ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും ബ്ലൂംബെര്‍ഗുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

'ബോര്‍ഡ് ഓഫ് പീസ്' ഐക്യരാഷ്ട്രസഭയ്ക്ക് പകരമാകാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും, എന്നാല്‍ അന്താരാഷ്ട്ര നേതാക്കളെ കൂടുതല്‍ കര്‍മ്മനിരതരാക്കാന്‍ ഇത് പ്രേരിപ്പിക്കുമെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ എപിയോട് വിശദീകരിച്ചു. എങ്കിലും, അന്താരാഷ്ട്ര നേതാക്കള്‍ക്ക് അയച്ച കത്തില്‍ ബോര്‍ഡ് ഓഫ് പീസിനെ 'ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ധീരമായ സമീപനം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെന്ന് രണ്ട് നയതന്ത്രജ്ഞര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. 'ഇതൊരു ട്രംപ് ഐക്യരാഷ്ട്രസഭയാണ്, യുഎന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും ഇത് അവഗണിക്കുന്നു,' ഒരു നയതന്ത്രജ്ഞന്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു.