വാഷിങ്ടണ്‍: പുതിയ അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിജയം ആര്‍ക്കായിരിക്കുമെന്ന പ്രവചനങ്ങളും മുറുകുന്നു. ഇതു വരെ നടത്തിയ സര്‍വ്വേകളില്‍ എല്ലാം തന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. കമലാ ഹാരിസ് വിജയിക്കുമെന്ന് ചിലര്‍ പ്രവചിക്കുമ്പോള്‍ മറ്റ് ചിലര്‍ ട്രംപിന് പ്രസിഡന്‍രിന് ഒരു ഊഴം കൂടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ ക്രെയിഗ് കെഷിഷിയാന്‍ തന്റെ നിഗമനങ്ങളുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 1980 ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റൊണാള്‍ഡ് റീഗനും ജിമ്മി കാര്‍ട്ടറും ഏറ്റുമുട്ടിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് ക്രെയിഗ് ചൂണ്ടിക്കാട്ടുന്നത്. പ്രസിഡന്റ് പദവിയില്‍ രണ്ടാമൂഴം തേടിയിറങ്ങിയ ജിമ്മി കാര്‍ട്ടര്‍ ഏറെ ജനകീയനായ ഭരണാധികാരി ആയിരുന്നു എങ്കിലും വോട്ടെടുപ്പില്‍ അദ്ദേഹം റെയ്ഗനോട് പരാജയപ്പെടുകായിരന്നു.

തെരഞ്ഞെടുപ്പിന് നാല് ദിവസം മുമ്പ് കാര്‍ട്ടര്‍ സര്‍വ്വേകളില്‍ ഒരു ശതമാനം വോട്ടിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. റീഗന്റെ രാഷ്ട്രീയ വിശകലന ടീമില്‍ അന്ന് അംഗമായിരുന്നു ക്രെയിഗ്. നാട്ടുമ്പുറങ്ങളിലും മറ്റും ജീവിക്കുന്ന സാധാരണക്കാരായ നിരവധി പേരുടെ വോട്ടുകളാണ് റീഗന് നിര്‍ണായകമായത് എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വോട്ടര്‍മാരെ നിശബ്ദ ഭൂരിപക്ഷം എന്നാണ് വിളിക്കപ്പെടുന്നത്. ഇതേ ചരിത്രം വീണ്ടും ആവര്‍ത്തിക്കും എന്നാണ് ക്രെയിഗ് പ്രവചിക്കുന്നത്.

ഹെലന്‍ ചുഴിലിക്കാറ്റ് ആഞ്ഞടിച്ച നോര്‍ത്ത് കരോലിനയില്‍ റിപ്പബ്ലിക്കന്‍ പാര്‍്ട്ടിക്ക് ശക്തമായ അടിത്തറയുണ്ട്. കൊടുങ്കാറ്റ് കാരണം ഇവിടെ ഉണ്ടായിരുന്ന പലരും സ്ഥലം വിട്ടു പോയത് കാരണം ട്രംപിന് വോട്ടുകള്‍ പ്രതീക്ഷിച്ചത് പോലെ ലഭിക്കാന്‍ സാധ്യതയില്ല. പെന്‍സില്‍വാനിയയില്‍ ട്രംപ് പിന്നിലായാല്‍ അത് പ്രസിഡന്റ് പദവിയില്‍ ഒരു രണ്ടാമൂഴത്തിനുള്ള അവസരം നഷ്ടമാക്കും എന്നാണ് ക്രെയിഗ് നിരീക്ഷിക്കുന്നത്. അതേ സമയം ഡൊണാള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റ് ആകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് ആഗോള വ്യവസായിയായ ഇലോണ്‍ മസ്‌ക് പറയുന്നത്.

സൗദിയില്‍ നടക്കുന്ന വ്യവസായ ഉച്ചകോടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഈ ആഗ്രഹം പ്രകടിപ്പിച്ചത്. തങ്ങളുടെ ചൊവ്വാ ദൗത്യം വിജയകരമാകാന്‍ ട്രംപിനെ പോലെയുളള ഒരു ഭരണാധികാരിയെയാണ് ആവശ്യമെന്നും മസ്‌ക് വ്യക്തമാക്കി. ട്രംപ് പ്രസിഡന്റ് ആയിരുന്ന കാലത്ത് വിജയകരമായി നിരവധി ബഹിരാകാശ ദൗത്യങ്ങള്‍ നടത്തിയതായിരിക്കാം ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്താന്‍ ഇലോണ്‍ മസ്‌ക്കിനെ പ്രേരിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. ട്രംപിന്റെ പ്രചരണത്തിനായി മസ്‌ക്ക് രംഗത്ത് ഇറങ്ങുന്നത് ഭാവിയില്‍ സ്പേസ്് എക്സിന്റെ വിജയത്തിന് സഹായകരമാകും എന്ന പ്രതീക്ഷയിലായിരിക്കാം എന്നാണ് കരുതപ്പെടുന്നത്.