- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി 2 മണിക്കും ട്രംപ് വിളിക്കും, കാരണം അത് 'റിയല്‍ ഫ്രണ്ട്ഷിപ്പ്'! മോദിയും ട്രംപും യഥാര്‍ഥ സുഹൃത്തുക്കള്‍; അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള പാക്‌സ് സിലിക്ക സഖ്യത്തില്‍ ഇന്ത്യയെ അംഗമാക്കും; മോദി-ട്രംപ് ഭായ് ഭായ് വീണ്ടും; സെര്‍ജിയോ ഗോര്‍ തുറന്നുപറയുന്നു
അടുത്ത വര്‍ഷം യുഎസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചേക്കും
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും. ഡല്‍ഹിയിലെ യുഎസ് ഏംബസിയില്‍ നടത്തിയ പ്രഭാഷണത്തില്‍, നിയുക്ത യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും അവശ്യപങ്കാളിയായി അദ്ദേഹം വിശേഷിപ്പിച്ചു.
മോദിയും ട്രംപും യഥാര്‍ത്ഥ സുഹൃത്തുക്കള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം വെറും വാക്കുകളല്ലെന്നും അത് വളരെ ആഴത്തിലുള്ളതാണെന്നും സെര്‍ജിയോ ഗോര്‍ പറഞ്ഞു.
'യഥാര്‍ത്ഥ സുഹൃത്തുക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അവ പരിഹരിക്കാനും അവര്‍ക്ക് കഴിയും. ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ഈ ബന്ധം ചരിത്രപരമാണ്,' അദ്ദേഹം വ്യക്തമാക്കി.
രാത്രി 2 മണിക്ക് ഫോണ്‍ വിളിക്കുന്ന ട്രംപിന്റെ ശീലത്തെക്കുറിച്ച് തമാശരൂപേണ സംസാരിച്ച അദ്ദേഹം, സമയ വ്യത്യാസം ഉള്ളതിനാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ അത് ഗുണകരമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
'പാക്‌സ് സിലിക്ക' (Pax Silica) സഖ്യത്തില്‍ ഇന്ത്യ
അമേരിക്കയുടെ നേതൃത്വത്തിലുള്ള അതിപ്രധാനമായ 'പാക്‌സ് സിലിക്ക' സഖ്യത്തില്‍ ഇന്ത്യയെ അംഗമാകാന്‍ ക്ഷണിക്കുമെന്നും ഗോര്‍ പറഞ്ഞു. സെമികണ്ടക്ടര്‍ നിര്‍മ്മാണം, നിര്‍മ്മിത ബുദ്ധി (AI), നിര്‍ണ്ണായക ധാതുക്കളുടെ വിതരണം എന്നിവയില്‍ ചൈനീസ് ആധിപത്യം കുറയ്ക്കാന്‍ അമേരിക്ക രൂപീകരിച്ച തന്ത്രപ്രധാന സഖ്യമാണിത്.
'അടുത്ത മാസം പാക് സിലിക്കയില്‍ പൂര്‍ണ അംഗമാകാന്‍ ഇന്ത്യയെ ക്ഷണിക്കുമെന്ന് ഞാന്‍ അറിയിക്കുന്നു'-ഗോര്‍ പറഞ്ഞു. നിലവില്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, യുകെ, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് ഈ സഖ്യത്തിലുള്ളത്.
വ്യാപാര ചര്‍ച്ചകള്‍ നാളെ മുതല്‍
ഇന്ത്യ-യുഎസ് വാണിജ്യ ചര്‍ച്ചകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കുകയാണെന്നും ദക്ഷിണ-മധ്യേഷ്യ പ്രത്യേക പ്രതിനിധി കൂടിയായ ഗോര്‍ പറഞ്ഞു റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതിയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ കരാറിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. ഇന്ത്യയുടെ വലിപ്പം കണക്കിലെടുക്കുമ്പോള്‍ കരാറില്‍ എത്തുക എന്നത് എളുപ്പമല്ലെങ്കിലും, അതിനായി അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ഗോര്‍ അറിയിച്ചു.
2026-നെ 'Year of Reciprocity' (പരസ്പര സഹകരണത്തിന്റെ വര്‍ഷം) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
സുരക്ഷയും സാങ്കേതിക വിദ്യയും
വ്യാപാരത്തിന് പുറമെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനാണ് സെര്‍ജിയോ ഗോറിന്റെ നേതൃത്വത്തിലുള്ള ശ്രമം. ട്രംപിന്റെ വിശ്വസ്തനായ അദ്ദേഹം ഇന്ത്യയിലെത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്ന വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.




