വാഷിങ്ടന്‍: യെമിനിലെ ഹൂതി കേന്ദ്രങ്ങളില്‍ കനത്ത ആക്രമണവുമായി അമേരിക്കന്‍ വ്യോമസേന. വന്‍ ആക്രമണത്തിനു തുടക്കമിട്ടതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് തന്നെയാണ ്അറിയിച്ചത്. ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി. തലസ്ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്.

ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതു പേര്‍ക്കു പരുക്കേറ്റെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണം. അമേരിക്കന്‍ കപ്പലുകള്‍ അടക്കം ആക്രമിച്ചിട്ടുണ്ട്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ അല്ലെങ്കില്‍ വന്‍ തിരിച്ചടിയാണ് ഹൂതികള്‍ക്ക് ഉണ്ടാകുകയെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു.

ട്രംപ് രണ്ടാം തവണ യുഎസ് പ്രസിഡന്റ് ആയ ശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബര്‍ മുതല്‍ കപ്പലുകളെ ലക്ഷ്യമാക്കി 100 ത്തിലധികം ആക്രമണങ്ങള്‍ ഹൂതികള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകള്‍ ഉള്‍പ്പെടെ ആക്രമിക്കുന്നതെന്നാണ് ഹൂതിയുടെ വിശദീകരണം.

യുഎസിനെ ഇറാന്‍ ഭീഷണിപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ഭവിഷ്യത്തുകള്‍ക്ക് ഇറാന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായി ആണവ കരാറിനെക്കുറിച്ചു ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇറാന് മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

ചെങ്കടലിലെ ഹാരി എസ് ട്രൂമാന്‍ വിമാനവാഹിനിക്കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങളാണെന്ന് സനയില്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. യെമനിലുടനീളമുള്ള വലിയ ഓപ്പറേഷന്റെ തുടക്കമാണിതെന്ന് മിഡില്‍ ഈസ്റ്റില്‍ സൈനിക മേല്‍നോട്ടം വഹിക്കുന്ന യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.

ഹൂതി ശക്തികേന്ദ്രത്തിലെ ഒരു കെട്ടിടത്തിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് സനയില്‍ നിന്നുള്ളവര്‍ പറഞ്ഞു. പ്രദേശത്തെ വിറപ്പിക്കുന്ന തരത്തില്‍, ഒരു ഭൂകമ്പത്തിന് തുല്യമായ സ്‌ഫോടനമാണ് ഉണ്ടായതെന്ന് പ്രദേശവാസിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ ആക്രമണമെന്നത് ശ്രദ്ധേയമാണ്. ജനുവരിയില്‍ ട്രംപ് അധികാരമേറ്റതിനുശേഷം മധ്യപൂര്‍വദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.

ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സായുധ സംഘമായ ഹൂതികള്‍ ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ ലക്ഷ്യമാക്കി ആക്രമണം ആരംഭിച്ചത്. 2023 നവംബര്‍ മുതല്‍ കപ്പലുകള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നൂറിലധികം ആക്രമണം നടത്തി. ഇതോടെ മേഖലയിലൂടെയുള്ള വ്യാപാരം പല രാജ്യങ്ങളും നിര്‍ത്തിവച്ചിരുന്നു.

ഗസ്സയിലേക്ക് ട്രക്കുകള്‍ തടഞ്ഞ ഇസ്രായേലിനെതിരെ കപ്പലാക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. നാല് ദിവസത്തിനകം ഭക്ഷ്യ, മരുന്ന് ട്രക്കുകള്‍ ഗസ്സയിലേക്ക് പ്രവേശിപ്പിച്ചില്ലെങ്കില്‍ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. നാല് ദിനം കഴിഞ്ഞതോടെ യമന്‍ തീരം വഴി സര്‍വീസ് നടത്തുന്ന ഷിപ്പിങ് ലൈനുകളെല്ലാം ആശങ്കയിലാണ്.

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 2 മുതല്‍ ഗസ്സക്കാരെ പട്ടിണിക്കിട്ടിരിക്കുകയാണ് ഇസ്രായേല്‍. പുറമെ നിന്നുള്ള ഭക്ഷ്യ സഹായ ട്രക്കുകളെ ഗസ്സയിലേക്ക് വിടുന്നില്ല. ഇത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഇസ്രായേലിലേക്ക് പോകുന്ന കപ്പല്‍ ആക്രമിക്കുമെന്നുമാണ് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്. മുന്നറിയിപ്പ് സമയം കഴിഞ്ഞതോടെ ഹൂതികള്‍ ആക്രമണം നടത്തിയേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2023 നവംബര്‍ മുതല്‍ ഗസ്സക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതികള്‍ നൂറിലേറെ ആക്രമണം കപ്പലുകള്‍ക്ക് നേരെ നടത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം കടലില്‍ മുക്കി. മറ്റൊന്നിലെ ആക്രമണത്തില്‍ കപ്പല്‍ പിടിച്ചെടുത്ത് നാല് പേരെ വധിച്ചു. അന്ന് മുതല്‍ സ്തംഭിച്ച ഏദന്‍ കടലിടുക്ക് വഴി ബാബ് അല്‍ മന്ദബ് വഴി പ്രവേശിച്ച് സൂയസ് കനാല്‍ വഴി യൂറോപ്പിലേക്ക് പോകുന്ന പാത ഇതുവരെ പഴയ പടി ആയിട്ടില്ല. കപ്പലുകള്‍ ഈ റൂട്ട് ഒഴിവാക്കി ആഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് വഴി ദിവസങ്ങള്‍ അധികം യാത്ര ചെയ്താണ് സഞ്ചരിച്ചത്.

ജിദ്ദ പരമാവധി ഒഴിവാക്കി കിഴക്കന്‍ പ്രവിശ്യ വഴിയാണ് സൗദി അന്ന് ഷിപ്പിങ് ലൈനുകള്‍ പ്രവര്‍ത്തിപ്പിച്ചത്. വന്‍ വിലയേറ്റം ഇത് സൃഷ്ടിച്ചിരുന്നു. വെടിനിര്‍ത്തല്‍ വന്നതോടെ ചില ഷിപ്പിങ് ലൈനുകള്‍ വീണ്ടും സൂയസ് കനാല്‍ വഴി യാത്ര തിരിച്ചു. ഹൂതികളുടെ പുതിയ പ്രഖ്യാപനത്തോടെ ഇവര്‍ വീണ്ടും ആശങ്കയിലാണ്. ജിസിസി രാജ്യങ്ങളേയും ഇത് ബാധിക്കും.